കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികളുമായി ഇടുക്കി സിഎംസി സന്യാസിനിസമൂഹം
ഇടുക്കി: നാലു കുട്ടികളിൽ അധികമുള്ള കുടുംബങ്ങൾക്ക് വലിയ സഹായവുമായി സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിലെ സന്യാസിനിമാർ. ഇതനുസരിച്ച് ഈ വർഷം തന്നെ വലിയ കുടുംബങ്ങളിലെ 450 കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം നൽകി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആറു വർഷങ്ങളിൽ 104 കുട്ടികൾക്ക് 25,000 രൂപ വീതം പഠന സ്കോളർഷിപ്പും നൽകിയിരിക്കുന്നു. വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്ന നൂറിലധികം സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം പ്രസവ സഹായം നൽകി . നാലു കുട്ടികളും അതിൽ കൂടുതലും ഉള്ളവർക്ക് സിഎംസി സന്യാസ സമൂഹത്തിൻറെ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളുകളിൽ പരിപൂർണ്ണ സൗജന്യ പഠനം ഏർപ്പെടുത്തുന്നു. ഇടുക്കിയിലുള്ള 450 വലിയ കുടുംബങ്ങൾക്ക് സംഘങ്ങൾ രൂപീകരിച്ച് സ്വയം തൊഴിലിനായി മുപ്പതിനായിരം രൂപ വീതം പലിശരഹിത വായ്പ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ആണെന്ന് ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനി പോൾ സാമൂഹ്യസേവന വിഭാഗം കോഡിനേറ്റർ സിസ്റ്റർ ചൈതന്യ എന്നിവർ അറിയിച്ചു.

Comments