പതിയെ പതിയെ തീപിടിച്ച്
ചുടുകനലുകളിൽ കത്തിപ്പടർന്ന
കാൺപൂർ ടെസ്റ്റ്
''''ടെറിഫിക്ക് ഗെയിം; തിങ്കളാഴ്ച വൈകീട്ട് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു ശേഷം കിവി നായകൻ കെയിൻ വില്ല്യംസൺ പറഞ്ഞ രണ്ടു വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ പ്രീമിയർ ലീഗും, തുടർന്ന് ട്വന്റി 20 ലോക കപ്പ് മത്സരങ്ങളും ദുബായിൽ നടന്നത് കണ്ടിരുന്ന ക്രിക്കറ്റ് പ്രേമികളിൽ ടെസ്റ്റ് ക്രിക്കറ്റിനോട് മമതയുള്ളവർ കഴിഞ്ഞ ദിവസം, പ്രത്യേകിച്ചും ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങാതെ കളി ആസ്വദിച്ചിരിക്കണം. ഇവരിൽ ക്രിക്കറ്റ് എന്ന ഗെയിമിനെ ഇഷ്ടപ്പെടുന്ന ടീമുകളോട് പക്ഷം ചേരാത്തവരുണ്ടാകും. ഇരു ടീമുകളുടേയും ആരാധകരായിരിക്കും ഭൂരിഭാഗം കാണികളും. കൂറ്റൻ സ്‌കോറുകൾ കാണാത്ത നാലു ദിവസവും മുടങ്ങാതെ കളി നടന്ന ടെസ്റ്റിന്റെ അവസാന ദിവസം, തലേനാൾ 4 ഓവർ കളി ബാക്കി നിൽക്കേ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ ഇന്ത്യൻ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് 284 റൺസിന്റെ വിജയ ലക്ഷ്യമാണ് കെയിൻ വില്യംസണിന്റെ ന്യൂസിലാന്റിന് നൽകിയത്. മൂന്ന് ഓവറിൽ തന്നെ കിവി ഓപ്പണർ വിൽ യങ്ങിനെ ലെഗ്ബിഫോറിൽ കുടുക്കിയ അശ്വിൻ അവസാന ദിവസം ഒരു ഇന്ത്യൻ വിജയത്തിനായുള്ള തുടക്കം കുറിച്ചിരുന്നു.
അവസാന ദിനത്തിൽ 280 റൺസിന്റെ വിജയ ലക്ഷ്യം കാൺപൂരിൽ ഒരു വെല്ലുവിളിയായി എടുക്കുവാൻ കിവി ടീം തയ്യാറായിരുന്നില്ല. ഇന്ത്യൻ സ്പിന്നർമാരെ ക്ഷമയോടെ, കരുതലോടെ നേരിട്ട് ഒരു സമനില പിടിക്കാനായിരുന്നു അവരുടെ ഗെയിം പ്ലാൻ. ഉച്ച ഭക്ഷണത്തിന് മുൻപ് കിവി ടീം അക്ഷരാർത്ഥത്തിൽ അവരുടെ പദ്ധതി നടപ്പാക്കി. നന്നായി ബാറ്റ് ചെയ്യുന്ന ടോം ലോതാമിനൊപ്പം തലേ ദിവസം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വിൽ സോമർവിലാണ് ഇന്ത്യക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തിയത്. ഒരു സെഷൻ മുഴുവൻ ഇവരുടെ വിക്കറ്റുകൾക്കായി രഹാന ഒരുക്കിയ കെണികൾ ഫലവത്തായില്ല.
ഉച്ച ഭക്ഷണം കഴിഞ്ഞിറങ്ങിയ പേസ് ബൗളർ ഉമേഷ് യാദവാണ് സോമർവിലിനെ (36) പുറത്താക്കി ക്കൊണ്ട് കളിയുടെ ഗതിയാകെ മാറ്റിയത്. 35.1 ഓവറിൽ രണ്ടിന് 79 റൺസെന്ന നിലയിൽ നിന്നും അവസാന ദിനം നേരിടേണ്ട 90 ഓവറിൽ, കേവലം 52 പന്തുകൾ എറിയുവാൻ ബാക്കിയായിരിക്കെ ന്യൂസിലൻഡ് 9 ന് 155 എന്ന നിലയിലേക്ക് കൂപ്പു കുത്തി. ഈ ഘട്ടത്തിൽ, നായകൻ രഹാനയുടെ
സ്പിൻ ത്രയങ്ങളായ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരെക്കൊണ്ട് ബാറ്റ്‌സ്മാൻമാരെ വരിഞ്ഞു മുറുക്കി ഒരൊറ്റ വിക്കറ്റിനായി ഏറ്റവും കടുത്ത ആക്രമണമാണ് സെറ്റു ചെയ്തത്. എന്നാൽ അവസാന വിക്കറ്റിൽ ഇറങ്ങിയ ഇന്ത്യൻ വംശജരായ ന്യൂസിലൻഡ് ബാറ്റർമാരായ അരങ്ങേറ്റക്കാരൻ രചിൻ രവീന്ദ്രയും, അജാസ് പട്ടേലും കീഴടങ്ങുവാൻ ഒരുക്കമായിരുന്നില്ല. മലയാളിയായ നിതിൻ മേനോൻ ഒരു രാജ്യാന്തര അംപയറിന്റെ ഉന്നത നിലവാരം പുലർത്തിക്കൊണ്ട് അവസാന ഘട്ടത്തിൽ ഓരോ ഓവറുകൾ കഴിയുമ്പോഴും വെളിച്ചം അളക്കുവാനുള്ള ലൈറ്റ് മീറ്റർ ഉപയോഗിക്കുകയും ടീമിനെ - പ്രത്യേകിച്ചും ബാറ്റർമാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. 14 മിനിറ്റ് കളി സമയം ബാക്കിയുണ്ടായിരുന്നെങ്കിലും അവസാന ദിനം എറിയേണ്ട 90 ഓവറുകൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് കളി നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ലോക ചാമ്പ്യൻഷിപ്പിനായി പോയിന്റ് ടേബിളിൽ ഇന്ത്യയ്ക്കും ന്യൂസീലാൻഡിനും സമനിലയോടെ 4 പോയിന്റുകൾ ലഭിച്ചു . വിജയത്തിന് 12 പോയിന്റും ടൈക്ക് ആറ് പോയിന്റുമാണ് . കഴിഞ്ഞ ജൂണിൽ കെയ്ൻ വില്യംസണും റോഡ് ടൈലറും അവരുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ നീണ്ട കരിയറിലെ സകല അനുഭവ സമ്പത്തും പുറത്തെടുത്ത് ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് ലോക ചാമ്പ്യൻ ഷിപ്പിൽ വിജയം നേടിയത് അർഹതക്കുള്ള യഥാർത്ഥ അംഗീകാരമാണെന്ന് കാൺപൂരിലെ ചെറുത്തുനിൽപ്പിലൂടെ പരാജയത്തെ തടഞ്ഞു നിറുത്തിയതിലൂടെ, തെളിയിച്ചിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ വിജയമാണ് ഗ്രീൻ പാർക്കിൽ കണ്ടത് . ടെസ്റ്റ് ക്രിക്കറ്റിന്റെ സകല സൗന്ദര്യവും ആസ്വദിക്കുവാൻ കഴിഞ്ഞ മത്സരത്തിൽ മികച്ച ബൗളിങ്ങും കിടയറ്റ ഫീൽഡിങ്ങും, ആക്രമണ കാരികളായ പന്തുകളെ സമർത്ഥമായി മെരുക്കിയെടുക്കുന്ന ബാറ്റിങ്ങ് തന്ത്രങ്ങളും ഒരു പോലെ കാണുവാനായി. ഏകദിന ട്വന്റി 20 മത്സര കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് ആകർഷണമാകുന്നത് ഗ്രീൻ പാർക്കിൽ കണ്ട മത്സരങ്ങളിലൂടെയാണ്. മുംബൈയിൽ അവസാന ടെസ്റ്റിൽ വിരാട് കോലി മടങ്ങിയെത്തുന്നതോടെ ഇന്ത്യയുടെ സമീപനത്തിൽ വരുന്ന മാറ്റവും, ന്യൂസിലൻഡിന്റെ മികവും തമ്മിൽ മാറ്റുരയ്ക്കുന്നത് ക്രിക്കറ്റ് ആസ്വാദകർക്ക് നല്ലൊരു ടെസ്റ്റ് വിരുന്നൊരുക്കിയേക്കാം.
കണ്ണിലുണ്ണി മെസ്സി തന്നെ
ഫുട്‌ബോളിൽ ഒരു കളിക്കാരൻ വിലമതിക്കുന്ന ഒന്നാണ് ബലോൻ ദ് ഓർ പുരസ്‌ക്കാരം. തിങ്കളാഴ്ച ഉറക്കമിളച്ച് കണ്ടിരുന്നത് 2020-21 വർഷത്തെ കളിക്കളിത്തിലെ പ്രകടന മികവിൽ ലയൺ മെസ്സിക്കു തന്നെ 2019 ൽ നേടിയ പുരസ്‌കാരം ഒരിക്കൽ കൂടി തന്റെ ഷോക്കേസിലേക്ക് എത്തിക്കുവാൻ കഴിയുമോ എന്നറിയാനായിരുന്നു. പാരീസിൽ നിന്നും പുലർച്ചെ ഫ്രഞ്ച് ഫുട്‌ബോൾ മാസികയുടെ പ്രശസ്തമായ പുരസ്‌കാര പ്രഖ്യാപനം വന്നു. ഏഴാം തവണയും ഫുട്‌ബോൾ പ്രേമികളുടെ കണ്ണിലുണ്ണി മെസ്സി തന്നെ. 2009, 2010, 2011, 2012 എന്നീ വർഷങ്ങളിൽ തുടർച്ചയായി നാലു തവണ മെസ്സി ബലോൻ ദ് ഓർ നേടിയിരുന്നു. 2015, 2019 ഇപ്പോഴിതാ 2021 ലുമാണ്. മറ്റു നേട്ടങ്ങൾ കൈവരിച്ചത്. ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജർമ്മൻ (പി എസ് ജി) താരമാണ് മെസ്സി. കഴിഞ്ഞ സീസണുകളിൽ സ്പാനിഷ് ക്ലബ്ബ് ബാർസിലോണയ്ക്ക് (ബാർസ) ഒപ്പം കിങ്ങ്‌സ് കപ്പും, കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്കായി നായകനെന്ന നിലയിൽ കിരീടം നേടാൻ കഴിഞ്ഞതും മെസ്സിക്ക് മുൻ തൂക്കം നൽകയിരുന്നു. പോർച്ച്ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് ബലോൻ ദ് ഓർ പുരസ്‌ക്കാരം നേട്ടവുമായി മെസ്സിക്ക് പിന്നിൽ നിൽക്കുന്നു.
എൻ .എസ് . വിജയകുമാർ
Video Courtesy: Fad3nHD
Comments