കേൾവിക്കുറവ്
ജോബി ബേബി
നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു അകലെ ശാന്തമായൊരിടത്തു ഹൃദ്യമായ ഗാനങ്ങൾ കേട്ട് വിശ്രമിക്കാൻ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല.പ്രകൃതിയുടെയോ അല്ലെങ്കിൽ മനോഹരമായ മറ്റെന്തിന്റെയുമോ ശബ്ദം നിങ്ങളിൽ എത്തുന്നില്ല എങ്കിലോ !!!കേൾവിക്കുറവ് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാതെ ഒളിഞ്ഞിരിക്കുന്ന ഒന്നു തന്നെയാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ ചെവിക്ക് മൂന്നു ഭാഗങ്ങളാണുള്ളത്. ബാഹ്യ കർണം, മധ്യ കർണം, ആന്തര കർണം.നാം കേൾക്കുന്ന ശബ്ദതരംഗങ്ങൾ ബാഹ്യ കർണത്തിലൂടെ കർണപടത്തിൽ എത്തുന്നു. അവിടെ നിന്നും നേരിയ മൂന്നു എല്ലുകളിലൂടെ ഈ തരംഗങ്ങൾ ആന്തരകർണത്തിലെ ഓവൽ വിൻഡോയിലേക്ക് സഞ്ചരിച്ച് അവിടെ നിന്നും കേൾവിയുടെ ഏറ്റവും പ്രധാന ഭാഗമായ കോക്ലിയയിലേക്ക് കടക്കുന്നു. കോക്ലിയയിലെ ചെറു കോശങ്ങളുടെ സഹായത്താൽ ഇത് വൈദ്യുത വികിരണങ്ങളായി മാറുകയും അതു തലച്ചോറിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.
കേൾവിക്കുറവ് മൂന്നു തരം:
1. കണ്ടക്ടിവ് ഹിയറിങ് ലോസ്: ബാഹ്യ കർണത്തിലും മധ്യ കർണത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം രോഗിക്ക് വരുന്ന കേൾവിക്കുറവിനെയാണ് കണ്ടക്ടിവ് ഹിയറിങ് ലോസ് എന്ന് പറയുന്നത്. ചെവിയിലെ പഴുപ്പ്, ചെവിയിൽ വെള്ളം കെട്ടി നിൽക്കുക, ഇയർ ഡ്രമ്മിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാകുക മുതലായവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ഇത്തരം കേൾവിക്കുറവ് കുട്ടികളിൽ സ്ഥിരമായി കാണുന്നതാണ്. നല്ലൊരു ഇ.എൻ.ടി സ്പെഷലിസ്റ്റിന് മരുന്നുകളിലൂടെയും ചെറിയ ശസ്ത്രക്രിയകളിലൂടെയും ഇത്തരം കേൾവിക്കുറവ് പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.
2. സെൻസറി ന്യൂറൽ ഹിയറിങ് ലോസ്: ആന്തര കർണത്തിലും നാഡികളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സെൻസറി ന്യൂറൽ ഹിയറിങ് ലോസ്. ഹിയറിങ് എയ്ഡ് തന്നെയാണ് ഇതിനുള്ള പരിഹാരം. ചെവിക്കുള്ളിൽ വെക്കുന്നത്, ചെവിക്ക് പുറമെ വെക്കുന്നത്, കണ്ണടയോട് ചേർത്തുവെക്കുന്നത് എന്നിങ്ങനെ പല തരത്തിലുള്ള ഹിയറിങ് എയ്ഡുകൾ ലഭ്യമാണ്.
3. മിക്സഡ് ഹിയറിങ് ലോസ്: നേരത്തെ പറഞ്ഞ രണ്ടു വിഭാഗങ്ങൾ ഒരുമിച്ചു വരുന്ന അവസ്ഥയെയാണ് മിക്സഡ് ഹിയറിങ് ലോസ് എന്ന് വിളിക്കുന്നത്.നിങ്ങൾ സ്ഥിരമായി മറ്റുള്ളവരെ അപേക്ഷിച്ചു ടി.വിയുടെ ശബ്ദം ഉയർത്തി വെക്കാറുണ്ടോ !! കേൾവിക്കുറവ് കണ്ടെത്താൻ വേണ്ടി ചെയ്യുന്ന പരിശോധനയാണ് ഓഡിയോമെട്രി. ഓഡിയോ മീറ്റർ എന്ന ഉപകരണത്തിെൻറ സഹായത്തോടെ വിവിധ ഫ്രീക്വൻസികളിൽ നിങ്ങൾക്ക് എന്തു മാത്രം കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നു മനസ്സിലാക്കാൻ സാധിക്കും. മേൽപറഞ്ഞ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ അടുത്തുള്ള ഇ.എൻ.ടി സ്പെഷലിസ്റ്റിനെ സമീപിക്കണം.
ഇയർഫോണുകൾ കേൾവിയെ ബാധിക്കുമോ?
കേള്‍വി ശക്തിയെ ഇയര്‍ ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും 60 ഡിബി (ഡെസിബെൽ) ശബ്ദ തീവ്രത നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പരമാവധി 80 ഡിബി ശബ്ദത്തിൽ ഇയർ ഫോണുകൾ ഉപയോഗിക്കാവുന്നതാണ്. സാധാരണ സംഭാഷണത്തിന് 60 ഡിബി മതിയാകും. അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകും. 10 മിനിറ്റ് നേരം പാട്ടു കേട്ടതിന് ശേഷം അഞ്ച് മിനിറ്റെങ്കിലും ചെവിക്ക് വിശ്രമം നൽകണം. ഉച്ചത്തിൽ പാട്ടു കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും. ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ബാക്ടീരിയക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. മൃദുവായ ഇയർബഡുകളുള്ള ഇയർഫോൺ തിരഞ്ഞെടുക്കുന്നത് അണുബാധക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കും. ചെവിക്കായം അഥവ ഇയര്‍വാക്സ് നമ്മുടെയെല്ലാം ചെവിയില്‍ ഉണ്ട്. ചെവിയുടെ സംരക്ഷണത്തിനും ശുചിത്വത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും എല്ലാം ചെവിക്കായം അത്യാവശ്യമായ ഒന്നാണ്. എന്നാൽ, ഇയർഫോണുകളുടെ ഉപയോഗം ഇയർവാക്സ് ചെവിയുടെ ഉള്ളിൽ കഠിനമായി പറ്റിപ്പിടിച്ചിരിക്കാൻ ഇടയാക്കുന്നു. ഇയർഫോണുകൾ പതിവായി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ ഇയർഫോണിൽ പറ്റിപ്പിടിച്ചിരിക്കുന്നുവെങ്കിൽ അത് വൃത്തിയാക്കണം.
കാതിൽ ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ:-
A.മധ്യകർണ്ണത്തിൽ കഫക്കെട്ട് (Secretory Otitis):- അഡിനോയിഡ് ഉള്ള കുട്ടികളിൽ കാതിനെയും തൊണ്ടയും ബന്ധിപ്പിക്കുന്ന Eustachian Tube അടയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.കുട്ടികളിലാണ് ഇത് സാധാരണയായി കാണുന്നത്.ശ്രദ്ധിക്കപ്പെടാത്ത കേൾവിക്കുറവായിട്ടാണ് ഇത് തുടങ്ങുന്നത്.കുട്ടി പഠിത്തത്തിൽ പിന്നോട്ട് പോവുകയോ സംസാരത്തിൽ ശ്രദ്ധക്കുറവ് കാണിക്കുകയോ ചെയ്യ്താൽ ഉടൻ തന്നെ ഇ.എൻ.റ്റി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്.ചികിത്സിച്ചു പൂർണ്ണമായി മാറ്റാവുന്ന രോഗമാണിത്.കൂടുതൽ നാൾ കർണ്ണപടത്തിനകത്തു കഫം നിന്നാൽ സ്ഥായിയായ കേൾവിക്കുറവ് ഉണ്ടാകും.
B.കാതുപഴുപ്പ്:- ഇത് രണ്ട് വിധമുണ്ട്.External Otitis(ബാഹ്യ കർണ്ണത്തിലെ രോഗാണുബാധ)Otitis Media(മധ്യ കർണ്ണത്തിലെ രോഗാണുബാധ).External Otitis പലപ്പോഴും കാതിൽ ബഡ്സുകൾ(BUDS)പോലുള്ള എന്തെങ്കിലും ഇട്ട് ചൊറിയുന്നത് മൂലമാണ്.Fungal മൂലമുള്ള External Otitis നമ്മുടെ നാട്ടിൽ വളരെ സാധാരണമാണ്.otitis media കൂടുതലായും ജലദോഷം മൂലമാണ്.അഡിനോയിഡ് ഉള്ള കുട്ടികളിൽ ഇതിന് സാധ്യത കൂടുതാലാണ്.ശക്തിയായി മൂക്കുചീറ്റുന്നവർക്കും പെട്ടന്ന് Otitis Media ഉണ്ടായേക്കാം.കാത് വൃത്തിയാക്കി ആന്റിബയോട്ടിക്‌സ് ഓയിന്റ്മെന്റ് പുരട്ടിയാൽ External Otitis ഭേതമായേക്കാം.Otitis Media ക്ക് ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വരും. Otitis Media
കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്രോണിക് ഓട്ടിസം മീഡിയ എന്ന അവസ്ഥയിൽ എത്താനും ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സാരീതികൾ സ്വീകരിക്കേണ്ടതായും വരാം.
C.തലക്കറക്കം:- തലക്കറക്കം പ്രധാനമായും കാതിന്റെ ആന്തരിക കർണ്ണത്തിലെ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.ഒരു ജീവിതചര്യ രോഗമായി നമുക്കതിനെ കണക്കാക്കാം.മാനസീക സംഘർഷം,അമിത ശബ്ദം കേൾക്കുക,എന്നിവയെല്ലാം തലകറക്കത്തിലേക്ക് നയിക്കാം.പ്രധാനമായും കാതിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന Meniere’s Syndrome ആന്തരിക കർണ്ണത്തിലെ കാൽസ്യം ക്രിസ്റ്റൽസ് ഇളകിമാറുന്ന Benign Paroxysmal Positional Vertigo (BPPV)എന്നിവയാണ് തലക്കറക്കത്തിന്റെ പ്രധാന കാരണങ്ങൾ.
രക്തക്കുറവ്,തലച്ചോറിന്റെ രക്തയോട്ടക്കുറവ് ട്യൂമറുകൾ എന്നിവ അപൂർവ്വമായി തലക്കറക്കം ഉണ്ടാക്കാറുണ്ട്.അതിനാൽ വിദഗ്‌ദ്ധ പരിശോധനയ്ക്ക് ശേഷം മാത്രം മരുന്നുകൾ കഴിക്കുക.
D.ബധിരത:- ഇന്ന് ഭാഗീകമായോ കടുത്തരീതിയിലോ ഉള്ള ബധിരത കൂടി വരുന്നതായിട്ടാണ് കാണുന്നത്.വർധിച്ചുവരുന്ന അമിത ശബ്ദമാണ്(Noise Pollution)അതിന്റെ പ്രധാന കാരണം.ഇയർ ഫോൺ വെച്ചു സ്ഥിരമായി പാട്ട് കേൾക്കുക,കുട്ടികൾക്കിടയിൽ സർവ്വസാധാരണമാണ്.ചെറുപ്പത്തിൽ തന്നെ ഭാഗീകമായ കേൾവിക്കുറവും മധ്യവയസ്സിൽ പൂർണ്ണ ബധിരതയും ഇതുമൂലം ഉണ്ടാകുന്നു.ലൗഡ് സ്പീക്കർ,വീടിനുള്ളിലെ ഇലക്ട്രിക്ക്/ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മൂലം ഉണ്ടാകുന്ന ശബ്ദങ്ങൾ എന്നിവയെല്ലാം തുടർച്ചയായി കേൾക്കുന്നത് അപകടകരമാണ്.അമിത ശബ്ദം മൂലം ബധിരത മാത്രമല്ല,പ്രമേഹം,രക്തസമ്മർദ്ധം,ഹൃദ്രോഹം,അസിഡിറ്റി,വർദ്ധിച്ച മാനസീക സംഘർഷം,ഓർമ്മക്കുറവ് തുടങ്ങിയവ എല്ലാ ജീവിതചര്യ രോഗങ്ങൾക്കും ഇത് കാരണമാകുന്നു.അമിതശബ്ദം ഒഴിവാക്കുക എന്നതുമാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി.
നഗരങ്ങളിലെ ശബ്ദ മലിനീകരണം പരിഹാരമാർഗ്ഗങ്ങൾ:-
● വാഹനങ്ങളിലെ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.അപകടം മുന്നിൽ കണ്ടാൽ മാത്രം ഉപയോഗിക്കാനുള്ളതാകണം ഹോണുകൾ.ഓവർടേക്ക് ചെയ്യാനും മറ്റും ഹോൺ അടിക്കാതിരിക്കുക.
● ഏറ്റവും കുറഞ്ഞ ശബ്ദം ഉണ്ടാകുന്ന ഹോണുകൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവൂ.വാഹനങ്ങൾ വാങ്ങിയ ശേഷം കൂടുതൽ ഹോണുകൾ ഘടിപ്പിക്കാതിരിക്കുക.എല്ലാത്തരം വാഹനങ്ങൾക്കും ഇത് ബാധകമാണ്.
● നിലവിലുള്ള മോട്ടോർ വാഹന ചട്ടമനുസരിച്ചു അനുവദനീയമായ ശബ്ദപരിധി,കേന്ദ്ര നിയമപരിധിയിലും കൂടുതലാണ്.മോട്ടോർ വാഹനങ്ങളിൽ ഏറ്റവും കൂടിയ പരിധി 65ഡെസിബെൽ ആക്കി കുറയ്ക്കുക.
● മോട്ടോർ വാഹന വകുപ്പ് കൂടുതൽ ക്രിയാത്മകമാകണം.അനാവശ്യമായി ഹോൺ അടിക്കുന്നവർക്ക് പിഴ ചുമത്താനുള്ള നിയമം ആവശ്യമാണ്.
● പോലീസിന്റെ ഭാഗത്തുനിന്നും കൂടുതൽ പ്രവർത്തനം ആവശ്യമാണ്.നിയമത്തിൽ അനുശാസിക്കുന്ന സൈലന്റ് ഹോൺ(ആശുപത്രി,സ്കൂളുകൾ,കോടതികൾ മുതലായവയ്ക്ക് ചുറ്റും)കർശനമായി ഏർപ്പെടുത്തുവാനും പാലിക്കുവാനും പോലീസിനു സാധിക്കണം.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ)
Comments