Foto

ഫാ.സ്റ്റാന്‍ സ്വാമിയോടൊപ്പം വിചാരണത്തടവുകാരനായ ഹാനി ബാബുവിന് കോവിഡ്

ഫാ.സ്റ്റാന്‍ സ്വാമിയോടൊപ്പം വിചാരണത്തടവുകാരനായ ഹാനി ബാബുവിന് കോവിഡ്

ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനിലയെപ്പറ്റി കൃത്യ വിവരങ്ങള്‍ കിട്ടാതെ
സുഹൃത്തുക്കളും ജെസ്യൂട്ട് സഭയിലെ സഹവൈദികരും  അങ്കലാപ്പില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ഭീമ കൊറേഗാവ് കേസില്‍ കുരുങ്ങി ഫാ.സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റിലായി വിചാരണത്തടവുകാരനായ പ്രൊഫ. ഹാനി ബാബുവിന് കോവിഡ്. നവി മുബൈ ജയിലില്‍ നിന്ന്് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ ഈ കേസില്‍ ഉള്‍പ്പെട്ട് തടവറയിലായവരുടെ കാര്യത്തില്‍ കനത്ത ഉത്ക്കണ്ഠ ഉയരുന്നുണ്ട്.
 
അതേസമയം, ജയില്‍ അധികൃതരില്‍ നിന്നോ നിലവില്‍ ചികിത്സയില്‍ കഴിയുന്ന ജെ.ജെ ആശുപത്രിയില്‍ നിന്നോ ചികിത്സ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ ഹാനി ബാബുവിന്റെ കുടുംബം ആരോപിച്ചു. കണ്ണിന്റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ജെ.ജെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഈ ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തെ ചികിത്സിപ്പിക്കുന്നത്.

ഫാ. സ്റ്റാന്‍ സ്വാമിയുടെ സെല്ലിലായിരുന്നില്ല പ്രൊഫ. ഹാനി ബാബു കഴിഞ്ഞിരുന്നതെങ്കിലും തടവുകാരുടെ ബാഹുല്യവും സൗകര്യങ്ങളുടെ അപര്യാപതതയും തീവ്രമായ ജയിലില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനിലയെപ്പറ്റി വിശ്വസനീയമായ വിവരങ്ങള്‍ കിട്ടാതെ അങ്കലാപ്പിലാണ്് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജെസ്യൂട്ട് സഭയിലെ സഹവൈദികരും.

ജൂലൈ 2020 മുതല്‍ വിചാരണ തടവുകാരനായി തലോജ ജയിലില്‍ കഴിയുന്ന ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ ഇന്‍ഫെക്ഷന്‍ ബാധിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇടതു കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണിന്റെ ശേഷി ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. മറ്റു ശരീരഭാഗങ്ങളിലേക്കു പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ ഇന്‍ഫെക്ഷന്‍, തലച്ചോറിലേക്ക് പടരാനും അത് വഴി അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ടെന്ന് ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന, സഹോദരങ്ങളായ ഹരീഷ് എം.ടി, എം.ടി അന്‍സാരി എന്നിവര്‍ പറയുന്നു.അതിഭീകര വേദനയാല്‍ അദ്ദേഹത്തിന് ഉറങ്ങാനോ, ദിനചര്യകള്‍ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിരുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം ഇന്‍ഫെക്ഷന്‍ ഉള്ള കണ്ണ് സമയാസമയം വൃത്തിയാക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ജയിലിലെ പരിമിതികള്‍ മൂലം വൃത്തിയില്ലാത്ത തുണി കൊണ്ട് അദ്ദേഹത്തിന് കണ്ണ് മൂടിക്കെട്ടേണ്ടി വന്നു.

2021 മെയ് 3നായിരുന്നു ആദ്യമായി ഹാനി ബാബുവിന് ഇടത് കണ്ണില്‍ വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്ന് തന്നെ ഡബിള്‍ വിഷനിലേക്കും സഹിക്കാന്‍ കഴിയാത്ത വേദനയിലേക്കും മാറി. ജയിലില്‍ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ല എന്ന പ്രിസണ്‍ മെഡിക്കല്‍ ഓഫീസറിന്റെ നിര്‍ദേശപ്രകാരം അന്ന് തന്നെ ഒരു നേത്രവിദഗ്ധന്റെ അഭിപ്രായം വേണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എസ്‌കോര്‍ട്ട് ഓഫീസര്‍ ഇല്ല എന്ന കാരണത്താല്‍ ചികിത്സക്കായി കൊണ്ട് പോയില്ല.മെയ് 6ന് ഹാനി  ബാബുവിന്റെ വക്കീല്‍ തലോജാ ജയില്‍ സൂപ്രണ്ടിന് അയച്ച മെയിലുകള്‍ കൊണ്ട് മാത്രമാണ് മെയ് 7ന് വാഷിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ കൊണ്ട് പോയത്.

നേത്രവിദഗ്ധന്‍ ആന്റി ബാക്റ്റീരിയല്‍ മരുന്നുകള്‍ കൊടുക്കുകയും രണ്ട് ദിവസത്തിന് ശേഷം തുടര്‍ചികിത്സയ്ക്കായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപകടകരമാം വിധം അദ്ദേഹത്തിന്റെ ആരോഗ്യം മോശപ്പെട്ടെങ്കിലും തുടര്‍ചികിത്സക്കായി  കൊണ്ട് പോവുകയുണ്ടായില്ല. പതിവ് പോലെ ജയില്‍ അധികാരികള്‍ ചൂണ്ടി കാണിച്ചത് എസ്‌കോര്‍ട്ട് ഓഫീസറുടെ അഭാവമാണ്. മെയ് 10ന് രാവിലെ 8  മണിക്ക്, ഹാനി ബാബുവിന്റെ അഭിഭാഷകയായ പായോഷി റോയ് തലോജാ ജയിലിലെ സൂപ്രണ്ടുമായി സംസാരിക്കാന്‍ 8 തവണ വിളിച്ചെങ്കിലും  സൂപ്രണ്ട് സംസാരിക്കാന്‍ തയ്യാറായില്ല. 8:30ന് ജയിലര്‍ വക്കീലിനെ വിളിക്കുകയും ഹാനി ബാബുവിന്റെ ആരോഗ്യാവസ്ഥയെ പറ്റി തനിക്കറിയാമെന്നും പിറ്റേന്ന് തന്നെ ആശുപത്രിയില്‍ കൊണ്ട് പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും പറഞ്ഞു.

ഇനി ഈ കാര്യത്തില്‍ അലംഭാവം കാണിക്കരുതെന്നും ഉടന്‍ തന്നെ ഹാനി  ബാബുവിനെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷക വീണ്ടുമൊരു മെയില്‍ സൂപ്രണ്ടിന് അയച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നും ചികില്‍സ കിട്ടാന്‍ ഒരു ദിവസം വൈകിയാല്‍ പോലും കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാനും അദ്ദേഹത്തിന്റെ അവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ടെന്ന് ആ മെയിലില്‍ ഓര്‍മപ്പെടുത്തി. പക്ഷെ, മെയ് 11നു പോലും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ ഒരു മാനസികാവസ്ഥയിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സ പോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടി വരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം ലഭിച്ചതും ഉറപ്പാക്കിയതുമായ അവകാശങ്ങള്‍  മാത്രമാണ്- ഹാനി  ബാബുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

അതേസമയം, ഫാ. സ്റ്റാന്‍ സ്വാമി (84)യുടെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ബോംബെ ഹൈക്കോടതി  മറുപടി സമര്‍പ്പിക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായതു മുതല്‍ നവി മുംബൈയിലെ തലോജ ജയിലിലാണു ഫാ.സ്റ്റാന്‍ സ്വാമി. ഇതേ കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മലയാളി റോണ വില്‍സനും ഷോമ സെന്നും തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും എന്‍ഐഎയുടെയും അഭിപ്രായം തേടിയിട്ടുണുണ്ട്.  റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നുഴഞ്ഞുകയറി സ്ഥാപിച്ച രേഖകളാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണമായതെന്ന യുഎസ് ഫൊറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിച്ചത്.

ആറു മാസത്തോളമായി ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ മാസം വീണ്ടും തള്ളിയിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി  നല്‍കിയ ജാമ്യാപേക്ഷ എന്‍ഐഎയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി ഡി. ഇ കോത്ലിക്കര്‍ തള്ളിയത്.

2020 ഒക്ടോബര്‍ 8 നാണ് റാഞ്ചിയില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തത്. നവംബര്‍ മുതല്‍ അഡ്വ. ഷെരീഫ് ഷെയ്ക്ക് വഴി ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും പുതിയ 'തെളിവുകള്‍' ഉന്നയിച്ച് എതിര്‍ വാഗങ്ങള്‍ നിരത്തി എന്‍ഐഎയുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി. അകാരണമായി അറസ്റ്റിലാകുന്നവരുടെ രക്ഷയ്ക്കായി ഒരു മനുഷ്യാവകാശ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുമായി നിരവധി ഇ മെയില്‍ ആശയവിനിമയങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമി നടത്തിയതാണ് പ്രകാശ് ഷെട്ടി ചൂണ്ടിക്കാണിക്കുന്ന മുഖ്യ തെളിവ്. താനും നിരോധിത സിപിഐയും (മാവോയിസ്റ്റ്) തമ്മില്‍ അവിശുദ്ധ ബന്ധം സ്ഥാപിക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നതായുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോപണം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം  കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായിരുന്നു.

ഇതേ കേസില്‍ അറസ്റ്റിലായിരുന്ന 80 കാരനായ വരവര റാവുവിന് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതും കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച് എന്‍ ഐ എ ക്കെതിരെ പുതിയ സൂചനകള്‍ വന്നതും ഉള്‍പ്പെടെയുള്ള പുതിയ സാഹചര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്യാസത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ സുഹദ് വൃന്ദമെങ്കിലും അദ്ദേഹത്തെ പരമാവധി സമയം തടവറയിലിടാനുള്ള തന്ത്രം തുടരുകയാണ് എന്‍ ഐ എ. ഫാ. സ്റ്റാന്‍ സ്വാമിക്കു കൂടി ജാമ്യം അനുവദിക്കപ്പെട്ടാല്‍ മൊത്തം കേസ് ദുര്‍ബലമായി വലിയ തിരിച്ചടി തങ്ങള്‍ക്കുണ്ടാകാനുള്ള  സാധ്യതകള്‍ മുന്‍കൂട്ടി കാണുന്നുണ്ട്  എന്‍ ഐ എ. ഹാനി ബാബുവിനെക്കൂടാതെ ഫാ. സ്റ്റാന്‍ സ്വാമി, സുധ ഭരദ്വാജ്, സോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവത്ത്, അരുണ്‍ ഫെറേറ, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വ്സ്, വര വര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്ലാഖ, സ്റ്റാന്‍ സ്വാമി തുടങ്ങിയവരാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മിക്കവരുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവ് ലഭിച്ചെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply