Foto

മൂന്നു പേർക്കും പരസ്പരം കുറേ ഏറ്റുപറയാനുണ്ട്

മൂന്നു പേർക്കും പരസ്പരം കുറേ ഏറ്റുപറയാനുണ്ട്...

  'ഡ്രൈവ് മൈ കാർ ' എന്ന സിനിമ ഒരർത്ഥത്തിൽ  അത്തരത്തിലുള്ള ഏറ്റുപറച്ചിലുകളുടെ കഥയാണ്..

   ഒരാൾക്ക് തന്റെ ഭാര്യയെക്കുറിച്ച് , അവളുടെ മരണത്തെക്കുറിച്ച് , അതിനുള്ള കാരണം താനാണെന്നതിനെക്കുറിച്ച്, അവളിൽ താനറിയാതെപോയ  ഇരുണ്ട ഇടങ്ങളെക്കുറിച്ച്...
"ഓത്തോ മരിച്ച ദിവസം ഞാൻ വീട്ടിലെത്തുന്നതിന് മുമ്പ് അവൾ വിളിച്ചു ചോദിച്ചു, ഞാൻ അപ്പോൾ വീട്ടിലെത്തി നമുക്ക് കുറച്ചു സംസാരിക്കാമോ എന്ന്.  അവളുടെ സ്വരം സൗമ്യവും എന്നാൽ നിശ്ചയദാർഢ്യമുള്ളതും ആയിരുന്നു.  അന്ന് എനിക്ക് വേറെ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും പക്ഷേ ഡ്രൈവിംഗ് തുടർന്നു. ഞാൻ വീട്ടിലേക്ക് പോയില്ല.   വീട്ടിലെത്തി കണ്ടുമുട്ടിയാൽ  പിന്നെ ഞങ്ങൾ പഴയ പോലെ ആകില്ല എന്ന് ഞാൻ കരുതി.  രാത്രിയേറെ വൈകി തിരിച്ചെത്തിയപ്പോഴാണ് അവൾ വീണു കിടക്കുന്നത് ഞാൻ കണ്ടത്.  ഞാൻ ആംബുലൻസിന് വിളിച്ചു. പിന്നീട് അവൾക്ക് ബോധം വന്നേയില്ല.  ഞാൻ അന്ന് കുറച്ച് നേരത്തെ വീട്ടിൽ പോയിരുന്നെങ്കിലോ?  എല്ലാ ദിവസവും ഞാൻ അങ്ങനെ കരുതുന്നു.."

   മറ്റെയാൾക്കും പറയാനുള്ളത് അപരന്റെ ഭാര്യയെക്കുറിച്ചാണ് ; അവളും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് , അവൾ പറഞ്ഞു പൂർത്തിയാക്കിയ കഥകളെക്കുറിച്ച് ..

    "മിസ്റ്റർ കഫുകു ഞാൻ ശൂന്യനാണ്. എന്റെ ഉള്ളിൽ ഒന്നുമില്ല. ഓത്തോയുടെ തിരക്കഥകൾ എന്നെ സ്പർശിച്ചതായി ഞാൻ കരുതുന്നു.  അത് വീണ്ടും അനുഭവിക്കണം എന്നുള്ളതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്.  അങ്ങനെയെങ്കിൽ , ഒടുവിൽ ഞാൻ മനസ്സിലാക്കുന്നു ,  ഓത്തോ നമ്മളിരുവരെയും  ബന്ധിപ്പിക്കുന്നു എന്നുള്ളത്  സത്യമാണ്..." 

   അവൾക്ക് പറയാനുള്ളത് തന്റെ അമ്മയെക്കുറിച്ചാണ് , അവരുടെ ജീവിതത്തെക്കുറിച്ചാണ് , അമ്മയെ താൻ വെറുത്തിരുന്നതിനെക്കുറിച്ചാണ്, അമ്മയുടെ മരണത്തെക്കുറിച്ചാണ് , അതിന് താൻ കാരണമായതിനെക്കുറിച്ചാണ്..

   " ഞാൻ എന്റെ അമ്മയെ കൊന്നു.  മണ്ണിടിച്ചിലിൽ ഞങ്ങളുടെ വീട് തകർന്നപ്പോൾ ഞാനും അതിനകത്തായിരുന്നുവെങ്കിലും  വീട്ടിനുള്ളിൽ നിന്ന് ഇഴഞ്ഞുനീങ്ങാൻ എനിക്ക് കഴിഞ്ഞു.  രക്ഷപ്പെട്ടതിനു ശേഷം പാതി പൊളിഞ്ഞ വീടിന് നേരെ കുറച്ചു നേരം നോക്കി നിന്നു.  പിന്നീടത്  കുറച്ചുകൂടി അവശിഷ്ടങ്ങൾ വീണ് പൂർണമായും നശിച്ചു.  എന്റെ അമ്മയെ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ച നിലയിൽ ഞാൻ കണ്ടെത്തി.  അവരപ്പോഴും വീട്ടിനുള്ളിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു.  എന്തുകൊണ്ട്  ഞാൻ സഹായത്തിന് വിളിച്ചില്ല എന്നോ അവരെ രക്ഷിക്കാഞ്ഞത് എന്തുകൊണ്ടെന്നോ എനിക്കറിയില്ല.  ഞാൻ അവരെ വെറുത്തിരുന്നു, പക്ഷേ അത് മാത്രമായിരുന്നില്ല അവരെ കുറിച്ച് എനിക്ക് തോന്നിയത്.  "
 ഈ സിനിമ മേളയ്ക്ക് വരുംമുമ്പേ കണ്ടിരുന്നെങ്കിലും നിശാഗന്ധിയിലെ സ്‌ക്രീനിംഗിൽ ഒന്നു കൂടി കാണാൻ തീരുമാനിച്ചത് നന്നായി. ഇത്തവണത്തെ ഓസ്കാറിൽ വലിയ പ്രതീക്ഷകൾ നിലനിർത്തുന്ന സിനിമയാണ്. മികച്ച അന്താരാഷ്ട്രചിത്രത്തിനുള്ളതും മികച്ച ചിത്രത്തിനുള്ളതുമായ നോമിനേഷനുകൾ ഒരേ സമയം ലഭിച്ച പടം.'കാനി'ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം കിട്ടി.സൂക്ഷ്മമായ കാണലും വിശദമായ എഴുത്തും ആവശ്യമായ സിനിമയാണ്. 
 

Foto

Comments

leave a reply

Related News