Foto

വിശ്വാസികൾക്ക് സഹായമായി വത്തിക്കാൻ വെബ്സൈറ്റ്

വിനോദസഞ്ചാരിയിൽനിന്ന് തീർത്ഥാടകനിലേക്ക്: വിശ്വാസികൾക്ക് സഹായമായി വത്തിക്കാൻ വെബ്സൈറ്റ്

റോമിലെ നാല് മേജർ ബസലിക്കകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചും, തീർത്ഥാടകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആഹ്വാനം ചെയ്തും വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി. “വിനോദസഞ്ചാരിയിൽനിന്ന് തീർത്ഥാടകനിലേക്ക്” (From Tourist to Pilgrim) എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ്, പത്തു രാജ്യങ്ങളിൽനിന്നുള്ള പതിനാറ് വിദഗ്‌ധരായ ചെറുപ്പക്കാരനാണ് ഒരുക്കിയിരിക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിനോദസഞ്ചാരികളായി റോമിലെത്തി തിരികെപ്പോകുന്നതിനുപകരം, തീർത്ഥാടകന്റെ കണ്ണുകളോടെ റോമിലെ പ്രധാന ബസലിക്കകളെ നോക്കിക്കാണാൻ വിശ്വാസികൾക്ക് അവസരമൊരുക്കി വത്തിക്കാൻ. വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി തിരഞ്ഞെടുത്ത ചെറുപ്പക്കാരാണ് തങ്ങളുടെ വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ കൂടി പങ്കുവച്ചുകൊണ്ട്, റോമിലെ നാലു മേജർ ബസലിക്കകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തീർത്ഥാടകർക്കായി വിവരിക്കുന്നത്.

“ഡിജിറ്റൽ ലോകത്ത് വിശ്വാസസംപ്രേക്ഷണം” എന്ന പദ്ധതിയുടെ ഭാഗമായി, പത്തു രാജ്യങ്ങളിൽനിന്നുള്ള പതിനാറ് വിദഗ്ദരായ ചെറുപ്പക്കാരാണ് ഈ സംരംഭത്തിൽ പങ്കുചേർന്നിരിക്കുന്നത്.

റോമിലെ മേജർ ബസലിക്കകളിൽ തങ്ങൾ നടത്തിയ സന്ദർശനത്തിലൂടെ, വാസ്തുവിദ്യയുടെ മനോഹരമായ മകുടങ്ങൾ എന്നതിനപ്പുറം, വിശ്വാസത്തിന്റെ ജീവിതസാക്ഷ്യമെന്ന നിലയിൽ അവയെ മനസ്സിലാക്കാനും, അനുഭവിച്ചറിയാനും സാധിച്ച കാര്യങ്ങളാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിലെത്തുന്ന ക്രൈസ്തവവിശ്വാസികൾക്കായി യുവജനങ്ങൾ പങ്കുവയ്ക്കുന്നത്.

വിശ്വാസപരമായി ഏറെ വളർന്നിട്ടില്ലാത്ത യുവജനങ്ങൾക്ക് പോലും, റോമിലെ മേജർ ബസലിക്കകളെ വ്യത്യസ്തമായ കണ്ണുകളോടെ നോക്കിക്കാണാനും, മനസ്സിലാക്കാനും സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വിവിധ ഭാഷകളിലായി ഒരുക്കിയിട്ടുള്ള പുതിയ മിനി വെബ്സൈറ്റ്.

തങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട പല സന്ദേശങ്ങളും മനസ്സിലാക്കാൻ, റോമിലെ മേജർ ബസലിക്കകളിൽ തങ്ങൾ നടത്തിയ സന്ദർശനങ്ങൾ സഹായിച്ചുവെന്നും, ഇവിടെയെത്തുന്ന ഓരോ സന്ദർശകർക്കും ഇതേ അനുഭവങ്ങൾ അറിയാൻ സഹായമേകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, വെബ്സൈറ്റ് തയ്യാറാക്കിയ യുവജനങ്ങൾ പറഞ്ഞു. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടങ്ങൾ കൂടുതലായി മനസ്സിലാക്കാൻ സാധിക്കുമ്പോഴാണ് കൂടുതൽ ക്രിയാത്മകമായി നമ്മുടെ വിശ്വാസസന്ദേശം മറ്റുള്ളവരുടെ ഹൃദയങ്ങളോട് പങ്കുവയ്ക്കാൻ സാധിക്കുകയെന്ന് അവർ ഓർമ്മിപ്പിച്ചു.

വിവിധ ബസലിക്കകളിൽ കാണുന്ന വിശുദ്ധരുടെ രൂപങ്ങളും, അവയ്ക്ക് പിന്നിലെ കലാകാരന്മാരും, ഇവിടെ സന്ദർശകരായെത്തുന്നവരെ, തങ്ങൾക്കൊപ്പം ഒരു മേശയ്ക്ക് ചുറ്റും ആയിരിക്കാനും, കാഴ്ചകളും, അനുഭവങ്ങളും, വിവരണങ്ങളും പങ്കുവയ്ക്കാനുമാണ് ക്ഷണിക്കുന്നതെന്ന് വത്തിക്കാൻ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി വിശദീകരിച്ചു.

റോമിലെത്തുന്ന തീർത്ഥാടകരെ ബസലിക്കകളുടെ പ്രധാനപ്പെട്ടയിടങ്ങളിലൂടെ നയിക്കുന്നതുവഴി, അവരെ വിശ്വാസപാതയിൽ കൈപിടിച്ച് നടത്തുക എന്നതാണ് വെബ്സൈറ്റിലൂടെ സംഘാടകർ ഉദ്ദേശിക്കുന്നത്. ഒരു വിനോദസഞ്ചാരിക്ക്, വെറുമൊരു ചത്വരമെന്ന് തോന്നുന്നത്, ദൈവികമായ ഒരു അടയാളമായും, വിശ്വാസഗമനത്തിലെ ഒരു പ്രധാന ഇടമായും ഇതുവഴി മാറും. വെബ്സൈറ്റ് സന്ദർശിക്കുന്നവരോട് വിനോദസഞ്ചാരിയിൽനിന്ന് തീർത്ഥാടകനിലേക്ക് (#FromTouristToPilgrim) എന്ന ഹാഷ്‌ടാഗോടെ തങ്ങളുടെ അനുഭവങ്ങളും സാക്ഷ്യവും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും സംഘാടകർ ആഹ്വാനം ചെയ്‌തു.

2025-ൽ ആചരിക്കപ്പെടുന്ന ജൂബിലിയുടെ പശ്ചാത്തലത്തിൽ, റോമിലെത്തുന്ന വിശ്വാസികൾക്ക് തങ്ങളുടെ സന്ദർശനത്തെ ഒരു തീർത്ഥാടനമാക്കി മാറ്റുന്നതിന് പുതിയ വെബ്സൈറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. https://basilicas.vatican.va/en.html എന്ന സൈറ്റിലാണ് റോമിലെത്തുന്ന വിശ്വാസികൾക്ക് സഹായകരമായേക്കാവുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Comments

leave a reply

Related News