അക്രമം നിരാകരിക്കാനും അനുരഞ്ജനത്തിനായുള്ള ദൈവികപാതകള്‍ കണ്ടെത്താനും സഭ ലോകത്തെ സഹായിക്കണമെന്നുമുള്ള പാപ്പയുടെ ആഹ്വാനത്തോടെ വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ദേശങ്ങള്‍ക്കും ദൈവം സമാധാനമാണ് കാംക്ഷിക്കുന്നതെന്നും കണ്‍സിസ്റ്ററിക്ക് നല്‍കിയ സമാപന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിൻ്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്.
യുദ്ധങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യൻ്റെ ഉള്ളിലാണെന്നും, എന്നാല്‍ അതിനെ മറികടക്കാനുള്ള സമാധാനത്തിൻ്റെ തീരുമാനം എടുക്കേണ്ടതും മനുഷ്യൻ്റെ ഹൃദയത്തില്‍ തന്നെയാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. ഇന്നത്തെ ലോകത്ത് യുവാക്കള്‍ നേരിടുന്ന ഏകാന്തതയും ജീവിതത്തിൻ്റെ അര്‍ത്ഥം കണ്ടെത്താനാകാത്ത അവസ്ഥയും അവരെ ആത്മഹത്യ പോലുള്ള തീവ്രമായ തീരുമാനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന കര്‍ദിനാള്‍മാരുടെ നിരീക്ഷണം തന്നെ സ്പര്‍ശിച്ചതായി പാപ്പ പറഞ്ഞു. ഈ പ്രതിസന്ധികള്‍ക്കിടയിലും യഥാര്‍ത്ഥ ബന്ധങ്ങള്‍ക്കും ആധികാരികതയ്ക്കും വേണ്ടിയുള്ള അവരുടെ അന്വേഷണത്തില്‍ പരിശുദ്ധാത്മാവ് അവരെ സഹായിക്കുന്നുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി.




.jpeg)





Comments