Foto

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം 

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം 

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ കോളേജുകളിലേക്ക് ഈ അക്കാദമിക വർഷത്തെ വിവിധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 16ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാനാകൂ.

അപേക്ഷ സമർപ്പണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http://admission.uoc.ac.in/ug/ -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.CAP ID,സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ നടപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ കൈവശമുള്ള മൊബൈല്‍ നമ്പര്‍ മാത്രമേ രജിസ്ട്രേഷന്‍ സമയത്ത് നല്‍കാവൂ.മൊബൈലിലോ ഇ മെയിലിലോ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ചാണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്. ഇതിനു ശേഷമാണ്,രജിസ്‌ട്രേഷന്‍ ഫീസടയ്‌ക്കേണ്ടത്. ശേഷം അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ഓരോന്നും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രമേ അപേക്ഷ സബ്മിറ്റ് ചെയ്യാവൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കണം

വിവിധ ക്വോട്ടകളിലെ പ്രവേശനം

വിവിധ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍,മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്,ഭിന്നശേഷി വിഭാഗക്കാര്‍,വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതിൽ മാനേജ്മെന്റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ വ്യക്തിഗത അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവരെ അവര്‍ തെരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്.

വിവിധ വിഭാഗക്കാർക്കുള്ള വെയ്റ്റേജും സംവരണവും

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, എന്‍.എസ്.എസ്, എന്‍.സി.സി.തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കണം.മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 

EWS സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കും. അർഹതയുള്ള മറ്റു സംവരണ വിഭാഗങ്ങളും ഇക്കാര്യം അപേക്ഷയിൽ സൂചിപ്പിക്കണം.ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കില്ല.ഈ വിഭാഗത്തില് ലേയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ്, അതത് കോളേജിലേക്ക് നല്‍കുന്നതും പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും, കോളേജ് പ്രവേശനം നടത്തുന്നതുമാണ്

ഓപ്ഷൻ നൽകൽ

ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. ഗവൺമെന്റ്,എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താത്പര്യമുള്ള ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാനവസരമുണ്ട്.സ്വാശ്രയ കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.

നോഡൽ സെൻ്ററുകൾ

അപേക്ഷാ സമര്‍പ്പണം നടത്തിയതിനുശേഷം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയ്യതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കാവുന്നതാണ്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News