''വിശുദ്ധ യൗസേപ്പ്: നീതിയോടെ അദ്ധ്വാനിച്ച മരപ്പണിക്കാരൻ''
( ഫ്രാൻസിസ് പാപ്പ, പാത്രിസ് കോർദെ 6)
ഈശോയിൽ പ്രിയപ്പെട്ട സഹോദരീസഹോദരൻമാരേ,
അന്താരാഷ്ട്ര തൊഴിലാളിദിനത്തിന്റേയും തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേഫ്പിതാവിന്റെ തിരുനാളിന്റേയും മംഗളാശംസകൾ നേരുന്നു. കോവിഡ് മഹാമാരിയുടെ കരിനിഴലിൽ നിന്നും ലോകം മുഴുവൻ മോചനം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
1. തൊഴിലാളികളുടെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പിക്കപ്പെട്ട വർഷത്തിലെ മെയ്ദിനം സവിശേഷമാണു. തിരുസ്സഭയുടെ 'പരിപാലകവിശുദ്ധനായി' വി. യൗസേപ്പിതാവിനെ 1870 ൽ ഭാഗ്യസ്മരണാർഹനായ പിയൂസ് ഒൻപതാമൻ പാപ്പ പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ നൂറ്റിയൻപതാം വാർഷികം പ്രമാണിച്ചാണു പരിശുദ്ധ ഫ്രാൻസിസ് പാപ്പ 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെയുള്ള ഒരു വർഷക്കാലം വിശുദ്ധ യൗസേപ്പിതാവിന്റെ ധന്യസ്മരണയ്ക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയത്. തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിന്റെ വർഷം കുടുംബവർഷമായി കൂടി തിരുസ്സഭ ആചരിക്കുകയാണു. ആയതിനാൽ തൊഴിലിനെയും തൊഴിലാളികളെ കുറിച്ചും കുടുംബങ്ങളെ കുറിച്ചും വിശദമായ പഠനങ്ങളും ധ്യാനങ്ങളും പരിചിന്തനങ്ങളും നടത്തേണ്ടതായിട്ടുണ്ട്. അതോടൊപ്പം തൊഴിലാളി ശക്തീകരണത്തിനുള്ള കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യണം.
2. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിനു തുടക്കം കുറിച്ചുകൊണ്ട് പരിശുദ്ധ ഫ്രാൻസിസ് പാപ്പ 'പാത്രിസ് കോർദേ' (പിതാവിനോടൊപ്പം) എന്ന പേരിൽ ഒരു അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. മരപ്പണിക്കാരനും (മത്താ. 13:55) നീതിമാനുമായ (മത്താ. 1:19) യൗസേപ്പിതാവിന്റെ വ്യക്തിപ്രഭാവത്തിലെ ഗുണഗണങ്ങളെ വിവരിക്കുന്ന ഏഴ് ഖണ്ഡികകൾ ഈ അപ്പസ്‌തോലിക ലേഖനത്തിലുണ്ട്. അതിൽ ആറാമത്തെ ഖണ്ഡിക 'തൊഴിലെടുക്കുന്ന പിതാവ്' എന്ന തലക്കെട്ടിലാണു എഴുതിയിരിക്കുന്നത്. തൊഴിലാളിയായ വിശുദ്ധ യൗസേപ്പിന്റ് ജീവിതാനുഭവങ്ങളിലൂടെ തൊഴിലിന്റെ വ്യക്തിപരവും സാമൂഹികവുമായ മാനങ്ങളുടെ പ്രാധാന്യവും പ്രസ്‌ക്തിയും പാപ്പ അനാവരണം ചെയ്യുകയാണു. ''തന്റെ കുടുംബത്തെ പരിപാലിക്കുന്നതിനായി സത്യസന്ധമായ ജീവിതം നയിച്ച മരപ്പണിക്കാരനാണു വിശുദ്ധ യൗസേപ്പ്. സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നും ആഹാരം കഴിക്കണം എന്ന പ്രബോധനത്തിന്റെ മൂല്യവും അന്തസ്സും ആനന്ദവും യേശു സ്വാംശീകരിച്ചത് വിശുദ്ധ യൗസേപ്പിൽ നിന്നാണു.'' (പാത്രിസ് കോർദേ, 6). യേശുവിന്റെ ജീവിതത്തിൽ വി. യൗസേപ്പിതാവിന്റെ തൊഴിൽ ജീവിതം ചെലുത്തിയ സ്വാധീനമാണു പാപ്പ വിശദീകരിക്കുന്നത്. തൊഴിലിന്റെയും തൊഴിലാളികളുടെയും മഹത്വത്തെ സംബന്ധിച്ചും പാപ്പ പറയുന്നത് ശ്രദ്ധിക്കുക: ''രക്ഷാകര പ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള മാദ്ധ്യമാണു തൊഴിൽ. ദൈവരാജ്യത്തിന്റെ വരവിനെ വേഗത്തിലാക്കാനുള്ള അവസരമാണു തൊഴിൽ. കഴിവുകളും നൈപുണ്യവും വികസിപ്പിക്കാനുള്ള മാർഗമാണു തൊഴിൽ. വ്യക്തികളുടെ മാത്രമല്ല കുടുംബത്തിന്റെയും ആത്മസഫലീകരണത്തിനായി തൊഴിൽ അനിവാര്യമാണു'' (പാ. കോ. 6). തൊഴിലിന്റെ സാമൂഹിക മാനങ്ങളെക്കുറിച്ചും പാപ്പ പഠിപ്പിക്കുന്നുണ്ട്. ''നമ്മുടെ കാലഘട്ടത്തിലുള്ള സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ പ്രതിസന്ധികൾ തൊഴിലിന്റെ മൂല്യം പ്രാധാന്യം ആവശ്യകത എന്നിവയെ വീണ്ടും കണ്ടെത്തി ആരെയും പുറത്താക്കാത്ത ഒരു പുതിയ സാമൂഹിക ക്രമം രൂപപ്പെടുത്തുന്നതിനുള്ള അഹ്വാനമായി കാണണം''(പാ. കോ. 6) എന്നാണു പാപ്പ പഠിപ്പിക്കുന്നത്.
3. ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഘടകമാണ് തൊഴിൽ. മനുഷ്യൻ തൊഴിൽ ചെയ്തില്ലായിരുന്നുവെങ്കിൽ ലോകം ഇന്നും സൃഷ്ടാവസ്ഥയിൽ തന്നെ തുടരുമായിരുന്നു. സൃഷ്ടിയിൽ അന്തർലീനമായിരിക്കുന്ന ദിവ്യതയിലും സർഗാത്മകതയിലുമുള്ള പങ്കുചേരലാണ് തൊഴിലെന്ന ബോധ്യം ഉണ്ടാകുകയെന്നതാണ് ഓരോ തൊഴിലാളിയും മെയ്ദിനത്തിൽ നിന്നും സ്വാംശീകരിക്കേണ്ട സന്ദേശം.
4. വ്യവസായവിപ്ലവത്തെ തുടർന്നു തൊഴിൽമേഖലയിൽ ഉണ്ടായ ചൂഷണത്തിനെതിരെ എട്ട് മണിക്കൂർ തൊഴിൽ, എട്ട് മണിക്കൂർ വിനോദം എട്ട് മണിക്കൂർ വിശ്രമം എന്ന ആവശ്യവുമായി തൊഴിലാളികൾ ചിക്കാഗോ നഗരത്തിൽ നടത്തിയ സമരം അധികാരികളാൽ അടിച്ചമർത്തപ്പെട്ടെങ്കിലും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ തൊഴിലാളി സമൂഹത്തിനു പിൽക്കാലത്ത് സാധിച്ചു. സമരമുഖത്തെ തൊഴിലാളികളുടെ സഹനത്തെയാണു മെയ്ദിനം നമ്മെ അനുസ്മരിപ്പിക്കുന്നത്.
5. ''വ്യക്തി തന്റെ കായികവും ബുദ്ധിപരവും സർഗാത്മകവുമായ കഴിവുകളെ, തന്റേയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായിപ്രയോജനപ്പെടുത്തുന്ന പ്രവർത്തനമാണു തൊഴിൽ ' എന്നാണ് തിരുസ്സഭ നിർവചിച്ചിട്ടുള്ളത്. ഇതിൽ നിന്നു തന്നെ കുടുംബ പുരോഗതിയിലും സാമൂഹിക വികസനത്തിലും തൊഴിലിന്റെയും തൊഴിലാളിയുടെയും പ്രധാന്യം എടുത്തു കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് തൊഴിലാളിക്ക് ലഭിക്കുന്ന വേതനം തൊഴിലാളിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും, നാളെയ്ക്കു വേണ്ടി അല്പം കരുതി വെയ്ക്കുന്നതിനുമുള്ള വിധമായിരിക്കണമെന്നുമുള്ള നിലപാട് എടുത്തുകൊണ്ട് ജീവനക്കൂലി (living wages) കുടുംബക്കൂലി (family wages) എന്നീ ആശയങ്ങൾ തിരുസ്സഭ ഒരു നൂറ്റാണ്ടുകാലമായി സാമൂഹിക പ്രബോധനങ്ങൾ വഴി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടന ഇക്കാര്യം തങ്ങളുടെ മാർഗനിർദ്ദേശ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ധ്വാനത്തിലൂടെ സ്വകാര്യസ്വത്ത് ആർജിക്കുകയെന്നത് ഒരു വ്യക്തിയുടെ ഉത്തരവാദിത്വമാണെന്നു കൂടി അസന്നിഗ്ദ്ധമായി സഭയുടെ സാമൂഹീക ചാക്രികലേഖനങ്ങളിലൂടെ പ്രബോധിപ്പിക്കുന്നുണ്ട്.
6. തൊഴിൽ ലഭിക്കുക, തൊഴിലിനു മാന്യമായ വേതനം ലഭിക്കുക സുരക്ഷിതമായ തൊഴിൽസാഹചര്യം ലഭിക്കുക തൊഴിലിനു ഉറപ്പ് ലഭിക്കുക എന്നത് തൊഴിലാളികളുടെ അവകാശങ്ങളാണു. അതോടൊപ്പം ചികിത്സാനുകൂല്യങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള സാമൂഹിക സുരക്ഷാപദ്ധതികൾ തുടങ്ങിയവയുടെ ലഭ്യതയെല്ലാം തൊഴിലാളിയുടെ അവകാശമാണ്. ഇവ ഉറപ്പുവരുത്തുക ബന്ധപ്പെട്ട സർക്കാരുകളുടെ പ്രഥമവും പ്രധാനവുമായ കർത്തവ്യമാണു എന്നാണു തിരുസ്സഭ പഠിപ്പിക്കുന്നത് (സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ സംക്ഷേപം 301). ദൗർഭാഗ്യവശാൽ ഈ കർത്തവ്യ നിർവ്വഹണത്തിൽ നിന്നും ഏകപക്ഷീയമായി പിൻമാറുന്ന നയമാണ് സർക്കാരുകൾ പിന്തുടരുന്നത് എന്ന ദുഃഖകരമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മൂലധനത്തേക്കാൾ പ്രധാന്യം തൊഴിലാളികൾക്കാണു നൽകേണ്ടത് എന്നാണു സഭാ പ്രബോധനങ്ങൾ പഠിപ്പിക്കുന്നത്. പരിശുദ്ധ ഫ്രാൻസിസ് പാപ്പ നിരന്തരം പരിദേവനം നടത്തുന്നതു പോലെ തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ പ്രാധാന്യമാണു ഇക്കാലത്ത് നൽകപ്പെടുന്നത്. മൂലധന താത്പര്യങ്ങൾ സംരക്ഷിക്കാനായി പലപ്പോഴും തൊഴിലാളികളുടെ അവകാശങ്ങൾ നിഹനിക്കപ്പെടുന്നു.
7. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ വിഭാഗമായ കർഷകർ തങ്ങളുടെ അവകാശസംരക്ഷണത്തിനായി സമരം തുടങ്ങിയിട്ട് ആറ് മാസങ്ങൾ കഴിഞ്ഞു. കർഷകരുമായി കൂടിയാലോചിക്കാതെ രൂപപ്പെടുത്തിയിട്ടുള്ള കർഷക നിയമങ്ങൾ തങ്ങളുടെ താത്പര്യങ്ങൾക്ക് എതിരാണെന്ന പരാതിയിലാണു കർഷകർ സമരം തുടരുന്നത്. നാലു ലേബർ കോഡുകളായി രൂപപ്പെടുത്തി പരിഷ്‌കരിച്ചിരിക്കുന്ന തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന നടപടി ക്രമങ്ങൾ രൂപപ്പെടുത്തുന്നത് അവസാനഘട്ടത്തിലാണു. ഈ പരിഷ്‌ക്കാരങ്ങൾക്കെതിരെ തൊഴിലാളികളും പ്രതിഷേധത്തിലാണു. വേണ്ടത്ര കൂടിയാലോചന നടത്താതെ രൂപപ്പെടുത്തിയിരിക്കുന്ന ഇവ തൊഴിലാളി താത്പര്യങ്ങൾക്കെതിരാണെന്നാണു അവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. നിലവിലുള്ള അവകാശങ്ങൾ പോലും ഇല്ലാതാകുമെന്നു അവർ ഭയപ്പെടുന്നു. മാത്രമല്ല, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികൾക്ക് ആവശ്യമായ പരിരക്ഷ ഈ നിയമത്തിൽ ഉറപ്പാക്കിയിട്ടില്ലെന്ന പരാതിയും അവർ ഉന്നയിക്കുന്നുണ്ട്.
8. പ്രകൃതിവിഭവങ്ങളിൽ ആശ്രയിച്ച് ജീവിതം കെട്ടിപ്പടുത്തുയർത്തുന്ന കർഷകരെയും-തൊഴിലാളി സമൂഹത്തെയും നിരാശയിലേക്ക് നയിക്കുന്ന സാഹചര്യമാണു മലയോര മേഖലകളിൽ യുക്തിരഹിതവും അശാസ്ത്രീയവും ആയ വിധത്തിലുള്ള ബഫർസോൺ പ്രഖ്യാപനത്തിലൂടെയും, അന്യായമായി പട്ടയനിഷേധത്തിലൂടെയും ഉണ്ടായിരിക്കുന്നത്. തീരപരിപാലന നിയമത്തിലെ അപാകതകൾ, ദേശീയ മത്സ്യനയം, ബ്ലൂ ഇക്കോണമി സോൺ നയം, ആഴക്കടം മത്സ്യബന്ധന കരാറുകൾ എന്നിവ തീരവാസികളുടെ, വിശിഷ്യാ മത്സ്യത്തൊഴിലാളികളുടെ ജീവിതം കഷ്ടത്തിലാക്കിയിരിക്കുന്നു. എന്നാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും കോർപ്പറേറ്റുകൾക്കും ടൂറിസ്റ്റ് ലോബികൾക്കും എല്ലാവിധ ഒത്താശകളും ലഭിക്കുന്നു എന്നതാണു വൈരുദ്ധ്യം.
9. നിയമങ്ങൾ നിർമ്മിക്കുമ്പോഴും നയങ്ങൾ രൂപപ്പെടുത്തുമ്പോഴും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുവാൻ സർക്കാരുകൾ സന്നദ്ധമാകേണ്ടതുണ്ട്. മൂലധന താത്പര്യസംരക്ഷണത്തേക്കാൾ തൊഴിലാളികളുടെ സുസ്ഥിതിക്കും അവകാശങ്ങൾക്ക് മുൻതൂക്കം കൊടുത്തു മാത്രമേ നിയമങ്ങളും നയങ്ങളും നിർമ്മിക്കുവാൻ പാടുള്ളൂ. പുതിയ നിയമങ്ങൾ നിർമ്മിക്കുമ്പോൾ വിശദമായ ചർച്ചകൾ നിയമനിർമ്മാണ സഭകളിൽ നടക്കുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതുമാണു. സാധാരണക്കാരായ ഗുണഭോക്താക്കളുടെ ആശങ്കകൾ പരിഹരിച്ചു മാത്രമേ നിയമങ്ങളും നയങ്ങളും നിർമ്മിക്കേണ്ടത്. ദീർഘകാലമായി സമരം ചെയ്യുന്ന കർഷകരോട് അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കാനും അവരുടെ ആശങ്കകൾ പരിഹരിച്ച് സമരം സമാപിപ്പിക്കാനുമുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ നേതൃത്വം നൽകേണ്ടതാണു.
10. വിശുദ്ധ യൗസേപ്പിന്റെ ജീവിതം മാതൃകയാക്കാൻ എല്ലാ തൊഴിലാളികളെയും ആഹ്വാനം ചെയ്യുന്നു. അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം തങ്ങളുടെ കടമകളെകുറിച്ച് തൊഴിലാളികളെ ചിന്തിപ്പിക്കുന്നതിനുള്ള അവസരംകൂടിയാണ് മെയ്ദിനം. അവകാശങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുകയും കടമകളെ മറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തൊഴിലാളിസമൂഹം സ്വയംനാശത്തിലേക്ക് നിപതിക്കും. തദ്ഫലമായി രാഷ്ട്രത്തിന്റെ തകർച്ചയ്ക്ക് വരെ നിദാനമാകുകയും ചെയ്യും.
11. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികമേഖലയിലും പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും വെളിച്ചം പരത്താൻ തൊഴിലാളിക്ക് കടമയുണ്ട്. ഇഷ്ടമുള്ള ജോലി ചെയ്യുന്നതിലല്ല മറിച്ച് ലഭിച്ച തൊഴിൽ സന്തോഷത്തോടെ അതിന്റെ പൂർണ്ണതയിൽ ചെയ്യുമ്പോഴാണ് തൊഴിലാളിക്ക് തന്റെ ഉത്തരവാദിത്വം നിറവേറ്റാനാകുന്നത്. തൊഴിൽമേഖലയിൽ സർഗാത്മകതയോടെ ഇടപെടുക, എല്ലാ മേഖലയിലും കരുതലെടുക്കുക, ത്യാഗമനസ്സുണ്ടാകുക, സഹകരണമനോഭാവം വളർത്തിയെടുക്കുക, പങ്കുവെക്കലിന്റെ രീതിശാസ്ത്രം പ്രയോഗവല്കരിക്കുക എന്നതെല്ലാം തൊഴിലാളികൾ തങ്ങളുടെ കടമകളാണെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് തൊഴിൽരംഗത്ത് വികസനവും സമാധാനവും സംജാതമാകുക. കുടുംബത്തിലുള്ള തന്റെ ചുമതലകൾ കർത്തവ്യബോധത്തോടെ തൊഴിലാളികൾ നിർവ്വഹിക്കണം. സാമൂഹിക പ്രതിബദ്ധതയും തൊഴിലാളികൾക്കുണ്ടാകണം (ഫ്രത്തേലി തൂത്തി 162).
12. 'മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ'' (മത്ത. 7:12) എന്ന യേശു വചനത്തെ മലയിലെ പ്രസംഗത്തിലെ സുവർണ്ണ നിയമമെന്നാണു വിശേഷിപ്പിക്കുന്നത്. മാറ്റം തുടങ്ങേണ്ടത് നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ്. അതിന് സ്വതന്ത്രചിന്ത അത്യാവശ്യമാണ്. സത്യാധിഷ്ഠിത പ്രവൃത്തികളാണു നമ്മെ സ്വതന്ത്രമാക്കുന്നത് (യോഹ 8:32). ജാതീയമായും മതപരമായും രാഷ്ട്രീയപരമായും വിഭജിതമായതും അടിമത്തപരമായ വിധേയത്വം പുലർത്തുന്നതുമായ വ്യക്തികളുടെ കൂട്ടം ഒരു പുരോഗതിയും മുന്നോട്ടു വെയ്ക്കുന്നില്ല. ഈ സാഹചര്യത്തെയാണു രാഷ്ട്രീയ, ഭരണ, കോർപ്പറേറ്റ് കൂട്ടുകെട്ടുകൾ പ്രയോജനപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് ഉളളവരായി മാറുകയെന്നതാണ് ഓരോ തൊഴിലാളിയുടേയും പരമപ്രധാനമായ കർത്തവ്യം. മാർ യൗസേപ്പിനെ പോലെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ബോധ്യമുള്ളവരായി തൊഴിലാളികൾ മാറണം.
13. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ തൊഴിൽകാര്യ കമ്മീഷൻ നേതൃത്വം നല്കുന്ന കേരള ലേബർ മൂവ്‌മെന്റ് ഇന്ത്യൻമെത്രാൻസമിതിയുടെ (CBCI) യുടെ വർക്കേർസ് ഇന്ത്യ ഫെഡറേഷനുമായി (WIF) സഹകരിച്ച് പ്രർത്തിക്കുന്നു. ഇന്ത്യയിലെ തൊഴിൽ തൊഴിൽ ശക്തിയിലെ 94 ശതമാനം വരുന്ന അസംഘടിതതൊഴിലാളികളുടെ സംഘാടനവും ഉന്നമനവുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്.
14. തൊഴിൽപരമായ സംഘാടനം, നൈപുണ്യ പരിശീലനം, സാമൂഹിക സുരക്ഷാ പദ്ധതികളിലെ പങ്കാളിത്തം, ആരോഗ്യ ഇൻഷൂറൻസ്പദ്ധതികൾ, അവകാശ നിഷേധങ്ങൾക്കെതിരെയുള്ള പ്രതിരോധം, തൊഴിലിനേയും ആദരിക്കുന്ന സംസ്‌കാരത്തെരൂപപ്പെടുത്തൽ, ക്രിസ്തീയവും ധാർമ്മീകവുമായ ജീവിതരീതി പ്രദാനം ചെയ്യൽ തുടങ്ങിയവയാണ് കെ. എൽ. എം. ലക്ഷ്യംവെയ്ക്കുന്നത്.
15. നിർമ്മാണതൊഴിലാളി ഫോറം, മത്സ്യത്തൊഴിലാളി ഫോറം, തയ്യൽതൊഴിലാളി ഫോറം, ഗാർഹീകതൊഴിലാളി ഫോറം, പീടികതൊഴിലാളി ഫോറം, കർഷകതൊഴിലാളി ഫോറം, ചെറുകിടതോട്ടംതൊഴിലാളി ഫോറം മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ഫോറം, വനിതാ ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങൾ വഴിയാണു കെ. എൽ. എം. പ്രവർത്തിച്ചുവരുന്നത്.
16. തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിൽ തൊഴിലാളി പ്രേഷിതത്വത്തിനു മുഗണന നൽകേണ്ടതാണു. തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനുമായുള്ള പ്രവർത്തനങ്ങൾ എല്ലാ രൂപതകളും വളരെ ഗൗരവപൂർവ്വം ഏറ്റെടുക്കുവാൻ താത്പര്യപ്പെടുന്നു. എല്ലാ ഇടവകകളിലും കെ. എൽ. എം. ന്റെ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുകയും സജീവമാക്കുകയും ചെയ്യണം. മെയ് ദിനത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും തൊഴിലാളികൾക്ക് വേണ്ടി ദിവ്യബലി അർപ്പിക്കുന്നത് ഉചിതമാണു.
17. നമ്മുടെ കർത്താവായ ഈശോമിശിഹായുടെ കൃപയും വി.യൗസേഫിന്റെ മാധ്യസ്ഥവും എല്ലാ തൊഴിലാളി സഹോദങ്ങളുടെ മേൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ.
ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല (ചെയർമാൻ, കെ. സി. ബി. സി. ലേബർ കമ്മീഷൻ)
ബിഷപ്പ് മാർ ജോസ് പൊരുന്നേടം (വൈസ് ചെയർമാൻ, കെ. സി. ബി. സി. ലേബർ കമ്മീഷൻ)
ബിഷപ്പ് ഡോ.തോമസ് മാർ യൗസേബിയുസ്(വൈസ് ചെയർമാൻ, കെ.സി.ബി.സി.ലേബർ കമ്മീഷൻ)
Comments