ജയ് ഭാരത്
ജയ് ശ്രീജേഷ്
ഇന്ത്യൻ ഹോക്കി
ജയ് ജയ് ഹോ
''ഇത് വിഷമിക്കാനുള്ള സമയമല്ല '' സെമിഫൈനൽ മൽസരത്തിൽ ലോക ചാമ്പ്യൻമാരായ ബെൽജിയത്തോട് 5-2 ന് പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ ഹോക്കി ടീമിലെ ഏക മലയാളി താരത്തിന്റെ പ്രതികരണമതായിരുന്നു. ''ബെൽജിയത്തിനെതിരെയുള്ള തോൽവി കഴിഞ്ഞു പോയ ഒരു കാര്യം. ഇനി ചിന്തിക്കുന്നത് വെങ്കല മെഡലിനുള്ള ഈ ഒളിംപിക്‌സിലെ അവസാന പോരാട്ടമാണ്. നാട്ടിലേക്ക് ഒരു മെഡലുമായി മടങ്ങണം''. കഴിഞ്ഞ ഒളിംപിക്‌സിൽ ഇന്ത്യൻ ഹോക്കി ടീം നായകനായിരുന്ന, എറണാകുളം, കിഴക്കമ്പലം, പള്ളിക്കര ഗ്രാമത്തിൽ നിന്ന് ഇന്ന് ഏഷ്യാ വൻകരയോളം വളർന്ന പി.ആർ. ശ്രീജേഷ് അങ്ങനെയാണ്. കഴിഞ്ഞു പോയതിനെക്കുറിച്ച് വിലപിക്കാതെ വരാനിരിക്കുന്നതിനെ എങ്ങനെ സമർത്ഥമായി നേരിടണമെന്ന് മനസ്സിൽ പദ്ധതിയിടുന്ന ശ്രീജേഷ് ടോക്കിയോ 2020 ഗെയിംസിൽ ഇന്ത്യയുടെ ശ്രീ തന്നെ ആയിരിക്കുന്നു. ഈ ഒളിംപിക്‌സിൽ മാത്രമല്ല, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ പ്രതിരോധത്തിന്റെ വൻമതിലായി ഗോൾ പോസ്റ്റിനു മുന്നിൽ അക്ഷോഭ്യനായി, തന്റെ മികച്ച സേവുകളിലൂടെ, സമർത്ഥമായ കളിയിലൂടെ ശ്രീജേഷ് കാട്ടുന്ന മികവിനൊത്ത് ടീം ഉയർന്ന പ്ലോൾ, ടോക്കിയോ ഗെയിംസിൽ ഇന്ത്യ ഹോക്കിയിൽ നഷ്ടപ്പെട്ട പഴയ പ്രതാപകാലത്തേക്ക് മടങ്ങുകയാണെന്ന് തോന്നി. കഴിഞ്ഞ നാല് ഒളിംപിക്‌സുകളിൽ മെഡൽ നേടിയിട്ടുള്ള ജർമനിയുടെ കരുത്തിന് മുൻപിൽ കഴിഞ്ഞ ലോക കപ്പിന്റെ തനി ആവർത്തനം ഇന്ത്യ നടത്തിയപ്പോൾ ഇന്ത്യയ്‌ക്കൊപ്പം ശ്രീജേഷിനും മെഡലുമായി നാട്ടിലേക്ക് മടങ്ങുവാൻ കഴിഞ്ഞിരിക്കുന്നു. കളിക്കുവാനും, അവരിൽ എന്തെന്നില്ലാത്ത ആവേശം നിറച്ചു നൽകുവാനും, നിർണായക ഘട്ടങ്ങളിൽ ഗൗരവമേറിയ കൽപനകൾ പുറപ്പെടുവിക്കുവാനുമുള്ള ശ്രീജേഷിന്റെ അസാമാന്യമായ കഴിവും, ഉൽസാഹവും ഇന്ത്യൻ ഹോക്കിയെ 1980ന് ശേഷം ഒളിംപിക്‌സിന്റെ മെഡൽ വേദിയിൽ എത്തിച്ചിരിക്കുകയാണ്. 41 വർഷത്തെ നീണ്ട പ്രതീക്ഷയാണ് ഓരോ നാലു കൊല്ലവും ഒളിംപിക് വിശ്വ കായിക മേള നടക്കുമ്പോൾ ഏറെ കൊതിച്ച മെഡലിലൂടെ പൂവണിഞ്ഞിരിക്കുന്നത്.
1928 ആംസ്റ്റർഡാം ഒളിംപിക്‌സിലാണ് ഇന്ത്യൻ ഹോക്കി ടീം സ്റ്റിക്കുമായി ഇറങ്ങിയത്. ധ്യാൻ ചന്ദിന്റെയും, രൂപ് സിങ്ങിന്റെയും കാലഘട്ടത്തിൽ അജയ്യ ശക്തിയായിരുന്നു ഇന്ത്യ. 1956 മെൽബോൺ ഗെയിംസുവരെ തുടർച്ചയായി ആറ് ഒളിംപിക്‌സുകളിൽ സ്വർണ്ണമെഡലുമായി അനിഷേധ്യ ശക്തിയായി നിലകൊണ്ടു. രണ്ടാം ലോക മഹായുദ്ധം കാരണം 1940, 1944 ഒളിംപിക്‌സുകൾ നടന്നിരുന്നില്ല. 1960-ൽ റോം ഒളിംപിക്‌സിൽ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിച്ച് ഉപഭൂഖണ്ഡത്തിലെ പുതു ഹോക്കി ശക്തിയായി ഉദയം കൊണ്ടു. 1964 ടോക്കിയോ ഗെയിംസിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ച് സ്വർണ്ണം നേടി. 1968 മെക്‌സിക്കോ ഗെയിംസിൽ ഇന്ത്യൻ ടീമിലെ പടലപ്പിണക്കം പുറത്തുവന്നു. രണ്ട് നായകന്മാർ ചരിത്രത്തിലാദ്യമായി ടീമിനെ നയിക്കാനിറങ്ങിയത് വലിയൊരു ദുരന്തമാണ് ക്ഷണിച്ചു വരുത്തിയത്. പൃഥ്വിപാൽ സിങ്ങും, ഗുരു ബെക്‌സ് സിങ്ങും കൂടി നയിച്ച ഇന്ത്യ വെങ്കല മെഡലിലേക്ക് തരംതാഴുകയായിരുന്നു. 1972 മ്യൂണിക് ഗെയിംസിൽ ഹർമിക്ക് സിങ്ങ് നയിച്ച ടീം ഓട്ടു മെഡലുമായിട്ടാണ് മടങ്ങിയത്. നാലു വർഷങ്ങൾക്കു ശേഷം 1976-ൽ മോൺട്രിയോൾ ഗെയിംസിൽ ഏഴാം സ്ഥാനത്തേക്കു കൂപ്പു കുത്തിയ ടീം 1980 മോസ്‌കോ ഗെയിംസിലാണ് ഉയിർത്തെഴുന്നേറ്റത്. മോസ്‌കോ ഗെയിംസിൽ അമേരിക്കയും, യൂറോപ്യൻ രാഷ്ട്രങ്ങളും വിട്ടുനിന്ന, ലോക കായിക മാമാങ്കത്തിൽ വാസുദേവൻ ഭാസ്‌കരൻ നയിച്ച ടീം സ്വർണ്ണം വീണ്ടെടുത്തു. 1984 ൽ ലോസാഞ്ചൽസിൽ വീണ്ടും അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ട ഇന്ത്യ 2008 ബെയ്ജിങ്ങ് ഗെയിംസിൽ യോഗ്യത നേടുകയുണ്ടായില്ല. 2012 ലണ്ടൻ ഒളിംപിക്‌സിൽ പന്ത്രണ്ടാം സ്ഥാനത്തേക്കു പതിച്ച ഇന്ത്യൻ ടീം ശ്രീജേഷിന്റെ നേതൃത്വത്തിൽ 2016 റിയോ ഗെയിംസിൽ ക്വാർട്ടർ കാണാതെ മടങ്ങി.
ആറു പുതിയ താരങ്ങൾ ഉൾപ്പെട്ട പതിനാറാം ടീം മൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിൽ ടോക്കിയോ ഗെയിംസിൽ, സകല പ്രായശ്ചിത്തവും ചെയ്തു കഴിഞ്ഞിരിക്കുന്നു. ആറിലധികം രാജ്യാന്തര മൽസരങ്ങൾ കളിച്ചിട്ടുള്ള പത്തു കളിക്കാർ ടീമിലുണ്ടായിരുന്നത് ഇക്കുറി ടീം ഇന്ത്യയ്ക്കു കരുത്തേറെ പകർന്നിരുന്നു. 2016 ജൂനിയർ ലോക കപ്പ് ജയിച്ച ആറു പുതുമുഖങ്ങൾ സീനിയർ താരങ്ങളോടൊപ്പം ചേർന്നത് ഇന്ത്യൻ ടീമിന് യുവത്വത്തിന്റെ പ്രസരിപ്പ് ഏറെ നൽകുകയുണ്ടായി. കോച്ച് ഗ്രഹാം റീഡിന്റെ കിടയറ്റ ശിക്ഷണം ടീമിനെ അടിമുടി ഉടച്ചു വാർക്കുക മാത്രമല്ല വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാത്ത ഒരു യൂണിറ്റാക്കി മാറ്റി. തന്റെ കുട്ടികളെ ഇതിഹാസ തുല്യരായിട്ടാണ് ഗ്രഹാം റീഡ് മൽസര ശേഷം ട്വിറ്ററിൽ കുറിച്ചത്.
വെങ്കല മെഡൽ നേടിയ നിർണായക മൽസരത്തിൽ കളിയുടെ തുടക്കത്തിൽ തന്നെ, രണ്ടാം മിനിറ്റിൽ വീണ ജർമനിയുടെ ടിമുർ ഒസുറിന്റെ ഗോൾ മൽസരത്തിന്റെ ഗതിയാകെ മാറുകയാണോ എന്ന് സംശയിച്ചവരുണ്ട്. മൻപ്രീത് സിങ്ങിന്റെ ടീമിൽ ഇന്നത്തെ മൽസരത്തിൽ സിമരജ്ഞിത് സിങ്ങാണ് താരശോഭ പിടിച്ചു വാങ്ങിയത്. ഹരൺപ്രീത് സിങ്ങും, ഹാർദിക് സിങ്ങും, രുപീന്ദർ സിങ്ങും മികച്ച ഫോമിൽ ഗോളുകളിലൂടെ ടീമിന് മുതൽക്കൂട്ടായി.
കഴിഞ്ഞ ഒരു മാസക്കാലം കടുത്ത പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യൻ ടീം ടോക്കിയോ ഗെയിംസിനായി ഒരുങ്ങിയത്. കോവിഡ് മഹാമാരി ചില താരങ്ങൾക്കെങ്കിലും വെല്ലുവിളികൾ ഉയർത്തി. തളരാതെ, ഒരേ മനസ്സുമായി ശുഭ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങിയതാണ് ഇന്ത്യയെ ഔന്നത്യങ്ങളിലെത്തിച്ചിരിക്കുന്നത്. തികച്ചും അർഹമായ ഒരു മെഡലിനായി 130 കോടിയിലേറെ ജനങ്ങളുടെ പ്രാർത്ഥനയുടെ ബലത്തിൽ കഠിനാദ്ധ്വാനം ചെയ്തു കളിക്കാനിറങ്ങിയ ടീമിന് തളരാതെ പോരാടിയതിന് ഫലമുണ്ടായി. രണ്ട് ഗോളിന് പിന്നിൽ നിന്ന ടീം അവിസ്മരണീയ തിരിച്ചു വരവ് നടത്തിയാണ് വെങ്കല മെഡലുറപ്പിച്ചത്. കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ഡോക്ടർമാർക്കും, ആരോഗ്യ പ്രവർത്തകർക്കുമായി ടോക്കിയോ വിജയം മൻപ്രീത് സിങ്ങ് മത്സരശേഷം സമർപ്പിച്ച ടീമിന്റെ കരുതലിന്റെ ശക്തി തന്നെയാണ്.
ചിട്ടയായ പരിശീലനങ്ങളിലൂടെ, ഒരേ മനസ്സുമായി, ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൂടുതൽ ഉയരങ്ങളിലെത്തുവാൻ ഇന്ത്യൻ ഹോക്കി ടീമുകൾക്ക് കഴിയട്ടെ. ഒരു ദേശീയ ടീമിനെ അപ്പാടെ സ്‌പോൺസർ ചെയ്യാൻ ധൈര്യമായി മുന്നോട്ടുവന്ന ഒറീസ്സ സർക്കാറിനും, കഴിഞ്ഞ കാൽനൂറ്റാണ്ടായി ആ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനും ആ ചെറിയ സംസ്ഥാനമൊരുക്കിയ സേവനങ്ങൾക്ക് രാഷ്ട്രീയ ഭേദമെന്യേ നന്ദി പറയാതെ വയ്യ.
എൻ . എസ് . വിജയകുമാർ
Comments