മൂന്നാം തരംഗത്തില്‍
പകച്ച് ഫ്ളോറിഡ;
രോഗികളുടെ എണ്ണം
പുതിയ ഉയരങ്ങളില്‍
വാക്‌സിനേഷന്‍ എടുക്കാത്തവരുടെ പകര്‍ച്ചവ്യാധിയായി മാറി കോവിഡെന്ന്്
ഉദ്യോഗസ്ഥര്‍; മാസ്‌ക് ധരിക്കുന്നതിനെതിരെ നിലപാടിലുറച്ച് ഗവര്‍ണര്‍
ഫ്ളോറിഡ:അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയിലെ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം പുതിയ ഉയരത്തിലെത്തി. വാക്്‌സിനുകള്‍ ലഭ്യമാകുന്നതിന് മുമ്പ് ആദ്യ തരംഗങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട റെക്കോര്‍ഡുകള്‍ മൂന്നാം തരംഗത്തോടെ തകര്‍ന്നു. 11,515 ഫ്ളോറിഡ നിവാസികള്‍ നിലവില്‍ ആശുപത്രിയിലാണെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യ തരംഗങ്ങള്‍ വന്നപ്പോഴത്തെ അപേക്ഷിച്ച് കൂടുതല്‍ ശതമാനം ചെറുപ്പക്കാരും ആരോഗ്യമുള്ളവരും ഇപ്പോള്‍ രോഗ ബാധിതരാകുന്നത് അധികൃതരെ ആശങ്കാകുലരാക്കുന്നുണ്ട്.
യു.എസിലുടനീളമായി കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ പുതിയ കേസുകളുടെ മൂന്നില്‍ ഒന്ന് ഫ്ളോറിഡയിലോ ടെക്‌സസിലോ ആയിരുന്നു.
ഫ്ളോറിഡയിലെ മിക്ക ആശുപത്രികളിലും കിടക്കകള്‍ ഒഴിവില്ല. ഇടനാഴികള്‍, ലോബി കാത്തിരിപ്പ് കേന്ദ്രങ്ങള്‍, താല്‍ക്കാലിക ഓവര്‍ഫ്‌ളോ സെന്ററുകള്‍ എന്നിവയിലും രോഗികളെ പാര്‍പ്പിക്കേണ്ടിവരുന്നുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്തേക്കാള്‍ കൂടുതല്‍ രോഗികള്‍ നിലവില്‍ തങ്ങളുടെ ആശുപത്രിയില്‍ ഉണ്ടെന്ന് ടാല്ലഹസിയിലെ ഡോ. ഡീന്‍ വാട്‌സണ്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.'ഒന്നര വര്‍ഷത്തിലേറെയായി ഞങ്ങള്‍ കോവിഡിനെ നേരിട്ട് ജീവിക്കുന്നു. നഴ്‌സിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ കനത്ത സമ്മര്‍ദ്ദത്തിലും ബുദ്ധിമുട്ടിലുമാണ് '
വസന്തകാലത്തിനു ശേഷം വാക്സിനേഷന്‍ മന്ദഗതിയിലായിരുന്നു.വകഭേദം വന്ന ഡെല്‍റ്റ ഇനം വൈറസിന്റെ ബാധ അതോടെ രാജ്യത്ത് വ്യാപകമായി പടര്‍ന്നു തുടങ്ങി.ഫ്ളോറിഡയിലെ വാക്‌സിനേഷന്‍ നിരക്ക് ദേശീയ ശരാശരിയെ പ്രതിഫലിപ്പിക്കുന്നു. പക്ഷേ പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിലും കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈ നാലിന് സ്വാതന്ത്ര്യദിനത്തോടെ 70 ശതമാനം അമേരിക്കക്കാര്‍ക്ക് ഒരു വാക്്‌സിന്‍ കുത്തിവയ്പ് എങ്കിലും ലഭിച്ചത് നാഴികക്കല്ലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ചൂണ്ടിക്കാട്ടിയിരുന്നു.കൊറോണ വൈറസ് മഹാവ്യാധി മൂലം ഫ്ളോറിഡയില്‍ 39,000 ത്തിലധികം മരണങ്ങള്‍ ഇതു വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചു.ഫ്ളോറിഡയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുമ്പോഴും ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് മാസ്‌ക് ധരിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുന്നു. അടുത്തമാസം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ മാസ്‌ക് മാന്‍ഡേറ്റ് നടപ്പാക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. അതേസമയം, ഡിസ്നി വേള്‍ഡിലെ ജീവനക്കാര്‍ അറുപത് ദിവസത്തിനകം വാക്സിനേഷന്‍ സ്വീകരിക്കണമെന്ന ഉത്തരവ് അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഏകദേശം 50 ശതമാനം ഫ്ളോറിഡ നിവാസികള്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്.എന്നാല്‍ സംസ്ഥാനത്തെ പെന്‍ഷന്‍കാരുടെ കൂട്ടത്തില്‍ വളരെപ്പേരുണ്ട് കുത്തിവയ്പ് എടുക്കാത്തവരായി. കൊറോണ വൈറസ് ബാധിച്ചാലും കുത്തിവയ്പ് എടുത്തവര്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറയുന്നു.കുത്തിവയ്പ് എടുക്കാത്തവരാണ് രോഗം ഗുരുതരമായി ബാധിക്കുന്നവരില്‍ അധികം പേരും. മരണത്തിനു കീഴടങ്ങുന്നവരും അങ്ങനെ തന്നെ. 'വാക്‌സിനേഷന്‍ എടുക്കാത്തവരുടെ പകര്‍ച്ചവ്യാധി' ആയി മാറി കോവിഡെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബാബു കദളിക്കാട്
Comments