രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർദ്ധിക്കുന്നതും സൈനിക ചിലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നുവെന്നും ലിയോ പാപ്പ. ഇന്നലെ ജൂൺ ഇരുപത്തിരണ്ടാം തീയതി, റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരിന്നു പാപ്പ. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണ്. മനുഷ്യൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ നിർമ്മാർജ്ജനം ലോകത്തിൻ്റെ ഉത്തരവാദിത്വമാണെന്നും പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും പാപ്പ പറഞ്ഞു. സംഘർഷങ്ങൾക്കിടയിലും പ്രകൃതിദുരന്തങ്ങൾക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാൻ, ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയാറാകണമെന്നും, ഐക്യദാർഢ്യമെന്നത് കേവലം ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുതെന്നും പാപ്പ പറഞ്ഞു.










Comments