Foto

ഇന്നത്തെ വിശുദ്ധന്‍

വി.ജോണ്‍
 

1419ല്‍ സ്പെയിനിലെ ഫഗോണ്ടസിലാണ് വി.ജോണ്‍ ജനിച്ചത്.1463-ല്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ പ്രവേശിച്ചു. ഈ കാലഘട്ടത്തിലാണ് വി.ജോണ്‍ സലിന്മങ്കയില്‍ നാലുകൊല്ലം ദൈവശാസ്ത്രം പഠിച്ചത്. അതിനുശേഷം കുറേനാള്‍ വലിയ തീക്ഷ്ണതയോടെ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. പ്രാര്‍ത്ഥനയിലും പുണ്യത്തിലും അനുദിനം വളര്‍ന്ന ജോണ്‍ ഏവര്‍ക്കും മാതൃകയായി ജീവിച്ചു. അധികം താമസിയാതെ തന്നെ അദ്ദേഹം നോവിഷ്യേറ്റ് ഗുരുവായി നിയമിതനായി. വിശുദ്ധ ജോണിന് വിശുദ്ധ കുര്‍ബാനയോടുള്ള അപാരമായ ഭക്തി വളരെ പ്രസിദ്ധമാണ്. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുവരെ വി. ജോണ്‍ ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചിരുന്നു. പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പലപ്പോഴും മിശിഹായെ, അവിടുത്തെ മഹിമാപ്രതാപത്തോടു കൂടി ദര്‍ശിക്കുകയും അവിടുത്തോട് സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.വിശുദ്ധന്റെ പ്രസംഗങ്ങള്‍ അനേകരെ സ്വാധീനിക്കുകയും മാനസാന്തരത്തിലേയ്ക്കു നയിക്കുകയും ചെയ്തു. വഴക്കുകളും കലഹങ്ങളും പരിഹരിച്ച് സമാധാനം സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേകവരം ദൈവത്തില്‍ നിന്ന് ലഭിച്ചിരുന്നു. ജോണിന്റെ ഇത്തരം ശ്രമങ്ങള്‍ അദ്ദേഹത്തെ പലരുടെയും ശത്രുവാക്കി മാറ്റി.1479 ജൂണ്‍ 11-ാം തീയതി വി. ജോണ്‍ ഇഹലോകവാസം വെടിഞ്ഞു.

Comments

leave a reply