Foto

ഭ്രൂണഹത്യ അനുകൂല നിലപാട്: യുഎന്നിന്റെ കോവിഡ് പ്രമേയത്തിനെതിരെ അമേരിക്കയുടെ വോട്ട്

വാഷിംഗ്ടണ്‍ ഡി‌സി: ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുമോയെന്ന ആശങ്ക ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയുടെ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രമേയത്തിനെതിരെ അമേരിക്ക വോട്ട് രേഖപ്പെടുത്തി. "സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്" എന്ന പദമാണ് ആശങ്കയ്ക്ക് കാരണമായി പ്രധാനമായും അമേരിക്ക ഉയർത്തിക്കാട്ടിയത്. പ്രമേയത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് മറ്റു ചില ആശങ്കകളും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. 'സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്' എന്ന വാക്ക് ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ഉപയോഗിക്കുന്ന പദമാണെന്ന് അമേരിക്കയുടെ നയതന്ത്രജ്ഞൻ ജേസൺ മാക്ക് പറഞ്ഞു.

ഭ്രൂണഹത്യ എന്നത് ഒരു അവകാശം അല്ലെന്നും ഭ്രൂണഹത്യ നടത്താൻ പണവും സൗകര്യങ്ങളും നൽകേണ്ട ആവശ്യം രാജ്യങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഏഴു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് പ്രമേയം വോട്ടിന് ഇടുന്നത്. ആദ്യഘട്ടത്തില്‍ നിരവധി രാജ്യങ്ങൾ എതിർപ്പുകൾ ഉന്നയിച്ചെങ്കിലും അവസാനം പ്രമേയത്തിനെതിരെ വോട്ട് ചെയ്തത് അമേരിക്കയും, ഇസ്രായേലും മാത്രമാണ്. അന്‍പതിന് മുകളിൽ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് മാറിനിന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന ഇസ്രായേലിനോട് കാണിക്കുന്ന വിരോധവും, ലോകാരോഗ്യ സംഘടനയെ പ്രശംസിക്കുന്ന പ്രമേയത്തിലെ ഭാഗവും അമേരിക്കയെ ചൊടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

122 രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭ്രൂണഹത്യ അനുകൂല പക്ഷം ചേർന്നു. കൊറോണ വൈറസിന്റെ തുടക്കം മുതലേ ഭ്രൂണഹത്യ ആരോഗ്യ സേവനത്തിന്റെ ഭാഗമാക്കണമെന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നത്. അമേരിക്കയ്ക്കു അനുകൂലമായി വോട്ട് ചെയ്യാതിരുന്ന ചില രാജ്യങ്ങളിലെ പ്രതിനിധികളും ഭ്രൂണഹത്യയെ ഐക്യരാഷ്ട്ര സംഘടന പിന്തുണക്കുന്ന നിലപാടില്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയും ഭ്രൂണഹത്യ അനുകൂല നിലപാടിനെ അപലപിച്ചു.

Comments

leave a reply

Related News