പാലാ : 2000 കൊല്ലമായി ഭാരതത്തിൽ നിലനിൽക്കുന്ന ചരിത്രാധിഷ്ഠിത സമൂഹമായ നസ്രാണികളുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടത്താനിരിക്കുന്ന ചരിത്ര പരമ്പരയുടെ ഉദ്ഘാടനം പാലായിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്കാരിക - ആരോഗ്യ- വിദ്യാഭ്യാസ വികസനത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകൾ അതുല്യമാണെന്നും നിർഭാഗ്യവശാൽ ഇതു തേച്ചുമായിച്ചു കളയാനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിൽ നടക്കുന്നുണ്ടെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. നസ്രാണികൾ ഒന്നിച്ചു നിന്ന് രാജ്യത്ത് വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ്. ചരിത്രപരമായ വിവിധ കാരണങ്ങളാൽ നസ്രാണികൾ ചിതറിക്കപ്പെട്ടിരിക്കുകയാണെന്നും അവരവരുടെ അസ്തിത്വം കണ്ടെത്താൻ നസ്രാണികൾ കൂടുതൽ ചരിത്രാന്വേഷികൾ ആകണമെന്നും അദ്ദേഹം പറഞ്ഞു. ജോർജ് ഓർവൽ എന്ന പ്രശസ്തനായ എഴുത്തുകാരൻ പറഞ്ഞ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു : ഒരു ജനതയെ നശിപ്പിക്കാനുള്ള ഫലപ്രദമായ എളുപ്പമാർഗം അവരുടെ ചരിത്രത്തെ നശിപ്പിക്കുകയും ചരിത്രാവബോധത്തെ ഇല്ലാതാക്കുകയും ചെയ്യുയാണ്. പാലാ രൂപതാ വികാരി ജനറൽ ജോസഫ് മലേപ്പറമ്പിലച്ചൻ, കോതമംഗലം രൂപത വികാരി ജനറൽ പയസ് മലേക്കണ്ടത്തിലച്ചൻ, ക്രൈസ്തവ പണ്ഡിതരായ പ്രൊഫസർ ഡോക്ടർ ജോർജ് മേനാച്ചേരി, ഡോക്ടർ അബ്രഹാം ബെൻഹർ, ഡോക്ടർ ബാബു കെ വർഗീസ്, ഡോക്ടർ എ വി ജോർജ് ( മുൻ V. C. എംജി യൂണിവേഴ്സിറ്റി ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോസഫ് തറപ്പേലച്ചൻ, ജോയി തോമസ് പ്ലാത്തോട്ടം, റോണി പി ജെ തൃശ്ശൂർ, സിറിൽ തയ്യിലൻ എന്നിവർ നേതൃത്വം നൽകി.
Comments