Foto

ഡിസംബർ 12; ഗ്വാദലൂപ്പ മാതാവ്

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.

1531-ല്‍ ആണ് കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുന്നത്. 'അസ്റ്റക്' എന്ന ഗോത്രവിഭാഗത്തില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട തദ്ദേശീയനായ കര്‍ഷകനായിരുന്നു ജുവാന്‍ ഡിഗോ. കര്‍ഷകനായിരുന്ന ജുവാന്‍ ഡിഗോയുടെ ജീവിതം ക്ലേശപൂര്‍വ്വമുള്ളതായിരുന്നു. തന്റെ ഗ്രാമത്തിൽ നിന്ന് മെക്സിക്കോ നഗരിയിലേക്ക് യാത്രചെയ്യുമ്പോഴാണ് ടെപെയക് മലനിരകളില്‍ വെച്ചു ജുവാന്‍ ഡിഗോക്കു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. ജനതയോടുള്ള സ്നേഹം പരിശുദ്ധ അമ്മ തന്റെ പ്രത്യേക്ഷപ്പെടലില്‍ വെളിപ്പെടുത്തി. സ്ഥലത്ത് ഒരു ആരാധനാലയം നിര്‍മ്മിക്കണം എന്നു പരിശുദ്ധ അമ്മ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജുവാൻ ഒട്ടും താമസിയാതെ ബിഷപ്പിനെ ചെന്നു കണ്ട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. എന്നാല്‍ ബിഷപ്പ് ജുവാന്റെ വാക്കുകള്‍ വിശ്വസിച്ചില്ല. കണ്ട കാര്യങ്ങള്‍ വിശ്വസിക്കുന്നതിനായി എന്തെങ്കിലും തെളിവ് കൊണ്ട് വരുവാനാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. ബിഷപ്പ് തന്റെ വാക്കുകള്‍ അവിശ്വസിച്ചല്ലോ എന്ന വേദനയില്‍ ജുവാന്‍ മടങ്ങി.

അടുത്ത ദര്‍ശനം അവന് ഉണ്ടായത് ഡിസംബര്‍ 12നായിരിന്നു. ബിഷപ്പ് തെളിവ് ആവശ്യപ്പെടുന്നുവെന്ന് ജുവാൻ പരിശുദ്ധ അമ്മയോട് പറഞ്ഞു. കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന പ്രത്യേക തരം പൂക്കള്‍ ശേഖരിക്കാനാണ് പരിശുദ്ധ അമ്മ ജുവാനോട് ആവശ്യപ്പെട്ടത്. സാധാരണയായി ആ പുഷ്പങ്ങള്‍ അവിടെ കാണപ്പെടുന്നവയല്ലായിരുന്നു, മാത്രമല്ല അപ്പോള്‍ ആ പൂക്കള്‍ വിരിയുന്ന സമയവും അല്ലായിരുന്നു. ആ അത്ഭുതപുഷ്പങ്ങൾ തന്റെ വിലകുറഞ്ഞ അങ്കിയിൽ ശേഖരിച്ച് ബിഷപ്പിനെ കാണിക്കാന്‍ ജുവാന്‍ അരമനയില്‍ എത്തി. അവന്‍ തന്റെ അങ്കി വിടർത്തിയപ്പോൾ അതിവിശിഷ്ടമായ സുഗന്ധം പരത്തിക്കൊണ്ട് റോസാപ്പൂക്കൾ തറയിൽ വീണു. കുപ്പായത്തിൽ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്യപ്പെട്ടിരുന്നു.

ഇത് കണ്ടു പശ്ചാത്താപ പരവശനായ ബിഷപ്പ് തന്റെ തെറ്റ് ഏറ്റുപറഞ്ഞു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ആ സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ആ ചിത്രത്തില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.

വളരെ ഗുണം കുറഞ്ഞതും പരുപരുത്ത പ്രതലത്തോട് കൂടി ധരിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് ആ വസ്ത്രം. കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു ചിത്രം അതില്‍ വരക്കുവാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ഈ തുണിയില്‍ പരിശുദ്ധ മാതാവിന്റെ ചിത്രം കാലങ്ങളായി നിലനില്‍ക്കുന്നു. പ്രസ്തുത തുണിയുടെ പ്രതലത്തില്‍ യാതൊരുവിധ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടില്ലായിരുന്നു എന്ന് ഇത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുണിയില്‍ മാതാവിന്റെ ചിത്രം ഉള്‍കൊള്ളുന്ന പ്രതലത്തില്‍ തൊടുമ്പോള്‍ സില്‍ക്കില്‍ തൊടുന്നത് പോലെയാണ് തോന്നുക, എന്നാല്‍ പരിശുദ്ധ അമ്മയുടെ ചിത്രമില്ലാത്ത ഭാഗം മുഴുവന്‍ പരുക്കനായി തന്നെ തുടരുന്നു.

1970-മുതല്‍ ഇതില്‍ ഇന്‍ഫ്രാറെഡ് ഫോട്ടോഗ്രാഫി വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ പറഞ്ഞത്, ഇതില്‍ ബ്രഷിന്റെ പാടുകള്‍ ഒന്നും തന്നെ ഇല്ലെന്നാണ്. അതായത് ഒരു നിമിഷം കൊണ്ട് മുഴുവനായും ആ ചിത്രം തുണിയില്‍ പതിപ്പിച്ചുവെന്ന്‍ സാരം. ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ബയോ-ഫിസിസ്റ്റ് ആയ ഡോ. ഫിലിപ്പ് കല്ലാഹന്‍ ആണ് അത്ഭുതകരമായ ഈ കാര്യം കണ്ടുപിടിച്ചത്. പരിശുദ്ധ മാതാവിന്റെ ചര്‍മ്മത്തിന്റെ രചനാസംവിധാനവും വര്‍ണ്ണശബളിമയും ആര്‍ക്കും അനുകരിച്ചു സൃഷ്ടിക്കുവാന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹം പറയുന്നു:

"ആ ചിത്രപ്പണി മനുഷ്യകരങ്ങള്‍ക്ക് സാധിക്കാത്തതാണ്. എന്നാല്‍ പക്ഷികളുടേയും, ചിത്രശലഭങ്ങളുടേയും ചിറകിലും, ചിലതരം വണ്ടുകളുടെ മുന്‍ ചിറകുകളിലും കാണുന്ന തരത്തിലുള്ള വര്‍ണ്ണശബളിമ പ്രകൃതിയില്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. മാതാവിന്റെ ആ ചിത്രത്തില്‍ നോക്കികൊണ്ട് പതുക്കെ പതുക്കെ പുറകിലേക്ക് പോകുമ്പോള്‍ ആ ചായക്കൂട്ടും പ്രതലവും തമ്മില്‍ ഇഴുകിചേരുന്നതായും, അത്ഭുതകരമായി മാതാവിന്റെ രൂപം തെളിഞ്ഞു വരുന്നതായും കാണാം".

"ഒരു വ്യക്തി നോക്കുന്ന കോണുകള്‍ അനുസരിച്ച് ചിത്രത്തിന്റെ വര്‍ണ്ണശബളിമ ചെറിയ തോതില്‍ വ്യത്യാസപ്പെടുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അതിലുള്ള വര്‍ണ്ണങ്ങള്‍ മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ധാതുക്കളില്‍ നിന്നുമുള്ള ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതല്ലെന്ന് മനസ്സിലാക്കാം. പരിശുദ്ധ അമ്മയുടെ ഈ ചിത്രം ശാസ്ത്രത്തിന് മുന്നില്‍ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു". ഡോ. ഫിലിപ്പ് കല്ലാഹന്‍ പറഞ്ഞ വാക്കുകളാണിവ.

Foto

Comments

leave a reply

Related News