ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2024-2025 അധ്യയനവർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 23 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷകർ, രാജ്യത്തെ അംഗീകൃത സ്കൂളുകളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 6 മുതൽ 12 വരെ ക്ലാസുകളിലേക്കു സിബിഎസ്‌ഇ സിലബസ് അനുസരിച്ചാണു പഠനം.
കേരളത്തിലെ 14 ജില്ലകളിലായി 14 സ്കൂളുകളുണ്ട്. ഓരോ സ്കൂളിലും 80 സീറ്റ്. മൂന്നിലൊന്നു സീറ്റുകളെങ്കിലും പെൺകുട്ടികൾക്കാണ്. ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പട്ടികജാതി / വർഗ സംവരണമുണ്ട്.
പിന്നാക്കവിഭാഗത്തിന് 27% സംവരണമുണ്ട്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം ഭിന്നശേഷിസംവരണവുമുണ്ട്. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി മേഖലയിലെ സ്‌കൂളിൽ ഒരു വർഷം പഠിക്കേണ്ടിവരും.
ഗ്രാമങ്ങളിൽ 3, 4, 5 ക്ലാസ് പഠിച്ചവർക്കായി 75% ഗ്രാമീണ ക്വോട്ടയുണ്ട്. ഒരു ദിവസമെങ്കിലും നഗരത്തിൽ പഠിച്ചവരെ ഇതിനു പരിഗണിക്കില്ല. ശേഷിച്ച 25% സീറ്റിലേക്ക് നഗരപ്രദേശക്കാരോടൊപ്പം ഗ്രാമീണരെയും പരിഗണിക്കും
പഠനക്രമം
തെരഞ്ഞെടുക്കപ്പെടുന്നവർ,
എട്ടു വരെ മലയാളമാധ്യമത്തിൽ പഠിക്കും. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലുമായിരിക്കും പഠിക്കുക.സ്‌കൂളിൽ തന്നെ താമസിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. 9–12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് ഈ ഫീസുമില്ല. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കു വേറെ നിരക്കുണ്ട്. സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ സ്ഥിരതാമസക്കാരെ മാത്രമേ അതാത് ഇടങ്ങളിൽ പരിഗണിക്കുകയുള്ളൂ.
അപേക്ഷകരുടെ ജനനം, 2012 മേയ് ഒന്നിനു മുൻപോ 2014 ജൂലൈ 31നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല.
തെരഞ്ഞെടുപ്പ് ക്രമം
2024 ജനുവരി 20നു രാവിലെ 11.30നു നടത്തുന്ന ഒഎംആർ ടെസ്‌റ്റിലെ പ്രകടനം ആധാരമാക്കിയാണ് തെരഞ്ഞെടുപ്പ്. പ്രവേശന പരീക്ഷ, 2025 ജനുവരി 20ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകർ, അഞ്ചാം ക്ലാസിൽ പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാവുന്നതാണ്. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ഫലം മാർച്ച്–ഏപ്രിൽ സമയത്തു വെബ്സൈറ്റിൽ വരും. ടെസ്‌റ്റിലെ ചോദ്യമാതൃകകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
പരീക്ഷാക്രമം
1.മാനസികശേഷി:
40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
2.അരിത്‌മെറ്റിക്:
20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
3.ഭാഷ:
20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
ആകെ: 80 ഒബ്‌ജക്‌ടീവ് ചോദ്യം, 100 മാർക്ക്, 120 മിനിറ്റ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments