കൊച്ചി: മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പു വരുത്തുന്നതിനായി മത്സ്യബന്ധന മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏകോപന സംവിധാനമായി രൂപപ്പെടുത്തിയ മത്സ്യഫെഡിലെ അഴിമതിയെപ്പറ്റി ഗൗരവമായ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. കുറ്റക്കാരായി കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. അധികാരത്തിന്റെ തണലില്‍ രക്ഷപെടാന്‍ അവരെ അനുവദിക്കരുതെന്നും ഫോറം പ്രസിഡന്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു. മത്സ്യബന്ധന ഉപാധികള്‍ സ്വന്തമാക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കി കൊണ്ട് തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ നിയന്ത്രണം സാധ്യമാക്കുക, മത്സ്യത്തിന്റെ ഉല്പാദകരായ മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ പ്രയത്‌ന ഫലത്തിന് ആദ്യവില നിശ്ചയിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊണ്ട് ഇടനിലക്കാരുടെ ചൂഷണത്തിന് അറുതി വരുത്തുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യവും മത്സ്യ ഉല്പന്നങ്ങളുംസംഭരിക്കുകയും വിപണനം സാധ്യമാക്കുകയും ചെയ്യുകയാണ് മത്സ്യഫെഡിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍ . ഇവ സാധ്യമാക്കുന്നതില്‍ മത്സ്യഫെഡ് എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കപ്പെടണം. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉപരി സംവിധാനം എന്ന നിലയില്‍ നിന്നും ഫിഷറീസ് വകുപ്പിന്റെ ഒരു സ്ഥാപനം എന്ന നിലയിലേക്ക് ഇതിനെ മാറ്റിയെടുത്തു. വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ എം.എം മോനായി അദ്ധ്യക്ഷനായി മത്സ്യഫെഡിനെക്കുറിച്ച് പഠിക്കുന്നതിനായി കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റി മുന്നോട്ടുവച്ച നവീകരണ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതായും ജോസഫ് ജൂഡ് കുറ്റപ്പെടുത്തി. മത്സ്യഫെഡിനെ അഴിമതി വിമുക്തമാക്കാനും കാലോചിതമായി പുനസംഘടിപ്പിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു.
Comments