Foto

ഫ്ളോയിഡിനെ വധിച്ച പോലീസ് ഓഫീസര്‍ക്ക് 23 വര്‍ഷത്തോളം തടവ്

ഫ്ളോയിഡിനെ വധിച്ച
പോലീസ് ഓഫീസര്‍ക്ക്
23 വര്‍ഷത്തോളം തടവ്

ശിക്ഷ കുറഞ്ഞുവെന്നു പറഞ്ഞ് കോടതിക്കു പുറത്ത് പ്രതിഷേധക്കാര്‍ ബഹളം വച്ചു

അമേരിക്കയ്ക്കു പുറമേ ലോകത്തമ്പൊടും വര്‍ണ്ണ വെറിയോടുള്ള അധിക്ഷേപം ആളിക്കത്താന്‍ ഇടയാക്കിയ ജോര്‍ജ്ജ് ഫ്ളോയിഡ് വധക്കേസിലെ പ്രതിയായ  പോലീസ് ഓഫീസര്‍ക്ക് 22 വര്‍ഷവും ആറുമാസവും തടവ് ശിക്ഷ. 45 വയസുള്ള ഡെറക് ഷോവിനെതിരെ ഏപ്രിലില്‍ മാസത്തിലാണ് കോടതി കുറ്റം ചുമത്തിയത്.അതീവ ക്രൂരതയാണ് ഷോവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന്  ജഡ്ജി പറഞ്ഞു.

വെള്ളക്കാരനായ പോലീസ്  ഉദ്യോഗസ്ഥന്‍ ഒന്‍പത് മിനിറ്റിലധികം കഴുത്തിലും പിന്നിലും മുട്ടുകുത്തിയതിനെത്തുടര്‍ന്ന് 46 വയസുള്ള കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിന്റെ വൈറല്‍ വീഡിയോ കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്ത് പ്രതിഷേധവും കലാപവും സൃഷ്ടിച്ചു.പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്ക് 30 വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്.
'നിങ്ങളുടെ വിശ്വാസ്യതയും അധികാരവും ദുരുപയോഗം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശിക്ഷ. ഫ്ളോയ്ഡിനോട് കാണിച്ച   അസാധാരണ  ക്രൂരതയും കണക്കിലെടുത്തു,'- ജഡ്ജ്  കാഹില്‍ പ്രതിയോടു പറഞ്ഞു.

ശിക്ഷ വിധിച്ചപ്പോള്‍  ഷോവിന്‍  വികാരപ്രകടനമൊന്നും നടത്തിയില്ല. ഇളം ചാരനിറത്തിലുള്ള സ്യൂട്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ അയാള്‍ ഫ്ളോയ്ഡ് കുടുംബത്തോട് മാപ്പ് ചോദിച്ചു.'നിയമപരമായ ചില പുതിയ  കാര്യങ്ങള്‍ മൂലം , എനിക്ക് ഇപ്പോള്‍ ഒരു പ്രസ്താവന നല്‍കാന്‍ കഴിയില്ല. പക്ഷേ ചുരുക്കത്തില്‍, ഫ്ളോയ്ഡ്  കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'- ഷോവിന്‍  കോടതിയെ അറിയിച്ചു.ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗമോ അല്ലെങ്കില്‍ 15 വര്‍ഷമോ അനുഭവിച്ച ശേഷം നല്ല പെരുമാറ്റമാണെങ്കില്‍ ഷോവിന് നേരത്തെ ജയില്‍ വിമോചിതനാകാന്‍ കഴിയും. കോടതിക്കു പുറത്ത് പ്രതിഷേധക്കാര്‍ ശിക്ഷ കുറഞ്ഞുവെന്നു പറഞ്ഞ് ബഹളം വയ്ക്കുകയും ഷോവിന് 40 വര്‍ഷം വരെ പരമാവധി ശിക്ഷ നല്‍കാത്തതിന് ജഡ്ജിയെ വിമര്‍ശിക്കുകയും ചെയ്തു.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഏഴു വയസ്സുള്ള മകള്‍ സംസാരിക്കുന്ന വികാര ഭരിതമായ വീഡിയോ ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  അച്ഛന്‍ ഇപ്പോഴും ആത്മാവില്‍ തന്നോടൊപ്പമുണ്ടെന്നു പറഞ്ഞ ഗിയാന ഫ്‌ളോയ്ഡ് തന്റെ മനസിന്റെ വേദനകള്‍ പങ്കു വച്ചു.
'ഞങ്ങള്‍ ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയിലും ഒരുമിച്ചാണ് അത്താഴം കഴിച്ചിരുന്നത്. പല്ല് തേക്കാന്‍ ഡാഡി എപ്പോഴും എന്നെ സഹായിക്കാറുണ്ടായിരുന്നു.' അച്ഛനോടൊപ്പം കളിക്കാനും വിമാന യാത്ര ചെയ്യാനും മറ്റുമുള്ള വ്യര്‍ത്ഥ മോഹങ്ങളും അവള്‍ എണ്ണിപ്പറഞ്ഞത് കോടതി മിഴിനീരോടെയാണ് കേട്ടത്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News