Foto

കോവിഡ് പ്രതിരോധ കുത്തിവയ്‌പ് തളേളണ്ടതും കൊളേളണ്ടതും

 1796 കളിൽ എഡ്‌വേഡ് ജെന്നർ സ്മോൾ പോക്സ്(small pox) അഥവാ വസൂരിയുടെ പ്രതിരോധ കുത്തിവയ്‌പ് പരീക്ഷിക്കുമ്പോൾ, വൈറസ് പരത്തുന്ന ഒരു രോഗമാണ് വസൂരി എന്നുപോലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. കൗ പോക്സ് (Cow Pox) രോഗം വന്നിട്ടുള്ള ഇടയസ്ത്രീക്കൾക്ക് വസൂരി രോഗം വരുന്നില്ല എന്ന നിരീക്ഷണത്തിൽ നിന്നാണ്  പ്രതിരോധ കുത്തിവയ്‌പ്പിനെ പറ്റിയുള്ള ചിന്ത എഡ്‌വേഡ് ജെന്നറിൽ ഉടലെടുക്കുന്നത്.


1796 മെയ് മാസം പതിനാലാം തീയതി കൗ പോക്സ് രോഗം വന്ന  വ്യക്തിയുടെ ശരീരത്തിൽ ഉണ്ടായ കുമിളകളിൽ നിന്ന്‌ എടുത്ത സ്രവം എഡ്വേഡ് ജെനർ ജെയിംസ് ഫിലിപ്പ് എന്ന എട്ടു വയസ്സുകാരന്റെ തൊലി പുറത്ത് കുത്തിവെച്ചു. പിന്നീട്  ആ വർഷം തന്നെ  ജൂലൈ  ഒന്നാം തീയതി ഈ കുട്ടിയുടെ ശരീരത്തിൽ വസൂരിയുടെ സ്രവം തൊലി പുറത്ത് കുത്തി വെച്ചെങ്കിലും  വസൂരി രോഗം  ആ കുട്ടിക്ക്  ഉണ്ടായില്ല. പ്രതിരോധ കുത്തിവയ്‌പ്പിന്റെ പുതിയ ജാലകം ശാസ്ത്രലോകത്തിന് തുറന്നു കിട്ടിയത് വളരെ പ്രാകൃതം എന്ന് ഇന്ന് തോന്നിയേക്കാൻ ഇടയുള്ള പരീക്ഷണങ്ങളിലൂടെയാണ്.

പേപ്പട്ടി വിഷബാധയ്ക്ക് എതിരെ കുത്തിവെപ്പ് ആദ്യമായി  എടുത്തത് 1885 ജൂലൈ ഏഴാം തീയതി ജോസഫ് മെയ്സ്റ്റർ എന്ന ഒമ്പതുവയസ്സുകാരൻ ആയിരുന്നു. അന്നുവരെ മൃഗങ്ങളിൽ മാത്രമേ ഒരു കെമിസ്റ്റ് ആയിരുന്നു ലൂയി പാസ്റ്റർ എന്ന ശാസ്ത്രജ്ഞൻ റാബീസ് വൈറസിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മെഡിക്കൽ ഡോക്ടർ അല്ലാതിരുന്ന ലൂയി പാസ്റ്ററെ ഈ പരീക്ഷണത്തിന് പ്രോത്സാഹിപ്പിച്ചത്, പേപ്പട്ടി കടിച്ച് ബാലനെ ചികിത്സിച്ചു കൊണ്ടിരുന്ന ജോസഫ് ബ്രോഷർ എന്ന് പാരീസിലെ ഒരു ഫിസിഷൻ ആയിരുന്നു. "എന്തായാലും ഈ കുഞ്ഞ് മരിക്കാൻ പോവുകയാണ് നിങ്ങളുടെ ഈ പരീക്ഷണത്തിലൂടെ രക്ഷപ്പെടുകയാണെങ്കിൽ അത് വലിയ കാര്യമല്ലേ " എന്ന് പറഞ്ഞാണ് ലൂയി പാസ്റ്ററേ അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. ആ വർഷം തന്നെ പേപ്പട്ടി കടിച്ച 1726 പേർക്ക് കുത്തിവയ്‌പ് എടുത്തു അതിൽ 10 പേരെ ഒഴിച്ച് ബാക്കി എല്ലാവരും മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഒരു കാര്യം ഓർമിക്കേണ്ടതുണ്ട്. ഈ കുത്തിവയ്‌പ് എടുത്താൽ എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാകും ആകും, ഈ കുത്തിവയ്‌പ് എത്രത്തോളം ഫലപ്രദമാണ് എന്നും  അറിയാതെയാണ് അന്ന് കുത്തിവയ്‌പ്പുകൾ നൽകാൻ തുടങ്ങിയത്.
 
ഇന്ന് വാക്സിനുകൾ നിർമ്മിക്കുന്ന വിധം


മൃഗങ്ങളിൽ പരീക്ഷിക്കപ്പെടുന്ന  ആദ്യത്തെ ക്ലിനിക്കൽ ഘട്ടവും മനുഷ്യരിൽ നടത്തപ്പെടുന്ന മൂന്നു ഘട്ടം പരീക്ഷണങ്ങൾക്ക് ശേഷമാണ് ആണ് ഒരു പ്രതിരോധമരുന്ന് മാർക്കറ്റിൽ ലഭ്യമാകുക. 

ഘട്ടം ഒന്നിൽ മരുന്നിൻറെ സുരക്ഷയെക്കുറിച്ച് പരിശോധിക്കുമ്പോൾ  ഘട്ടം രണ്ടിൽ അതിൻറെ വിഷലിപ്ത്തതെയും (toxicity) രോഗ പ്രതിരോധ ശേഷി (immunity)വർധിപ്പിക്കാനുള്ള മരുന്നിന്റെ കഴിവിനെയും പറ്റി പഠിക്കുന്നു. 


ഘട്ടം മൂന്നിൽ ആയിരത്തോളം മനുഷ്യരിൽ പരീക്ഷണ അടിസ്ഥാനത്തിൽ മരുന്ന് നൽകപ്പെടുന്നു.
ഒരു വാക്സിൻ മാർക്കറ്റിൽ ഉപയോഗത്തിൽ വന്നതിനുശേഷവും നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അതാണ് ഘട്ടം നാലിൽ സംഭവിക്കുക. 


വാക്സിൻ പരീക്ഷണങ്ങൾ വർഷങ്ങൾ നീളുന്ന പ്രക്രിയയാണ്. ഭീമമായ സാമ്പത്തിക ബാധ്യതയും പരീക്ഷണത്തിനായി വ്യക്തികൾ മുന്നോട്ടു വരുന്നതിനും അവരെ തെരഞ്ഞെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും  ആണ് ഇത്രയധികം ദൈർഘ്യം വരാൻ കാരണം.

ഫാസ്റ്റ് ട്രാക്‌ഡ് കോവിഡ് വാക്സിൻ .
ഇന്ത്യയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിച്ചത് 2021 ജനുവരി പതിനാറാം തീയതിയാണ്. ഒരു വാക്സിൻ നിർമ്മിച്ചെടുക്കാൻ ഇത്രയധികം സമയം വേണ്ടിയിരിക്കേ ഒരു വർഷത്തിനുള്ളിൽ എങ്ങനെ കോവിഡിനെതിരെ വാക്സിൻ നിർമ്മിക്കപ്പെട്ടു  ഇതിൻറെ ഫലപ്രാപ്തിയും പാർശ്വഫലങ്ങളും സംശയിക്കപ്പെടേണ്ടതല്ലേ എന്ന ചോദ്യം തികച്ചും ന്യായമാണ്.

കോവിഡ് വൈറസിൻറെ സാന്നിധ്യം 2019 ഡിസംബറിൽ കണ്ടു പിടിക്കപ്പെട്ടു ഒരു മാസത്തിനകം 20 20 ജനുവരി ഓടുകൂടി കോവിഡ് വൈറസിനെ വേർതിരിച്ച്  അതിൻറെ ജനിതക ഘടനയുടെ പഠനം ആരംഭിച്ചിരുന്നു. കോവിഡ് വൈറസ് മുൻ കാലങ്ങളിൽ പ്രശനങ്ങൾ സൃഷ്ടിച്ചിട്ടുള്ള സാർസ് (SARS) വൈറസിന് സമാനമായിരുന്നതിനാലാണ് ഈ പ്രക്രിയ വേഗത്തിൽ നടക്കാൻ കാരണം. വാക്സിൻറെ നിർമ്മിതിയിൽ നിർണായകമായ പങ്കു വഹിക്കുന്നതാണ് ജനിതക കോഡിന്റെ നിർണയം.

ഇതിനോടൊപ്പം പാർശ്വഫലങ്ങൾ പരീക്ഷിക്കുന്ന ഒന്നാം ഘട്ട പരീക്ഷണങ്ങളും ഗുണമേന്മ പരിശോധിക്കപ്പെടുന്ന രണ്ടാംഘട്ട പരീക്ഷണങ്ങളും സമാന്തരമായ നടത്തി കൂടുതൽ സമയം ലാഭിക്കുകയുണ്ടായി. വെറും ആയിരം പേരിൽ മാത്രം നടത്തപ്പെട്ടിരുന്ന മൂന്നാംഘട്ട പരീക്ഷണങ്ങൾ കോവിഡ് വാക്സിന്റെ കാര്യത്തിൽ നടത്തപ്പെട്ടത് 30,000 മുതൽ 40,000 വരെ വരെ ആളുകളിലാണ്. മഹാമാരി പടരുന്ന സാഹചര്യങ്ങളിൽ അനേകം സുമനസ്സുകൾ പരീക്ഷണത്തിന് തയ്യാറായി സ്വയം മുന്നോട്ടു വന്നതാണ് കാരണം.
വാക്സിനുകൾ പലതരം


1.    ലൈവ് അറ്റെൻയൂവേറ്റഡ് വാക്സിൻ     (Live attenuated vaccine.)
നിർവീര്യം ആക്കപ്പെട്ട ഒരു വൈറസിനെ ശരീരത്തിലേക്ക് കുത്തിവെച്ച് ച ശരീരത്തിൽ ആൻറിബോഡി ഉത്പാദിപ്പിക്കുന്നു. പ്രതിരോധശേഷി കൈവരിക്കാൻ അല്പം സമയമെടുത്തേക്കും.


2.    കിൽഡ് വാക്സിൻ (Killed vaccine.)
ചത്ത വൈറസിനെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു. വൈറസ് ചത്തതാണെന്ന് മനസ്സിലാക്കാതെ ശരീരം അതിനെതിരെ ആൻറിബോഡി ഉൽപ്പാദിപ്പിക്കുന്നു. ഇത് പിന്നീട് ഉണ്ടാകാൻ ഇടയുള്ള വൈറസ് ആക്രമണത്തെ  ചെറുക്കുന്നു. വളരെ സുരക്ഷിതവും  പാർശ്വഫലങ്ങൾ  കുറഞ്ഞവയുമാണ് ഇത്തരം വാക്സിനുകൾ . പൂർണ്ണമായ ഫലപ്രാപ്തി കൈവരിക്കാൻ അല്പം സമയമെടുത്തേക്കും.
ഉദാ: കോവാക്സിൻ

3.    സബ് യൂണിറ്റ്    വാക്സിൻ (Subunit Vaccine )
ഈ വാക്സിനുകൾ അതിൽ വൈറസിൻറെ ഒരു ഭാഗം മാത്രമേ ( സ്പൈക്ക് പ്രോട്ടീൻസ്) പ്രതിരോധശേഷിക്കായി ശരീരത്തിലേക്ക് കുത്തി വെക്കുന്നുള്ളൂ. എന്നാൽ ശരീരം ഒരു പൂർണ്ണ വൈറസിന് എതിരെ എന്നവണ്ണം പ്രതികരിക്കുകയും ആൻറിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും. 

4.    വെക്ടർ വാക്സിൻ (Vector vaccine.)
വൈറസിൻറെ ജനിതകഘടനയായ ആർ എൻയെ (RNA) ഡി എൻ എ (DNA) ആക്കി മാറ്റി നിരുപദ്രവകാരിയായ മറ്റൊരു വൈറസിൽ ഈ ജനിതക  ഘടകം പിടിപ്പിച്ച്  ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു പ്രത്യുല്പാദനശേഷി തീരെ ഇല്ലാത്ത (Adeno virus) അഡിനോ വൈറസുകളാണ് പൊതുവേ  ഇതിനു വേണ്ടി ഉപയോഗിക്കുക. ഇവിടെയും ശരീരം പ്രതികരിക്കുകയും ആൻറിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും
ഉദാ: ഓക്സ്ഫോർഡ് വാക്സിൻ , കോവി ഷീൽഡ് വാക്സിൻ ഈ വിഭാഗത്തിൽ പെട്ടവയാണ്.

 -20, -70 ഡിഗ്രി താപനിലകളിൽ സൂക്ഷിക്കേണ്ട  RNA വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമല്ല.
കോവിഡ് പ്രതിരോധ ക്യാമ്പയിൻ-2021 ആദ്യ ഘട്ടം കുത്തിവെപ്പിൽ ആരോഗ്യവകുപ്പ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് നാലു വിഭാഗങ്ങളിൽ  പെടുന്ന ആളുകളെയാണ്. ആരോഗ്യപ്രവർത്തകർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പൊതുപ്രവർത്തകർ, 50 വയസ്സിന് കീഴെയുള്ള മറ്റു സഹരോഗാതുരത്തകൾ ഉള്ള വ്യക്തികൾ എന്നിവർക്കാണ്.


ഏകദേശം 30 മില്യൺ ആളുകൾ ഈ ഘട്ടം പ്രതിരോധ കുത്തിവയ്‌പ് സ്വീകരിക്കും രണ്ടു തരത്തിലുള്ള വാക്സിനുകളാണ് പ്രതിരോധ ക്യാമ്പയിനായി ഉപയോഗിച്ചുവരുന്നത്.  വെക്ടർ വാക്സിൻ  ആയ കോവി ഷീൽഡും കിൽഡ് വാക്സിൻ വിഭാഗത്തിൽപ്പെട്ട കോ വാക്സിനും. കോവി ഷീൽഡ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി - ആസ്ട്ര സെനേഷ സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ ഇന്ത്യൻ പതിപ്പാണ്. ഇതിൻറെ ശരാശരി ഫലപ്രാപ്തി 70.4% ആണെന്ന് എന്ന ശാസ്ത്രീയമായ കണക്കുകൾ തെളിയിക്കുന്നുണ്ട്.

ഭാരത് ബയോടെക് -ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി  സംയുക്തമായി വികസിപ്പിച്ച കോ വാക്സിൻ സുരക്ഷിതമാണെന്ന് 2021 ജനുവരി 21 തീയതി   ലാൻസെറ്റ് (Lancet) മാസികയിൽ വന്ന ലേഖനത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ കോ വാക്സിനെ ഫലപ്രാപ്തിയെ കുറിച്ച് സുതാര്യമായ കണക്കുകൾ ലഭ്യമല്ലാത്തത്  പൊതുജനങ്ങളിൽ അൽപം അല്പം ആശങ്ക  ഉണർത്തുന്നുണ്ട്.
വ്യക്തമായ ഒരു പ്രതിരോധ ശേഷി കൈവരിക്കാൻ ഏറ്റവും കുറഞ്ഞത് രണ്ട് ഡോസ് കുത്തിവെപ്പ് എങ്കിലും എടുക്കണം. ഡോസുകൾ തമ്മിലുള്ള ഇടവേള നാല് ആഴ്ചകൾ ആണ് .

 

കുത്തിവെപ്പ് എടുക്കണോ ? എടുക്കാതിരുന്നാലോ...

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പടരുന്ന വൈറസ് ആയതിനാൽ വസൂരി പോലെ കോവിഡ് വൈറസിനെ പൂർണമായും  പ്രതിരോധിക്കാനും ഉന്മൂലനം ചെയ്യാനുമാകും.

കോവിഡ്  വൈറസ് മൂലമുള്ള  മരണനിരക്ക് 1.5 ശതമാനമാണ്. അതായത് ഒരു ലക്ഷം പേർക്ക് കോവിഡ് വരുമ്പോൾ ഏകദേശം 1500 പേർ മരണത്തിന് കീഴ്പ്പെടും. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ പാർശ്വഫലങ്ങൾ മൂലം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരാനിടയുള്ളത് രണ്ട് ലക്ഷത്തിൽ ഒരാൾക്ക് എന്ന തോതിൽ മാത്രമാണ്.

 കുത്തിവെപ്പ് എടുത്തതുകൊണ്ട് ഒരിക്കലും കോവിഡ് ബാധ  ഉണ്ടാകില്ല  എന്ന് നമുക്ക് പറയാൻ ആവില്ല . എന്നാൽ പ്രതിരോധ കുത്തിവയ്‌പ്പിനു ശേഷം  വൈറസ് ബാധ ഉണ്ടായാൽ തന്നെ, ഏതൊരു ജലദോഷപ്പനിയെയും പോലെ  അധികം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാതെ  അത് മാറി പോകും. അതായത് കോവിഡ് ബാധ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാതെ കടന്നുപോകും.

പാർശ്വഫലങ്ങളില്ലാത്ത മരുന്നുമില്ല

2021 ജനുവരി 20 ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്കു പ്രകാരം (press information Bureau of India) രാജ്യത്ത് 6,31,417 പേർക്ക് കുത്തിവെച്ചതിൽ 0.18 ശതമാനം പേർക്കേ പാർശ്വഫലങ്ങൾ കണ്ടുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 0.002 ശതമാനമേയുള്ളൂ. കുത്തിവയ്‌പ് എടുക്കുന്നവരിൽ പൊതുവേ കാണപ്പെടുന്ന  പാർശ്വഫലങ്ങൾ  പനി, ക്ഷീണം, തലവേദന , ശരീര വേദന , സന്ധിവേദന, ഓക്കാനം, വയറിളക്കം കം, ചർദ്ദി, തലകറക്കം, തൊലിപ്പുറത്തുണ്ടാകുന്ന അലർജി തുടങ്ങിയവയാണ്.


ഉപസംഹാരം
ഒരു മഹാമാരിയെ നേരിടുന്നതിൽ ആദ്യഘട്ടമായ (stage of collective sacrifice (സംഘടിതമായ പരിത്യാഗം. ലോക്ക് ഡൗൺ തുടങ്ങിയവ) പിന്നിട്ട് വൈറസ്നോടൊപ്പം ജീവിക്കുന്ന (Stage of living with virus) ഘട്ടത്തിലേക്ക് നമ്മൾ മെല്ലെ  പ്രവേശിക്കുകയാണ്. ആദ്യഘട്ടത്തിൽ വൈറസ്  മേൽകോയ്മ നേടിയെങ്കിലും .രണ്ടാംഘട്ടത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നമ്മൾ വൈറസിനെ വരുതിയിൽ ആക്കാൻ ശ്രമിക്കുകയാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് മാത്രം പകരുന്ന രോഗമായതിനാൽ നമ്മുടെ കരുതലും സഹകരണവുമാണ് ഈ ഘട്ടത്തിൽ വൈറസ് ആണോ മനുഷ്യനാണോ വിജയിക്കുക എന്ന് നിശ്ചയിക്കുക.. പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചാലും കൈ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ ആദി പ്രതിരോധമാർഗങ്ങൾ ഇപ്പോൾ നമുക്ക്  ഉപേക്ഷിക്കാനാവില്ല. ഒന്നിച്ച് കരുതലോടെ നിൽക്കുകയാണെങ്കിൽ  അന്തിമ വിജയം നമ്മുടേതായിരിക്കും.

ഫാ ഡോ. ഡേവ് അഗസ്റ്റിൻ അക്കര കപ്പൂച്ചിൻ MBBS MD (Psychiatry) 
സീനിയർ റെസിഡന്റ്
ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ

Comments

leave a reply