ആരോഗ്യ വിചാരം,
ലേഖനം-1
വിഷയം-”കോവിഡ്:മൂന്നാം തരംഗത്തിൽ എത്തി നിൽക്കുമ്പോൾ”
ജോബി ബേബി,നഴ്സ്,കുവൈറ്റ്
കോവിഡിന്റെ മൂന്നാം തരംഗം നേരിടേണ്ടതെങ്ങനെയെന്നും മറ്റുമുള്ള ചർച്ച ധാരാളമായി കേട്ടുവരുന്നു.അതിനിടയിൽ മൂന്നാം തരംഗം അത്ര രൂക്ഷമാവില്ലെന്ന വാദവും പരക്കുന്നുണ്ട്.ചില പകർച്ചവ്യാധികൾ കൂടിയും കുറഞ്ഞും സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതായി കാണാം.തരംഗങ്ങൾ എന്ന് നാം വിളിക്കുന്നത് ഈ പ്രതിഭാസമാണ്.ലോകാരോഗ്യ സംഘടന നൽകുന്ന നിർവചനപ്രകാരം,നിയന്ത്രണവിധേയമായ വൈറസ് വ്യാപനം ശക്തമായി പുനരാരംഭിക്കുമ്പോഴാണ് തരംഗങ്ങൾ വ്യക്തമാകുന്നത്.രോഗബാധിതരുടെ എണ്ണമാണ് തരംഗരൂപത്തിന്റെ അടിസ്ഥാനം.
ഒന്നാം തരംഗമെന്നാൽ കോവിഡ് രോഗം നേരിട്ട് കാരണമാകുമെന്ന പ്രശ്നങ്ങൾ ഉൾപ്പെട്ടിരിക്കുന്നു;ആശുപത്രിവാസം,മരണം,മറ്റു ശാരീരിക പരാധീനതകൾ എല്ലാം ഇതിൽപെടും.രണ്ടാം തരംഗത്തിൽ സമൂഹത്തിന് ഇടക്കാലങ്ങളിൽ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളാണുള്ളത്.ആശുപത്രികളിൽ എത്താനാവാത്തത്,സ്ക്രീനിങ്,വാക്സിനേഷൻ എന്നിവ ലഭിക്കാതിരിക്കൽ,കാൻസർ പോലെ സങ്കീർണ രോഗങ്ങളുടെ ചികിത്സ മാറ്റിവെക്കേണ്ടിവരിക,എന്നിവ പ്രശ്നവത്കരിക്കപ്പെടുന്നു.മൂന്നാം തരംഗമായി ഇവർ കാണുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് സമൂഹത്തെ ബാധിക്കുന്ന രീതിയാണ്.എങ്ങനെയാണ് അടുത്തതലമുറയെ കോവിഡ് ബാധിക്കുക;ഇപ്പോൾ തന്നെ അനാഥരായ കുട്ടികളും വാർദ്ധക്യത്തിലുള്ളവരും സ്ത്രീകളും ഉണ്ടല്ലോ.ആരോഗ്യസേവനം ലഭിക്കുന്നതിൽ വരുന്ന അസമത്വം, അപ്രാപ്യത എന്നിവ പ്രവചിക്കപ്പെട്ടുകഴിഞ്ഞു.കൂടുതൽ ധനവിനിയോഗവും ലക്ഷ്യബോധത്തോടുള്ള ആസൂത്രണവും ഉണ്ടായില്ലെങ്കിൽ അതി സങ്കീർണമായ സാമൂഹികാവസ്ഥയുണ്ടാകും എന്നതിൽ സംശയം വേണ്ട.പുതിയ ആശയങ്ങൾ പരിഗണിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ സാമൂഹികാരോഗ്യ മേഖലയിൽ വികസനമുരടിപ്പ് ക്രമേണ ഉണ്ടായിവരും.ഇപ്പോൾ തന്നെ, ഗർഭിണികളിലെ അനീമിയ,ശൈശവത്തിലെ വളർച്ചാവിളംബം എന്നിവ നിലവിലുള്ളതിനാൽ കോവിഡാനന്തര ആസൂത്രണം അടിയന്തരസ്വഭാവം കൈവരിക്കുന്നു.
വാക്സിൻ വിതരണത്തിലെ അസന്തുലിതാവസ്ഥ കോവിഡ് വ്യാപനത്തെയും നൂതന വേരിയൻറുകളെയും സ്വാധീനിക്കാനിടയുണ്ട്.ഉദ്ദേശം 379 കോടി വാക്സിനുകൾ ഇതിനകം ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടു.എന്നാൽ ദരിദ്രരാജ്യങ്ങളിൽ 1.1% പേർക്കുമാത്രമാണ് ഒരു ഡോസെങ്കിലും കിട്ടിയത്.ചികിത്സ സാമഗ്രികൾ, പരിശോധനക്കിറ്റുകൾ എന്നിവയിലും ദരിദ്രരാഷ്ട്രങ്ങൾക്ക് പരാധീനതയുണ്ട്.അപ്പോൾ അടുത്ത തരംഗം കൂടുതൽ രോഗവ്യാപനമുണ്ടാക്കും എന്നുമാത്രമല്ല നാം മനസ്സിലാക്കേണ്ടത്, കുറേരാജ്യങ്ങൾ ഇളവുകളിലേക്ക് പോകുമ്പോൾ മറ്റുള്ളവ തുടർച്ചയായി ലോക്ഡൗൺ അനുഭവിച്ചുകൊണ്ടിരിക്കും.ഇത് പാൻഡെമിക്കിനെ രണ്ടു ട്രാക്കിലൂടെ സഞ്ചരിപ്പിക്കും.വർധിച്ച വ്യാപനം വേരിയൻറുകളെ സൃഷ്ടിക്കും.പുതിയ വേരിയൻറുകളിൽ ചിലതെങ്കിലും വാക്സിൻ ഇമ്യൂണിറ്റിയെ മറികടക്കാൻ (immune escape) കെൽപുണ്ടാക്കിയെടുക്കാൻ എന്തായാലും സാധ്യതയുണ്ട്.
മൂന്നാം തരംഗവും വാക്സിനുമായി ബന്ധപ്പെട്ടിരിക്കുന്നു.വിജയകരമായി വാക്സിനേഷൻ നടന്ന പ്രദേശങ്ങളിൽ കോവിഡ് മരണങ്ങൾ അപ്രത്യക്ഷമായി എന്നുപറയാം.അമേരിക്കയിലെ വിവിധ പഠനങ്ങൾ കോവിഡ് രോഗവും മരണവും വാക്സിൻ എടുക്കാത്തവരിലാണെന്ന് സൂചിപ്പിക്കുന്നു.വാക്സിൻ എടുത്തവരിലും ബ്രേക്ക് ത്രൂ കോവിഡ് ബാധ കാണുന്നുവെങ്കിലും സാധ്യത കുറവാണെന്ന് ഉറപ്പാക്കാനായി.വാക്സിനേഷൻ ജീവരക്ഷാമാർഗമാണെന്നതിൽ സംശയമില്ല. അതിവേഗം എല്ലാവർക്കും വാക്സിനെത്തിക്കുക എന്നതാവണം ദൗത്യം.രോഗബാധിതരിൽ 97% പേരും വാക്സിൻ എടുക്കാത്തവരാണിപ്പോൾ.ആശങ്കയുയർത്തുന്ന കാര്യം ചില വാക്സിനുകൾക്കെങ്കിലും ഡെൽറ്റ വൈറസിൽ ഫലപ്രാപ്തി കുറവാണെന്നതാണ്.
മൂന്നാം തരംഗമെത്താൻ വാക്സിൻ വിരുദ്ധത കാരണമായി പലരും പറഞ്ഞുതുടങ്ങി.വാക്സിനേഷന് ഇത്രയധികം സംരക്ഷണം നൽകാനായത് ശാസ്ത്രീയമായി ചിന്തിപ്പിക്കാൻ കാരണമാകേണ്ടതാണ്.എന്നാൽ ഇന്ത്യയുൾെപ്പടെ പല രാജ്യങ്ങളിലും ആൻറി വാക്സിൻ പ്രചാരണം ശക്തമാണ്.ഇതുവരെ വെറും 10% പേർ മാത്രമാണ് ഇന്ത്യയിൽ രണ്ടു വാക്സിൻ എടുത്തവർ.അതായത് ഒരു തരംഗമുണ്ടായാൽ വ്യാപനസാധ്യതയേറും എന്നതിൽ സംശയവും വേണ്ട.മൂന്നാം തരംഗം ശക്തമായാലും അല്ലെങ്കിലും കോവിഡ് പകർച്ചവ്യാധി നമ്മുടെ സാമൂഹിക ജീവിതത്തെ നന്നായി ഉലച്ചുകഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിൽ ഊഹാപോഹങ്ങളിലും കിംവദന്തികളിലും വിശ്വസിച്ച് ഉപേക്ഷ പുലർത്തുന്നത് ആത്മഹത്യാപരമാണ്.വാക്സിനേഷനും മറ്റ് പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്താത്ത ഒരു ചെറുത്തുനിൽപ്പിനെപ്പറ്റി ആലോചിക്കുന്നത് തന്നെ മണ്ടത്തരമാണ്.
മൂന്നാം തരംഗം കുട്ടികളുടെ ശ്രദ്ധയ്ക്ക്:-
18വയസ്സിൽ താഴെയുള്ളവർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്തതിനാൽ മൂന്നാം തരംഗത്തിൽ അവർ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്.സുരക്ഷിതരായിരിക്കാൻ അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
സാമൂഹിക അകലം കർശനമായി പാലിക്കുക,മാസ്ക് നിർബന്ധമായും ധരിക്കുക,കൈകൾ അണുവിമുക്തമാക്കുക.
ഭക്ഷണം,കളിപ്പാട്ടങ്ങൾ മുതലായവ പങ്കുവയ്ക്കരുത്.
അനാവശ്യ യാത്രകൾ ഒഴിവാക്കുക.
ബന്ധുവീടു സന്ദർശനം,ആശുപത്രി സന്ദർശനം,ഇവയ്ക്ക് കുഞ്ഞുങ്ങളെ കൂട്ടരുത്.
പനി,മണമില്ലായ്മ,ക്ഷീണം എന്നിവ കണ്ടാൽ ടെസ്റ്റ് ചെയ്യേണ്ടതാണ്.
പലചരക്ക് കടകൾ,മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ കുട്ടികളെ അയയ്ക്കരുത്.
വീടുകളിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിൽ കുട്ടികളെ വിടുന്നത് ഒഴിവാക്കുക.
കുട്ടികൾക്ക് ആവശ്യമായ അത്യാവശ്യ മരുന്നുകൾ വീട്ടിൽ തന്നെ കരുതി വയ്ക്കുക.
വീട്ടിലെ മുഴുവൻ അംഗങ്ങളും വാക്സിനേറ്റഡ് ആയിരിക്കേണ്ടതാണ്.
വീട്ടിൽ സംബർഗ പട്ടികയിൽ ഉള്ളവരോ പോസിറ്റീവ് കേസുകളോ രോഗലക്ഷണങ്ങൾ ഉള്ളവരോ ഉണ്ടെങ്കിൽ അവർക്ക് കുഞ്ഞുങ്ങളുമായി യാതൊരു വിധ സംബർഗവും പാടില്ല.
അയൽപ്പക്കത്തുള്ള കുഞ്ഞുങ്ങളുമായി കളിക്കുന്നതും,ഇടപെഴുകുന്നതും ഒഴിവാക്കുക.
മുതിർന്നവർ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യുന്നതും ചുംബനം നൽകുന്നതും ഒഴിവാക്കുക.
പൊതുചടങ്ങുകൾ,വിവാഹം,മരണാന്തര ചടങ്ങുകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്.
(കുവൈറ്റിൽ നഴ്സാണ്ലേഖകൻ).
Comments
REENA RAJAN
Worthy reading