Foto

ഏഴു മാസങ്ങള്‍ക്ക് ശേഷം ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങള്‍ നാളെ തുറക്കും

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ ദേവാലയങ്ങള്‍ നാളെ ഒക്ടോബര്‍ 4 ഞായറാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്കായി തുറക്കുമെന്ന് ബാഗ്ദാദിലെ കല്‍ദായ പാത്രിയാര്‍ക്കേറ്റ്. ഓരോ ദേവാലയത്തിന്റേയും സ്ഥലപരിമിതിയും സൗകര്യവും അനുസരിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും വിശ്വാസികളെ ദേവാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുകയെന്ന്‍ ബാഗ്ദാദിലെ കല്‍ദായ പാത്രിയാര്‍ക്കേറ്റിലെ സഹായ മെത്രാന്‍ ബാസെല്‍ യെല്‍ദോ അറിയിച്ചു. സര്‍ക്കാരിന്റെ ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 550 പേരെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയങ്ങളില്‍ 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നു മെത്രാന്റെ അറിയിപ്പില്‍ പറയുന്നു.

കാലങ്ങളോളം കൊറോണ വൈറസിനൊപ്പം ജീവിക്കേണ്ടി വരുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും, പലകാര്യങ്ങളും പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ബിഷപ്പ് ബാസെല്‍ യെല്‍ദോ പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ കൊറോണ മഹാമാരി ഏറ്റവും രൂക്ഷമായ രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇറാഖാണ്. ഐ‌എസ് ഇടപെടലിനെ തുടര്‍ന്നു മാസങ്ങളോളം കൂദാശകളില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ടിരിന്ന ഇറാഖി ക്രൈസ്തവര്‍ക്കു വിശ്വാസ ജീവിതത്തില്‍ കടുത്ത ആഘാതം സൃഷ്ട്ടിച്ച നാളുകളായിരിന്നു കോവിഡിന്റെ കഴിഞ്ഞ എഴു മാസങ്ങള്‍. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായി വിവരിക്കപ്പെടുന്ന ഇറാഖില്‍ ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം ഇന്ന് ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.

Comments

leave a reply

Related News