ശശി തരൂരിന് കൈവിട്ടുപോയ ഉന്നത നയതന്ത്രജ്ഞ പദവിയിലെത്താനുള്ള യത്നത്തിന് യുഎന്നിലെ ഉയർന്ന ഉദ്യോഗസ്ഥയായ 34 കാരി തുടക്കമിട്ടു.
യു. എൻ സെക്രട്ടറി ജനറൽ ആകാനുള്ള മൽസരത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ അറോറ അകാങ്ഷ. 2006 ൽ ബാൻകി മൂണിനോട് ഏറ്റുമുട്ടി ശശി തരൂരിന് കൈവിട്ടുപോയ ലോകത്തെ ഉന്നത നയതന്ത്രജ്ഞ പദവിയിലെത്താനാണ് യുഎന്നിലെ ഉയർന്ന ഉദ്യോഗസ്ഥയായ ഈ 34 കാരിയുടെ നീക്കം. അറോറ അകാങ്ഷയുടെ ലക്ഷ്യം നിറവേറുന്ന പക്ഷം, മുക്കാൽ നൂറ്റാണ്ടു കാലത്തെ യു എൻ ചരിത്രത്തിലെ ആദ്യ വനിതാ സാരഥിയാകും അവർ.
ഇത്തവണ യു.എൻ മേധാവി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് ഹോണ്ടൂറാസ് അംബാസഡർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചിരുന്നു.സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് വോൾക്കൺ ബോസ്‌കിറിന്റെ വക്താവ് ബ്രണ്ടൻ വർമ്മ പറഞ്ഞു.
2022 ജനുവരി നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടാമതും അടുത്ത അഞ്ച് വർഷത്തെ കാലാവധി തേടാനിരിക്കുകയാണ് നിലവിലെ യു. എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ (യുഎൻഡിപി) ഓഡിറ്റ് കോർഡിനേറ്ററായി ജോലി ചെയ്യുന്ന അറോറ മുൻ യു. എൻ സെക്രട്ടറി ജനറൽമാർ ചുമതല നിറവേറ്റുന്നതിൽ പരാജിതരായവരാണെന്ന ആരോപണവുമായാണ് രണ്ടര മിനിറ്റ് പ്രചാരണ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.നേരത്തെ യു.എൻ അഭയാർഥി വിഭാഗത്തിന്റെ അധ്യക്ഷനായി മികച്ച രീതിയിൽ സേവനമുഷ്ഠിച്ച ഗുട്ടെറസിന് സിറിയ, യെമൻ ഉൾപ്പെടെയുള്ള തർക്ക വിഷയങ്ങൾ പരിഹരിക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡുകളില്ലെന്നും വിമർശനമുണ്ട്.
'75 വർഷമായി, യുഎൻ ലോകത്തോടുള്ള വാഗ്ദാനം നിറവേറ്റുന്നില്ല.അഭയാർഥികളെ സംരക്ഷിച്ചിട്ടില്ല, നാമമാത്ര മാനുഷിക സഹായമേ നൽകുന്നുള്ളൂ, സാങ്കേതികവിദ്യയും നൂതനത്വങ്ങളും പിന്നോട്ട് പോകുകയാണ്. പുരോഗതിയിലേക്ക് നയിക്കുന്ന നേതൃത്വത്തിന് യുഎൻ അർഹമാണ്,' അറോറ അകാങ്ഷ പറയുന്നു.ഇന്ത്യയിൽ ജനിച്ച അറോറ കനേഡിയൻ പൗരത്വമുള്ളയാളാണ്. ഒമ്പതാമത്തെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലാണ് 71 കാരനായ അന്റോണിയോ ഗുട്ടെറസ്.ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്ന് നിരവധി സർക്കാർ ഇതര ഗ്രൂപ്പുകളിൽ നിന്ന് ഗുട്ടെറസ് വിമർശനങ്ങൾ നേരിടുന്നുണ്ട്.
ഇതിനിടെ, പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു.സെക്യൂരിറ്റി കൗൺസിലിന്റെ ശുപാർശ പ്രകാരം സെക്രട്ടറി ജനറലിനെ ജനറൽ അസംബ്ലിയാണു നിയമിക്കുന്നത്. കൗൺസിലിലെ അഞ്ച് സ്ഥിരം അംഗങ്ങളിൽ ഏത് അംഗത്തിനും തെരഞ്ഞെടുപ്പിൽ വീറ്റോ അധികാരവുമുണ്ട്. സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി മേയ്, ജൂൺ മാസത്തോടെ അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. മുൻ പോർച്ചുഗീസ് പ്രധാനമന്ത്രി കൂടിയായ അന്റോണിയോ ഗുട്ടെറസിന് യു.എൻ ജനറൽ അസംബ്ലിയിലും സെക്യൂരിറ്റി കൗൺസിലും വിപുലമായ പിന്തുണയുണ്ട്. യു.എൻ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ നിർണായക പിന്തുണയും ഗുട്ടെറസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
✍️ ബാബു കദളിക്കാട്
Comments