Foto

ഭൂരിപക്ഷത്തിന് ഉടമസ്ഥാവകാശം നൽകി സഭാതർക്കം പരിഹരിക്കാൻ കരട് ബില്ലുമായി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ഓർത്തോഡോക്‌സ് -യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയിൽ ഉള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ കരട് ബില്ല് തയ്യാറാക്കി. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടായാൽ ഭൂരിപക്ഷം ആർക്ക് എന്ന് നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കണം എന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭൂരിപക്ഷം നിശ്ചയിക്കാൻ റഫറണ്ടം നടത്തണം എന്നും മലങ്കര പള്ളികളുടെ ഉടമസ്ഥ അവകാശവും വിശ്വാസവും സംരക്ഷിക്കുന്നതിന് ഉള്ള ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉള്ള മൂന്ന് അംഗ അതോറിറ്റി ആണ് റഫറണ്ടം നടത്തേണ്ടത്. അതോറിറ്റിയിൽ ഓർത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങളിലെ ഓരോ അംഗങ്ങൾ ഉണ്ടാകണം. സഭകൾ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ല എങ്കിൽ സർക്കാരിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങൾ എല്ലാ വിശ്വാസികൾക്കും ബാധകം ആയിരിക്കും.

ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയർന്നാൽ പള്ളിയിൽ തങ്ങൾക്ക് ആണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികൾക്ക് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നൽകാം. പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം റഫറണ്ടത്തിന് ആയി അതോറിറ്റിക്ക് കൈമാറണം എന്നാണ് ബില്ലിലെ വ്യവസ്ഥ. റഫറണ്ടം കഴിയുന്നത് വരെ ഒരു പള്ളികളിൽ നിന്നും ആരെയും ഒഴിപ്പിക്കരുത് എന്നും കരട് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.

2017 ൽ സുപ്രീം കോടതി പുറപ്പടിവിച്ച വിധി പ്രകാരം 1934 ലെ സഭാ ഭരണഘടന പ്രകാരം ആണ് പള്ളികളിൽ ഭരണം നടക്കേണ്ടത് . എന്നാൽ സഭാ ഭരണഘടന രജിസ്റ്റർ ചെയ്യപ്പെടാത്ത രേഖ ആയതിനാൽ, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു. വിശ്വാസികൾ നൽകുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയത്. 2017 ലെ സുപ്രീം കോടതി വിധിക്ക് ശേഷവും മലങ്കര സഭയുടെ ഓർത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്ക് ഇടയിൽ തർക്കം തുടരുക ആണ്. ആചാരങ്ങൾ സംബന്ധിച്ച തർക്കവും തുടരുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശനങ്ങൾക്ക് വഴിവയ്ക്കുകയാണ് എന്നും ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബില്ല് ചോദിച്ച് വാങ്ങി. ശബരിമല വിവാദം ആകുന്നതിനാൽ ഇനിയെന്ത് എന്ന് വ്യക്തമല്ല.

ഓർത്തോഡോക്‌സ് യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിന് ഉള്ള കരട് ബില്ല് നിയമപരിഷ്‌കരണ കമ്മീഷൻ തയ്യാറാക്കിയത് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ട് ആണെന്നാണ് സൂചന. എന്നാൽ കരട് ബില്ലിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് ഇറക്കണമോ എന്ന കാര്യത്തിൽ ഇത് വ്യക്തത ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം സാധ്യമല്ല എന്ന നിലപാട് സ്വീകരിക്കുമ്പോൾ മലങ്കര സഭാ തർക്കത്തിൽ ഓർഡിനൻസ് ഇറക്കുന്നത് കൂടുതൽ തിരിച്ചടി ആകും എന്ന വിലയിരുത്തൽ സംസ്ഥാന ഭരണത്തിലെ ഉന്നതർക്ക് ഉണ്ട്.

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷൻ നൽകിയ കരട് ബില്ലിന്റെ അടിസ്ഥാനത്തിൽ ആണ് സംസ്ഥാന സർക്കാർ സെമിത്തേരി ഓർഡിനൻസ് കൊണ്ട് വന്നത്. മുൻ നിയമ സെക്രട്ടറി കെ. ശശിധരൻ നായർ ആണ് കമ്മീഷൻ വൈസ് ചെയർമാൻ. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകൻ ഡോക്ടർ എൻ കെ ജയകുമാർ, ലിസ്സമ്മ അഗസ്റ്റീൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.

Comments

leave a reply

Related News