Foto

ക്രൈസ്തവ ധ്വംസനം തുടർക്കഥ ആകുമ്പോൾ

ക്രൈസ്തവ ധ്വംസനം തുടർക്കഥ ആകുമ്പോൾ

മദ്ധ്യപ്രദേശിൽ സംഘപരിവാർ അനുയായികൾ നിയന്ത്രിക്കുന്ന ഒരു യുട്യൂബ് ചാനലുണ്ട്; പേര് ''ആയുധ്.'' മതന്യൂനപക്ഷങ്ങൾക്കും, ആദിവാസി ദലിത് ഗോത്രവർഗ്ഗങ്ങൾക്കും, ഒപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾക്കും അതിന്റെ നേതാക്കൾക്കുമെതിരേ സത്യവുമായി പുലബന്ധമില്ലാത്ത, നട്ടാൽ കുരുക്കാത്ത പെരുംനുണകൾ പടച്ചുവിടുന്നതിൽ ഒന്നാം സ്ഥാനത്തിനായി നിരന്തരം മത്സരിച്ചുകൊണ്ടിരിക്കുന്ന ഒരു നവമാധ്യമമാണ് ആയുധ്.  2021 നവംബർ മാസത്തിൽ ഈ ചാനലിൽ ഒരു കമന്ററിയോടൊപ്പം ഒരു വിഷ്വൽ പ്രത്യക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിൽ ഗഞ്ച്ബസോദ ഗ്രാമത്തിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ഹിന്ദു കുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു വാർത്തയും ചിത്രീകരണവും. ഈ വാർത്തയുടെയും ദൃശ്യത്തിന്റെയും ശ്രവണമാത്രയിൽ വിദിഷ ജില്ലയിലെമ്പാടും ഹിന്ദുത്വ ശക്തികൾ പ്രതിഷേധവുമായി  തെരുവിലിറങ്ങി. പ്രധാനമായും ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളുമായിരുന്നു അവരുടെ ലക്ഷ്യം.  സോഷ്യൽ മീഡിയയിലും ഏതാനും ചില അച്ചടിദൃശ്യമാധ്യമങ്ങളും കേട്ടതു പാതി, കേൾക്കാത്തതു പാതി, സത്യമെന്തെന്നു അന്വേഷിക്കാതെ ഈ അബദ്ധവാർത്തയ്ക്ക് പ്രചാരണം നൽകി.  2021 ഡിസംബർ ആറാം തീയതി, ഏകദേശം നാനൂറോളം വരുന്ന സംഘപരിവാർ അനുയായികൾ, അന്യായമായി സംഘം ചേർന്ന്, കൈയിൽ മാരകായുധങ്ങളുമായി കൊലവിളിയുയർത്തി, സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ അകത്ത് പ്രവേശിച്ച്, കണ്ണിൽ കണ്ടതെല്ലാം അടിച്ചുടച്ച്, പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥീ വിദ്യാർത്ഥിനികളെയും മേൽനോട്ടം വഹിച്ചിരുന്ന അദ്ധ്യാപക-അനദ്ധ്യാപകരെയും ആക്രമിച്ചു പരുക്കേല്പിച്ചു.
അക്രമികളെ കണ്ട് പ്രാണരക്ഷാർത്ഥം ഓടിയൊളിച്ചതിന്റെ പേരിൽ ജീവഹാനി സംഭവിക്കാതെ രക്ഷപ്പെട്ടു.
ഡിസംബർ 5-ന് തന്നെ ബജ്‌റംഗ്ദൾ, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകൾ ആക്രമണത്തിന് കരുക്കൾ നീക്കുന്ന വിവരം അറിഞ്ഞ സ്‌കൂൾ മാനേജ്‌മെന്റ്, ലോക്കൽ പോലീസ് ഇൻസ്‌പെക്ടർ സുമി ദേശായിയെ സമീപിച്ച് ഈ ആക്രമണവിവരം ധരിപ്പിച്ചു.  സ്‌കൂളിലെ ചുമതലക്കാരൻ ങങആ മിഷണറി ബ്രദേഴ്‌സും ടഏഇ സിസ്റ്റേഴ്‌സും ജില്ലാ മജിസ്‌ട്രേറ്റിനെയും, പോലീസ് സൂപ്രണ്ടിനെയും നേരിൽ കണ്ട് പരാതി നല്കുകയും, പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു.  ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ വാക്കാൽ സംരക്ഷണം ഉറപ്പു നല്കുകയും ചെയ്തു.  6-ന് ഉച്ചയോടുകൂടി സായുധരായ അക്രമികൾ കൂട്ടമായി വന്നപ്പോൾ, സ്‌കൂൾ അധികാരികൾ പോലീസിനെ ഫോണിൽ ബന്ധപ്പെട്ട് സംരക്ഷണം ഉറപ്പാക്കുവാൻ ശ്രമിച്ചു.  എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ. ടൗൺ ഇൻസ്‌പെക്ടർ സുമിദേശായി, ഫോൺ എടുക്കുവാൻ പോലും തയ്യാറായില്ല. പിന്നെ അവിടെ നടന്നത് അക്ഷരാർത്ഥത്തിൽ  ഒരു സംഹാരതാണ്ഡവം ആയിരുന്നു. പതിനാറു വിദ്യാർത്ഥികൾ, സി.ബി.എസ്.ഇ.യുടെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.  പരീക്ഷാഹാളിൽ നിന്നും പേനയും പേപ്പറും ഉപേക്ഷിച്ച് ജീവനും കൈയിലെടുത്ത് വിദ്യാർത്ഥികളും നാല്പതോളം അദ്ധ്യാപകരും പലായനം ചെയ്യുകയായിരുന്നു. കുട്ടികൾക്ക് സെൻട്രൽ ബോർഡിന്റെ പരീക്ഷ എഴുതുവാൻ സാധിക്കാതെ, അവരുടെ ഭാവി തുലാസിൽ തൂങ്ങുന്ന ദയനീയാവസ്ഥ സംജാതമായിരിക്കുന്നു.
അക്രമികൾ മണിക്കൂറുകൾ നീണ്ടുനിന്ന തച്ചുടയ്ക്കൽ പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ പതിനഞ്ചോളം വരുന്ന പോലീസ് സേന രംഗത്തു വന്നു. സ്‌കൂളിന്റെ വസ്തുക്കൾക്ക് ഇതിനകം ഏകദേശം ഇരുപതുലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുവാൻ അക്രമികൾക്കു അവസരം ലഭിച്ചു. തൊട്ടടുത്ത ദിവസം ബി.ജെ.പി. എം.എൽ.എ. ലീനാ ജയിനിന്റെ മകളുടെ വിവാഹത്തിന്, പ്രദേശത്തുവന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയെ കണ്ട് സ്‌കൂൾ പ്രിൻസിപ്പലും, മറ്റ് അധികാരികളും, പരാതി സമർപ്പിച്ചെങ്കിലും കാര്യമായ യാതൊരു നടപടിയും ഇതിന്റെ പേരിൽ ഉണ്ടായില്ലെന്ന ഖേദകരമായ വസ്തുതയും രേഖപ്പെടുത്തട്ടെ.
സമൂഹമാധ്യമങ്ങൾ വഴി യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വ്യാജപ്രചരണങ്ങൾ ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ ഇന്ത്യയിലാകെ നിലനില്ക്കുന്നു. അതിന്റെ ഒരു ചെറുതരിയാണ് വിദിഷാ സംഭവവും. എന്താണ് ഈ സംഭവത്തിന്റെ യഥാർത്ഥ വസ്തുത?  അതൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
ഈ അനിഷ്ടസംഭവത്തിന് ഏതാനും മാസങ്ങൾക്കു മുമ്പ്, സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നിന്നും വളരെയകലെ ഒരു ദേവാലയത്തിൽ കത്തോലിക്കാ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുകയുണ്ടായി.  എട്ടു കുട്ടികളാണ്, ആദ്യമായി കുർബാന സ്വീകരിച്ചത്. കുട്ടികളുടെ ബന്ധുക്കളും, സുഹൃത്തുക്കളും വീഡിയോയിലും, മൊബൈൽ ഫോണിലും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യമാണ് ആയുധ് യൂ ട്യൂബ് ചാനലുകാർ, മാസങ്ങൾക്കുശേഷം സ്‌കൂളിൽ മതപരിവർത്തനം നടത്തുന്നു എന്ന വ്യാജവാർത്തയോടൊപ്പം വ്യാപകമായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യഥാർത്ഥ വസ്തുത ഇതായിരിക്കേ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ, സംഘപരിവാർ ശക്തികൾ ഗൂഢമായി ആസൂത്രണം ചെയ്ത് പ്രാവർത്തികമാക്കിയ അനിഷ്ട സംഭവങ്ങളാണ് ഡിസംബർ 6-ാം തീയതി അരങ്ങേറിയത്.
മദ്ധ്യപ്രദേശിലെ വിദിഷാ ജില്ലയുടെ ആസ്ഥാനത്ത് നിന്ന് അൻപത് കിലോമീറ്റർ അകലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് സ്‌കൂൾ. നിരക്ഷരരായ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പാവപ്പെട്ട ഗ്രാമീണരുടെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണിത്.  മിക്ക കുട്ടികൾക്കും തികച്ചും സൗജന്യമായാണ് ഇവിടെ വിദ്യാഭ്യാസം നല്കുന്നത്.  ചേരികളിൽ, തികച്ചും ശോചനീയമായ സാഹചര്യത്തിൽ ജീവിക്കുന്ന പിന്നാക്കത്തിൽ പിന്നാക്ക വിഭാഗമായ കുടുംബങ്ങളിലെ കുട്ടികൾക്ക് കോൺവെന്റ് വിദ്യാഭ്യാസം നൽകി, ചണ്ഡാല സന്തതികൾക്ക് അക്ഷരദേവതയെ ഉപാസിച്ച്, മേലാളനോടൊപ്പം ചാരുകസാലയിൽ ആസനസ്ഥനായി, ഭരണപ്രക്രിയയിൽ പങ്കുകാരാകാൻ അവസരം ഒരുക്കുന്നതിൽ, സവർണ്ണസമ്പന്ന വരേണ്യവിഭാഗത്തിലെ പ്രമാണികൾക്കും ഉദ്യോഗസ്ഥ ഭരണ മേധാവികൾക്കും നാളുകളായി ഉള്ളിൽ ഉറഞ്ഞു കൂടിക്കിടന്ന അസ്വസ്ഥതയാണ് ഈ ആക്രമണത്തിന് പ്രധാന കാരണമെന്നുള്ളത്  മറ്റൊരു അപ്രിയസത്യം. ഇതിനെതിരേ പ്രതികരിക്കാൻ ആക്രമണവിധേയരായ കുട്ടികളുടെ മാതാപിതാക്കൾക്ക് കഴിയില്ലായെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം.  കാരണം, അവർ അസംഘടിതരും, അധികാരസ്ഥാനങ്ങളിൽ സ്വാധീനമില്ലാത്തവരും ആണെന്നുള്ളതു തന്നെ.  ഇതിപ്പോൾ മദ്ധ്യപ്രദേശിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ലായെന്നുള്ള സത്യം നാമൊക്കെ മനസ്സിലാക്കിയിരിക്കേണ്ടതാണ്. മനുഷ്യാവകാശ സംരക്ഷണസമിതിയുടെ അന്വേഷണത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി,ഉത്തരാഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിൽ 2021-ൽ 273 ദിവസങ്ങളിലായി ഏകദേശം 305 അക്രമസംഭവങ്ങൾ ക്രൈസ്തവർക്ക് എതിരായി മാത്രം നടന്നിരിക്കുന്നു.
ഇന്ത്യയുടെ പ്രതിരോധ സേനയിൽ ധീരരായ ഒട്ടേറെ പോരാളികളെ നല്കുന്ന ഒരു സ്ഥലമാണ് പഞ്ചാബ്. ഇന്ത്യാക്കാരന്റെ ഭക്ഷണാവശ്യത്തിനുള്ള അരിയും ഗോതമ്പും ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പ്രസ്തുത പഞ്ചാബിലെ ഒരു മതതീവ്രവാദ വിഭാഗമാണ് നിഹാംഗുകൾ. ഇന്നും പഞ്ചാബിന്റെ ഗ്രാമപ്രദേശങ്ങളിൽ പുരാതന സിക്കു സംസ്‌കാരവും ആചാരങ്ങളും അണുവിട തെറ്റാതെ തുടർന്നുവരുന്ന ഇവർ സന്ത് ഭിന്ദ്രൻവാലയുടെ കടുത്ത ആരാധകരാണ്. നീളത്തിലുള്ള തലപ്പാവ് ധരിച്ച്, കൈയിൽ വാളും കുന്തവും കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്ന ഇരുമ്പുചങ്ങലകളുമായി കുതിരപ്പുറത്ത് ശരവേഗത്തിൽ പാഞ്ഞുപോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. സംഘപരിവാർ കൂട്ടത്തിലെ ആർ.എസ്.എസ്.കാർ ഭയഭക്തി ബഹുമാനത്തോടെ മാത്രമേ ഇവരോട് ഇടപഴകാറുള്ളൂ. ഇന്ദ്രപ്രസ്ഥത്തിൽ ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിന്ന കർഷകപ്രക്ഷോഭത്തിൽ  പങ്കെടുത്ത ഒരു ദലിത് സിക്ക് കർഷകനെ, ഗുരുഗ്രന്ഥസാഹിബിൽ തൊട്ട് അശുദ്ധമാക്കി എന്ന കുറ്റമാരോപിച്ച് പട്ടാപ്പകൽ നിരത്തിൽ വച്ച് വെട്ടിക്കൊന്ന്  2021 നവംബർ മാസത്തിൽ മാധ്യമങ്ങളിൽ  നിറഞ്ഞു നിന്ന വിഭാഗമാണ് നിഹാംഗുകൾ. ഈ തീവ്രവാദപ്രസ്ഥാനത്തെ പഞ്ചാബിലെ ജനസംഖ്യയിൽ തികച്ചും അംഗുലിപരിമിതമായ ക്രൈസ്തവ സമൂഹത്തിന് എതിരായി തിരിച്ചുവിടാൻ ആസൂത്രിത നീക്കം അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഉത്തരവാദിത്വപ്പെട്ട ചില നേതാക്കൾ, തെറ്റിദ്ധരിക്കപ്പെട്ട ചില പ്രസ്താവനകൾ ക്രൈസ്തവർക്ക് എതിരായി പുറപ്പെടുവിച്ചിരിക്കുന്നു.
മദ്ധ്യപ്രദേശിൽ ഒക്‌ടോബർ 15-ന് വിശ്വഹിന്ദു പരിക്ഷത്തിന്റേതായി വന്ന പ്രസ്താവനയും ഇതുമായി ചേർത്തു വായിക്കേണ്ടതാണ്. സത്‌ന ജില്ലയിലെ ക്രിസ്തു ജ്യോതി സീനിയർ സെക്കൻഡറി സ്‌കൂളിന്റെ അങ്കണത്തിൽ ഹിന്ദു മിത്തോളജിയിലെ വിദ്യയുടെ പ്രതീകമായ സരസ്വതീ ദേവിയുടെ പ്രതിമ സ്ഥാപിക്കണമെന്ന തീട്ടുരം  സംഘപരിവാർ ശക്തികൾ നല്കിയിരിക്കുന്നു. ബി.ജെ.പി.എം.എൽ.എ. രാമേശ്വർ ശർമ്മ തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് മതന്യൂനപക്ഷങ്ങൾക്ക് എതിരായി നല്കിയിരിക്കുന്നത്.
ഉത്തരേന്ത്യയിൽ വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്രൈസ്തവനിഗ്രഹം, നാമൊക്കെ സുരക്ഷിതമെന്ന് ധരിച്ചു വച്ചിരിക്കുന്ന തെക്കേ ഇന്ത്യയിലേക്കും മെല്ലെയെങ്കിലും പടർന്നു കൊണ്ടിരിക്കുന്നു. ബി.ജെ.പി. ഭരിക്കുന്ന കർണ്ണാടകത്തിൽ സ്ഥിതിഗതികൾ അതിരൂക്ഷമാണെന്നു പറയേണ്ടിയിരിക്കുന്നു. ബൈബിൾ ഉൾപ്പെടെയുള്ള ക്രൈസ്തവപുസ്തകങ്ങൾ കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ച് ആഹ്ലാദനൃത്തം ചവിട്ടുന്ന ഒരു പറ്റം ആളുകളുടെ ക്രൂരകൃത്യം നാമൊക്കെ ഡിസംബർ രണ്ടാം വാരത്തിൽ ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്.  ജി.ശേഖർ എന്ന ബി.ജെ.പി. എം.എൽ.എ. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന പ്രസ്താവനകളാണ് നിരന്തരം പുറപ്പെടുവിക്കുന്നത്. ഇതിന്റെ അലയടികൾ ക്രമേണ മറ്റു സമാധാന ഇടങ്ങളിലേക്കും വ്യാപിക്കും എന്നതാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.  വളരെ ആസൂത്രിതമായി അണിയറയിൽ പരുവപ്പെടുത്തി, നടപ്പിലാക്കുന്ന ഒരു ഹിഡൻ അജണ്ടയുടെ ഭാഗമാണിതെന്ന് പറയേണ്ടിവരുന്നു. അടിച്ചമർത്തപ്പെട്ടവന്റെയും, ആലംബഹീനന്റെയും, അരികുവൽക്കരിക്കപ്പെട്ടവന്റെയും, ശോചനീയമായ സാമൂഹ്യ അവസ്ഥയ്ക്ക് തെല്ലെങ്കിലും ശമനം കാണുവാൻ, സേവന ശുശ്രൂഷകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സന്ന്യസ്തരെയും അഭിഷിക്തരെയും മിഷണറി സഹോദരങ്ങളെയും പിന്തിരിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന്റെ പിന്നിൽ. വിദ്യ അഭ്യസിച്ച് കീഴാളൻ ബോധവാനായി, മേലാളനു വിനയായി ഭവിക്കുമെന്ന മിഥ്യാധാരണയിൽ നിന്ന് ഉടലെടുത്തതാണ് ഈ പ്രതിരോധവും ആക്രമണവും. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ വ്യാജവാർത്തകളും സംഭവങ്ങളും സൃഷ്ടിച്ചെടുക്കന്ന നുണഫാക്ടറികൾ ഇന്ത്യയിൽ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾക്ക് വിധേയമാകാതെ, സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം വാർത്തകളിൽ സാധാരണക്കാരായ സമാധാനകാംക്ഷികളായ പൊതുജനം പലപ്പോഴും അകപ്പെട്ടു പോകുന്ന ദയനീയ കാഴ്ചയും ഇവിടെ സംജാതമാകുന്നു. വിദേശ ക്രൈസ്തവ ഭൂരിപക്ഷരാജ്യങ്ങൾ, ഇസ്ലാമിക ഭീകരരുടെ തോക്കിനും, ബോംബിനും, വാളിനും മുമ്പിൽ പകച്ചു നില്ക്കുമ്പോൾ, നാം സംരക്ഷിതരെന്നു ഇതുവരെ വിശ്വസിച്ചു വന്നിരുന്ന ഇന്ത്യയിലെ ചുരുക്കമെങ്കിലും, യഥാർത്ഥമായ ചില സംഭവവികാസങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു.
വ്യാജവാർത്തകളും, സന്ദേശങ്ങളും ദൃശ്യങ്ങളും സൃഷ്ടിച്ച്, ഇന്ത്യയുടെ ആഭ്യന്തര സമാധാനവും, ജാതിമതഐക്യബോധവും തകർക്കുവാൻ കുത്സിത ബുദ്ധികൾ കരുപ്പിടിപ്പിക്കുന്ന ജല്പനങ്ങളിൽ പൊതുസമൂഹം വഴുതിവീഴാതിരിക്കുവാൻ ജാഗരൂകരായിരിക്കണം. ഖനികളിലെ ജോലി കഴിഞ്ഞ് ട്രക്കുകളിൽ ആടിയും പാടിയും ഭക്ഷണം കഴിച്ചും പോവുകയായിരുന്ന നാഗാലാന്റിലെ പാവം തൊഴിലാളികളെ ഭീകരപ്രവർത്തകരെന്ന വ്യാജസന്ദേശം പട്ടാളത്തിനു കൈമാറി, അതുവഴി പട്ടാളം അവരെ വെടിവച്ചു കൊന്നവാർത്തയും 2021 ഡിസംബർ ആദ്യവാരം നാം കാണുകയും കേൾക്കുകയും ചെയ്തു. നാഗാലാന്റിൽ മരിച്ചുവീണ ഖനിത്തൊഴിലാളികൾ എല്ലാം തന്നെ ക്രൈസ്തവരായിരുന്നുവെന്നുള്ള യാഥാർത്ഥ്യം, മുഖ്യധാരാ മാധ്യമങ്ങൾ മന:പൂർവ്വം മറച്ചുവയ്ക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും പട്ടാളമേധാവികളും ഈ ക്രൂരക്യത്യത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയും കുറ്റക്കാരായ പട്ടാളക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് ശിക്ഷണ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യുമെന്നുള്ള ഉറപ്പ് ശുഭോദർക്കമാണ്. എങ്കിലും പിതാവിനെ നഷ്ടപ്പെട്ട, സഹോദരനെ നഷ്ടപ്പെട്ട, ഭർത്താവിനെ നഷ്ടപ്പെട്ട ഗ്രാമീണരുടെ ദീനരോദനം നാഗാലാന്റിലെ മണ്ണിൽ  ലയിച്ചു ചേരാതെ ദയനീയമായി ഇപ്പോഴും അലയടിച്ചു കൊണ്ടിരിക്കുന്നത് നാം കാണാതെ പോകരുത്.
2022 പുതുവർഷത്തിൽ, പോയ വർഷത്തെ പ്രളയവും മഹാമാരിയും അനിഷ്ടസംഭവങ്ങളും, ഇനിയും ആവർത്തിക്കാതിരിക്കട്ടെയെന്ന് ആശംസിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. എല്ലാ ഇന്ത്യക്കാരും ഏകോദരസോദരങ്ങളെപ്പോലെ ജാതിമതവർഗ്ഗ വർണ്ണ ഭാഷാദേശമെന്യേ ഒന്നായി ജീവിക്കുവാനുള്ള മധുരമനോജ്ഞ ഭൂമിക ഇവിടെ സംജാതമാകാൻ ആഗ്രഹിച്ചുകൊണ്ട് നിറുത്തട്ടെ. ജയ്ഹിന്ദ്!!!!
ഓം തമസോമാ
ജ്യോതിർഗമയ
അസതോമാ സത്ഗമയാ
മൃത്യോർമാ അമൃതം ഗമയ
ഓം ശാന്തി! ശാന്തി!! ശാന്തി!!!


മാർഷൽ ഫ്രാങ്ക്

 

 

video courtesy : France 24 News

Foto

Comments

leave a reply

Related News