റൊഹീങ്ക്യൻ വംശജർക്ക് സഹായഹസ്തവുമായി ബംഗ്ലാദേശിലെ സഭ !
ബംഗ്ലാദേശിൻറെ കിഴക്കു ഭാഗത്ത് കോക്സസ് ബസാർ ജില്ലയിലെ അഭയാർത്ഥി പാളയത്തിൽ പത്തുലക്ഷത്തിലേറെ റൊഹിങ്ക്യൻ വംശജർ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണുള്ളത്. 2017 ലാണ് മ്യന്മാറിൽ നിന്ന് റൊഹിങ്ക്യൻ വംശജരുടെ പലായനം ശക്തി പ്രാപിച്ചത്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മ്യാന്മാറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിൽ അഭയം തേടിയിരിക്കുന്ന റൊഹിങ്ക്യൻ വംശജർക്ക് സാദ്ധ്യമായ സഹായം നല്കുമെന്ന് അന്നാട്ടിലെ ചത്തൊഗ്രാം അതിരൂപത.
പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ “ലൊസ്സെർവത്തോരെ റൊമാനൊ” യ്ക്ക്(L'Osservatore Romano) അനുവദിച്ച അഭിമുഖത്തിൽ, ചത്തൊഗ്രാം അതിരൂപതയുടെ വികാരി ജനറാൾ ഫാദർ ടെറെൻസ് റൊഡ്രീഗസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റോഹീങ്ക്യൻ വംശജരെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ നിരന്തര ഓർമ്മപ്പെടുത്തലാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിൻറെ കിഴക്കു ഭാഗത്ത് കോക്സസ് ബസാർ ജില്ലയിലെ അഭയാർത്ഥി പാളയത്തിൽ പത്തുലക്ഷത്തിലേറെ റൊഹിങ്ക്യൻ വംശജർ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു അവസ്ഥയാണുള്ളതെന്ന് ഫാദർ റൊഡ്രീഗസ് വെളിപ്പെടുത്തി. മുസ്ലീംങ്ങളായ ഇവരുടെ ചാരെ ആയിരിക്കാനും ഇവരോടു കാരുണ്യം കാണിക്കാനും തിരുപ്പിറവിത്തിരുന്നാൾ വേളയിൽ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments