ഡോ.ജോണ്‍ തെക്കേക്കര ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് അസോസിയേറ്റ് ഡയറക്ടര്‍
കോതമംഗലം രൂപതാംഗമായ റവ.ഡോ. പോള്‍ പാറത്താഴമാണ് നിലവില്‍ ഡയറക്ടര്‍
ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഡയറക്ടര്‍ സ്ഥാനത്തിനു പുറമേ അസോസിയേറ്റ് ഡയറക്ടര്‍ സ്ഥാനത്തും മലയാളി. അസോസിയേറ്റ് ഡയറക്ടര്‍ ആയി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഡോ.ജോണ്‍ തെക്കേക്കരയെ സിബിസിഐ നിയമിച്ചു. കോതമംഗലം രൂപതാംഗമായ റവ.ഡോ. പോള്‍ പാറത്താഴമാണ് നിലവില്‍ ഡയറക്ടര്‍.
മികവാര്‍ന്ന പ്രവര്‍ത്തന മുദ്ര ചാര്‍ത്തി രാജ്യത്തെ നാലാം സ്ഥാനമുറപ്പിച്ച ആരോഗ്യ സംരക്ഷണ സ്ഥാപനമാണ് സി ബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസ്. ആയിരത്തഞ്ഞൂറിലധികം കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കല്‍ കോളേജിന്റെയും ചുമതലയാണ് കോവിഡിന്റെ അടിയന്തര പശ്ചാത്തലത്തില്‍ ഫാ. ജോണ്‍ ഏറ്റെടുക്കുന്നത്. ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം സെന്റ് ജോണ്‍സില്‍ തന്നെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയി സേവനം അനുഷ്ഠിച്ചു വരവേയാണ് പുതിയ നിയമനം.
ചങ്ങനാശേരി ഇത്തിത്താനം ഇടവക തെക്കേക്കര വര്‍ഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോണ്‍ 1997 ലാണ് മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചതിനു പുറമേ യുവദീപ്തി അതിരൂപതാ ഡയറക്ടര്‍, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
Comments