കുടുംബക്കൂട്ടായ്മകളും കോവിഡ് കാലത്തെ കരുതലും
കുടുംബ കൂട്ടായ്മകൾ
1962 മുതൽ 1965 വരെ കൂടിയ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കത്തോലിക്കാ സഭയിൽ വലിയ ആത്മീയ ആഭിമുഖ്യം കൊണ്ടു വരാൻ കുടുംബ കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് വാസ്തവമാണ്. ആത്മീയത തുളുമ്പുന്ന വിശ്വാസ പ്രഘോഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം തന്നെ ഇടവകയെന്ന വലിയ കുടുംബത്തിൽ സാമൂഹ്യപരമായ വലിയ ഇടപെടലുകൾ നടത്താനും കുടുംബ കൂട്ടായ്മകൾ കഴിഞ്ഞ കാലങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഏറ്റവും അടിസ്ഥാന ഘടകം എന്നറിയപ്പെടുന്ന ഗാർഹിക സഭയായ കുടുംബത്തെ, സഭയുടെ പ്രാദേശിക പതിപ്പുകൾ ആയ ഇടവകകളോടു ചേർത്ത് നിർത്തുന്നതിൽ കുടുംബ കൂട്ടായ്മകൾക്കുള്ള പങ്ക് വലുതാണ്. ഒരു ഇടവകയിലെ കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പം, ഇടവകയുടെ പൊതു പ്രവർത്തനങ്ങൾക്ക് ഏറ്റവും ഗുണകരമാകുമെന്നതിൻ്റെ ഏറ്റവും കൃത്യമായ ഉദാഹരണമായി കുടുംബകൂട്ടായ്മ പ്രവർത്തനങ്ങളെ നമുക്ക് വിലയിരുത്താം. എന്നാൽ കഴിഞ്ഞ 2020 മാർച്ച് മുതൽ ഉണ്ടായ കോവിഡ് വ്യാപന കാലഘട്ടത്തിൽ, കുടുംബ കൂട്ടായ്മകൾ കൂടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. നിലവിലെ സാഹചര്യത്തിൽ, കുടുംബ കൂട്ടായ്മകൾ എന്നു മുതൽ ആരംഭിക്കാനാകുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മിക്കവാറും കുടുംബകൂട്ടായ്മകൾ കേന്ദ്രീകരിച്ച് വാട്ട്സപ്പ് കൂട്ടായ്മകൾ നിലവിലുണ്ടെങ്കിലും നിലവിൽ അത് ഉപയോഗിക്കപ്പെടുന്നത് അർത്ഥ പൂർണ്ണമായ ആവശ്യങ്ങൾ ക്കാകണമെന്നില്ല. കോവിഡ് കാലഘട്ടം തീർക്കുന്ന ഈ പ്രത്യേക പശ്ചാത്തലത്തിൽ കുടുംബ കൂട്ടായ്മകൾ കൂടുന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇങ്ങിനെയുള്ള പ്രത്യേക സാഹചര്യത്തിൽ, എങ്ങനെ ഫലവത്തായി കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനം പുന:ക്രമീകരിക്കാൻ കഴിയു മെന്നുള്ളത്, ഗൗരവ തരമായ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
1. വെർച്വൽ കൂട്ടായ്മകൾ
ടെക്നോളജിയുടെ വിസ്മയങ്ങൾ തീർക്കുന്ന ഈ കാലഘട്ടത്തിൽ നേരത്തെ പിന്തുടർന്നു വന്നിരുന്ന പരമ്പരാഗതമായ കൂടി ച്ചേരലുകൾക്കപ്പുറത്ത് വെർച്ച്വൽ കൂടിച്ചേരലുകൾക്കുള്ള സാധ്യത നാം ആലോചിക്കേണ്ടിയിരിക്കുന്നു. കുടുംബ കൂട്ടാ യ്മയിലെ 30-35 കുടുംബങ്ങൾ, പുതിയ രീതിയിൽ രണ്ടു മാസത്തിലൊരി ക്കലെങ്കിലും ഒരുമിച്ച് കൂടാനുള്ള സാഹചര്യ മൊരുക്കാൻ വലിയ ബുദ്ധിമുട്ടു ണ്ടാകില്ല. ഓൺലൈൻ പഠനം സുഗമമാക്കിയ നമ്മുടെ നാട്ടിൽ, ഈ സാധ്യതകളെ പര മാവധി ഉപയോഗപ്പെടുത്താൻ നമുക്ക് സാധിയ്ക്കണം. കുടുംബ കൂട്ടായ്മയും ഇടവകയുമായി ബന്ധപ്പെട്ട പൊതു വിഷയ ങ്ങളിൽ അഭിപ്രായ രൂപീകരണം നടത്തുന്നതിനും ഇത്തരത്തിലുള്ള മീറ്റിംഗ് കൊണ്ട് സാധിക്കും എന്നതിൽ സംശയമില്ല.
2. ഭാരവാഹികളുടെ ഒത്തുചേരൽ
കുടുംബ കൂട്ടായ്മകൾ കൂടുന്നതിന് ഇപ്പോൾ, നിയമപരമായ സാധ്യത ഇല്ലെങ്കിൽ തന്നെ കുടുംബകൂട്ടായ്മ ഭാരവാഹികൾ മാസത്തിലൊരിക്കലെങ്കിലും ഒരുമിച്ച് ചേർന്ന് തങ്ങളുടെ കുടുംബ കൂട്ടായ്മയിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താനും കുടുംബങ്ങൾക്ക് സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിനും അവർ നേതൃത്വം ഏറ്റെടു ക്കേണ്ടിയിരിക്കുന്നു. ഒപ്പം പ്രാർത്ഥനയിലും വിശ്വാസത്തിലും ഒന്നാകേണ്ടതിൻ്റെ സാധ്യതകൾ പരമാവധി ഉപയോഗ പ്പെടുത്തുകയും വേണം. ഇത്തരത്തിലുള്ള വെർച്വൽ മീറ്റിംഗ്, അതിന് നമ്മെ സഹായിക്കും.
3. ഇടവകയും കുടുംബങ്ങളുമായുള്ള ബന്ധം
കൂദാശ നിർവ്വഹണങ്ങളും ഭക്ത്യാഭ്യാസങ്ങളും പരിമിതപ്പെട്ട ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുടുംബ ങ്ങളും ഇടവകയും തമ്മിൽ വലിയൊരു അകലം സംജാതമായിട്ടുണ്ട്. കുടുംബങ്ങളെ ഇടവകയുമായി ചേർത്തുനിർത്തുന്ന ശക്തമായ മാധ്യമങ്ങളും ചാലക ശക്തികളുമായി മാറാൻ കുടുംബ കൂട്ടായ്മകൾക്ക് കഴിയുമ്പോഴാണ്, കോവിഡാനന്തര കാലഘട്ടത്തിൽ നമുക്ക് ആത്മീയവും സാമൂഹിക വുമായ സംതൃപ്തി അവകാശപ്പെടാനാകുക.
4. സാമൂഹ്യ ഇടപെടലുകൾ
കോവിഡ് കാലത്ത് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ ക്ഷേമ – ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണ്. ഓരോ കുടുംബകൂട്ടായ്മകളുടേയും നേതൃ ത്വത്തിൽ ഇക്കാര്യ ത്തിനു വേണ്ടി ചെലവഴിച്ച സംഖ്യ, ആധികാരികമായി പ്രസിദ്ധപ്പെടുത്തി യാൽ അത് അനേക കോടികൾ വരും. കുടുംബകൂട്ടായ്മ പ്രവർത്തനങ്ങളെ സംബ ന്ധിച്ചിടത്തോളം ഇങ്ങിനെയുള്ള വേറിട്ട കാഴ്ചപാടുകൾ, അവയുടെ കർമ്മ മേഖലയിൽ ക്രിയാത്മകമായ മാറ്റം കൊണ്ടുവരുന്നതിന് സഹായകരമാകും.
5. ഹെൽത്ത് കെയർ വളണ്ടിയേഴ്സ്
കോവിഡ് കാലഘട്ടത്തിൽ സഭ കുടുംബകൂട്ടായ്മ സമിതിയുടെ വലിയ ഒരു തുടക്കമായിരുന്നു ഇടവകകൾ തോറും ഉള്ള ഹെൽത്ത് കെയർ വളണ്ടിയേഴ്സിൻ്റെ രൂപീകരണം. ഇങ്ങനെ രൂപീകരിക്കപ്പെട്ട ഹെൽത്ത് കെയർ വളണ്ടിയേഴ്സ്നുള്ള പരിശീലനം ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും രൂപീകരിക്കപ്പെട്ട വാട്ട്സപ്പ് കൂട്ടായ്മ വഴി നൽകുകയും ചെയ്തിട്ടുണ്ട്. കോവിഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിലാണ് ഈ ശ്രമങ്ങൾ നടത്തിയതെങ്കിലും, കേരളം അതാത് സമയങ്ങളിൽ അഭിമുഖീകരിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും ഉള്ള ഒരു സന്നദ്ധ സേനയായി ഇതിനെ നിലനിർത്താവുന്നതാണ്. ഉദാഹരണത്തിന് പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള സാമൂഹ്യ വിഷയങ്ങളിലും അതാതു കാലഘട്ടത്തിൽ പൊതു സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിലും പരിശീലനം ലഭിച്ച വളണ്ടിയേഴ്സിൻ്റെ സേവനം ഇടവകതലത്തിലും പ്രാദേശിക തലത്തിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. സഭാതലത്തിൽ തന്നെ ഇക്കാര്യത്തിന് നേതൃത്വമേറ്റെടുത്താൽ ഏത് കാലഘട്ടത്തിലും സഭയും പൊതു സമൂഹവും നേരിടുന്ന വിവിധ ആരോഗ്യപരവും സാമൂഹികപരവുമായ പ്രതിസന്ധികളിൽ, വിശ്വാസ സമൂഹത്തിനും പൊതുസമൂഹത്തിനും ഒരു കൈത്താങ്ങാവാൻ, പരിശീലനം ലഭിച്ച സന്നദ്ധസേവകരുടെ സഹായം നമുക്ക് ലഭ്യമാക്കാം. ഉദാഹരണത്തിന് രക്തദാനം ഉൾപ്പെടെ, സമൂഹം ആവശ്യപ്പെടുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള സന്നദ്ധ സേനയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
6. സ്പിരിച്ച്വൽ കെയർ വളണ്ടിയേഴ്സ്
കോവിഡാനന്തര സഭ നേരിടുന്ന വലിയ പ്രതിസന്ധിയാകും ആദ്ധ്യാത്മിക മേഖല. അടഞ്ഞദേവാലയങ്ങളും ക്ലാസ്സുമുറികളിൽ നിന്നും ഓൺലൈനിലേക്ക് മാറിയ മതബോധന ക്ലാസുകളും സാന്നിധ്യമില്ലാത്ത ധ്യാനങ്ങളും തുടങ്ങി തളർന്ന ആദ്ധ്യാത്മിക മേഖലക്ക് പുതുജീവൻ നൽകാനുള്ള പരിശ്രമമാണ് സ്പിരിച്ച്വൽ കെയർ വളണ്ടിയേഴ്സ് നടത്തേണ്ടത്. ഓരോ യുണിറ്റിലും അർഹരായവരെ കണ്ടെത്തി ആദ്ധ്യാത്മിക മേഖലയിലേക്ക് കൊണ്ടു വന്ന് യുണിറ്റിലുള്ള മറ്റ് അംഗങ്ങൾക്ക് ആത്മീയ ഉണർവ്വ് നൽകാനുള്ള ദൗത്യമാണ് ഇവരുടേത്
7) മിഷൻ കെയർ വളണ്ടിയേഴ്സ്
കേരളത്തിലെ രൂപതകൾക്ക് ഏറ്റെടുക്കാവുന്ന വലിയ ഒരു മിഷൻ പ്രവർത്തനമാണ്, മിഷൻ പ്രദേശങ്ങളിലെ ഏതെങ്കിലുമൊരു ഇടവകയെയോ ഇടവകയിലെ പ്രത്യേക സംരംഭത്തെയോ ഏറ്റെടുത്തു നടത്തുകയെന്നുള്ളത്. സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസ പരമായും പിന്നോക്കാവസ്ഥയിലുള്ള അത്തരം പ്രദേശങ്ങളെയും അത്തരം പ്രദേശങ്ങളിലെ വിവിധ സംരംഭങ്ങളെയും ഏറ്റെടുക്കുന്നത് വഴി, കേരളത്തിലെ വിശ്വാസ സമൂഹത്തിൽ മിഷൻ ആഭിമുഖ്യം വളർത്താനള്ള വലിയൊരു സാധ്യത നമുക്ക് കാണാം. ഒറ്റയടിക്ക് കേരളത്തിലെ എല്ലാ ഇടവകകളിലും പ്രാവർത്തികമാക്കാൻ പറ്റിയില്ലെങ്കിൽ കൂടി, സാവധാനം കേരളത്തിലെ വിവിധ രൂപതകളിലെ ഇടവകകൾ കേന്ദ്രീകരിച്ച് പിന്നോക്കാവസ്ഥയിലുള്ള ഏതെങ്കിലും ഒരു രൂപതയുടെ ഏതെങ്കിലുമൊരു പ്രദേശം ഏറ്റെടുക്കാനും മിഷൻ ചൈതന്യത്തിന് അനുഗുണമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യുവാനുമുള്ള സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്.
8) കോവിഡാനന്തര ആത്മീയതയും സഭാ ജീവിതവും
ഒരുപക്ഷേ സഭയുടെ വിശ്വാസ സമൂഹം കോവിഡാനന്തര കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് ആത്മീയ തലത്തിൽ ഉള്ളത്. കോവിഡിനെ പശ്ചാതലത്തിൽ സൗകര്യവും വിസ്തൃതിയുള്ള പള്ളികളിൽ 100 പേർക്കു വരെ ദിവ്യബലിയിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിട്ടും, പല ഇടവകകളിലും ആളില്ലെന്നുുള്ളത്, ഏറെ ആശങ്ക പ്പെടുത്തുന്നനുണ്ട്. ഈ കോവിഡാനന്തര കാലഘട്ടം, വിശ്വാസ സമൂഹത്തിൽ ഉണ്ടാക്കിയ ഒരു ആത്മീയ നിസ്സംഗതയ്ക്ക് വളരെ പ്രകടമായ ഉദാഹരണമായി നമുക്കിതിനെ കാണാം ഒരുപക്ഷേ കൊവിഡ് കാലഘട്ടത്തിൽ നാം പ്രാമുഖ്യം കൊടുത്തത് സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കാണെങ്കാൽ കോവിഡാനന്തര കാലഘട്ടത്തിൽ നാം പ്രാധാന്യം കൊടു ക്കേണ്ടത് സഭാമക്കളുടെ ആത്മീയ ജീവിതവും സഭാ ജീവിതവും പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാകണം. കുടുംബകൂട്ടായ്മകളും ഇടവക യോഗങ്ങളും കൂടാൻ അനുവാദമില്ലെങ്കിൽ തന്നെയും, വിശ്വാസ സമൂഹത്തെ, ഇടവകയെന്ന പൊതു സംവിധാനത്തോടു ചേർത്തു നിർത്താനും സഭാജീവിതം പ്രോത്സാഹിപ്പിക്കാനുള്ള സാഹചര്യം നാം ഒരുക്കേണ്ടതുണ്ട്.
കുടുംബ കൂട്ടായ്മയുടെ രൂപതാ യോഗങ്ങളും ഫൊറോന യോഗങ്ങളും ഇടവക കേന്ദ്ര സമിതി യോഗങ്ങളും നിർബന്ധമായും സൂം ആപ്പിലോ മറ്റേതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലോ ആരംഭിക്കേണ്ട സാധ്യതകൾ നാം ആലോചിക്കണം.
Comments
Dr.Raju Antony
ഈ അവസരത്തിന് വളരെ നല്ലതാണ്. അഭിനന്ദനങ്ങൾ.