Foto

ഇന്ന് ലോക ഹൃദയ ദിനം

ജോബി ബേബി,

നഴ്സ്,കുവൈറ്റ്
 
നമ്മുടെ ശരീരത്തിലെ ഏതൊരാവയവത്തിന്റെയും പ്രവര്‍ത്തനത്തിനുള്ള തകരാറുകള്‍ ജീവനുതന്നെ ഭീഷണിയാകാം.അത് ഹൃദയമായാലും വൃക്കയായാലും കരളായാലും.അപ്പോള്‍ ഹൃദയത്തിനുമാത്രം അമിത പ്രാധാന്യം നല്‍കേണ്ടതുണ്ടോ?ഉണ്ട്.അതിന് കാരണം മറ്റൊന്നുമല്ല.ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്നത് ഹൃദ്രോഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്.ഓരോ വര്‍ഷവും ലോകമൊട്ടാകെ ഒന്നരകോടിയിലധികം ആളുകള്‍ ഇപ്രകാരം മരിക്കുന്നുവെന്നാണു കണ്ടെത്തല്‍(ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കോവിഡ് 19 മൂലമുള്ള മരണം ഇത് വരെ 50ലക്ഷത്തില്‍ താഴെയാണ് എന്നോര്‍ക്കണം).ഈ ഹൃദ്രോഹ മരണങ്ങളില്‍ 80 ശതമാനത്തോളം നമ്മുക്ക് ഒഴിവാക്കാവുന്നതാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഈയൊരു ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നത്.
 
കഴിഞ്ഞ ദിവസം 70വയസ്സുള്ള ഒരു അധ്യപകന്‍ ഹൃദയാഘാതം പിടിപെട്ട് ആശുപത്രിയില്‍ വന്നു.എന്നാല്‍ പേടിപ്പെടുത്തുന്ന ഒരു കാര്യം,അദ്ദേഹത്തിന്റെ കൂടെവന്ന 38വയസ്സുള്ള മകന് രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതം വന്ന് ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞിരുന്നു എന്നതാണ്.ലോകത്തിന്റെ ആരോഗ്യനിലവാരത്തകര്‍ച്ചയിലേക്കുള്ള ഒരു സൂചനയാണിത്.ഇന്ന് ആധുനിക സാങ്കേതിക വിദ്യകള്‍ ഹൃദ്രോഹചികിത്സയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണ്.കൃതൃമഹൃദയങ്ങളും ഓപ്പറേഷന്‍ കൂടാതെ ഘടിപ്പിക്കുന്ന പേസ്‌മേക്കറുകളും മറ്റും നമ്മള്‍ നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കാണും.എന്നാല്‍ യഥാര്‍ത്ഥ ആരോഗ്യം അസുഖം വരാതെ നോക്കലാണെന്നുള്ള യാഥാര്‍ത്ഥ്യo നമ്മള്‍ മറന്നു പോകുന്നു.
 
2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect) എന്നാണ്. ഇപ്പോള്‍ പ്രബലമായിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക. ഹൃദയപൂര്‍വം ഓരോ ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കുക (Use Heart to connect every Heart). അതിനായി മൂന്ന് സ്തൂപങ്ങളാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഇക്കുറി മുന്നോട്ടുവയ്ക്കുന്നത്.
 
1. നീതിയും സമത്വവും (Equity)
 
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിക്കുക. ഏവരെയും ശാക്തീകരിക്കാന്‍ ഉതകുന്നവിധം സാങ്കേതികവിദ്യ സുലഭമാക്കുക. ചെറുപ്പക്കാരും വയോധികരും സ്ത്രീകളും കുട്ടികളും രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.
 
2. പ്രതിരോധം (Prevention)
 
പഥ്യമായ ഭക്ഷണംകഴിച്ചും, പുകവലി നിര്‍ത്തിയും, വ്യായാമം ചെയ്തും ആരോഗ്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്ക് ഹൃദ്രോഗമോ ഹൃദയപരാജയമോ പ്രമേഹമോ അമിത രക്തസമ്മര്‍ദമോ വര്‍ധിച്ച ദുര്‍മേദസ്സോ ഉണ്ടെങ്കില്‍ കോവിഡ് വ്യാപനകാലത്തുപോലും യാതൊരു വൈമനസ്യവും കാണിക്കാതെ ചെക്കപ്പുകളും ചികിത്സയും കൃത്യമായി ചെയ്യുക.
 
3. സമൂഹം (Community)
 
ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികള്‍ കോവിഡ് മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയില്‍ പലതരം കഷ്ടപ്പാടുകള്‍ക്ക് ഇരയായി. സമൂഹത്തിലെ ഒറ്റപ്പെടലും മരുന്നുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുമെല്ലാം അവരെ രോഗാതുരരാക്കി. അതുകൊണ്ട് മഹാമാരികാലത്തും ഏക ആശ്രയമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പ്രാപ്തമാകുംവിധം പ്രചരിപ്പിക്കാം.
 
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 
ഒന്ന്...
 
ഹൃദയത്തെ സംരക്ഷിക്കാന്‍  പുകവലി ഉപേക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.  ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
രണ്ട്...
 
ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്സ്, സോഫ്റ്റ് ഡ്രിംഗ്സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക, ചീര, ബീറ്റ്റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്.
അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഗോതമ്പ്, ഓട്‌സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.
 
മൂന്ന്...
 
മതിയായ ഉറക്കം ലഭ്യമാക്കുക.   ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.
 
നാല്...
 
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും. ഒപ്പം ഹൃദ്രോഗത്തെയും.
 
അഞ്ച്...
 
മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.
 
ആറ്...
 
വ്യായാമം നിര്‍ബന്ധമാണ്.  ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ  ആകാം. ഓഫീസിലെയും വീട്ടിലെയും പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്.കുടുംബാംഗങ്ങള്‍ ഒരുമിച്ചു വ്യായാമം ചെയ്യുന്നത് ആരോഗ്യത്തോടൊപ്പം സ്‌നേഹബന്ധങ്ങളും വളര്‍ത്തുകയാണ്.ഈയൊരു കാര്യമാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രതിപാദം (USE HEART TO CONNECT).
 

Comments

leave a reply

Related News