Foto

കേരള തീരസംരക്ഷണ അതോറിറ്റി അനിവാര്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കേരള തീരസംരക്ഷണ അതോറിറ്റി അനിവാര്യം:
കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ബഡ്ജറ്റുപ്രഖ്യാപനത്തിലൂടെ തീരദേശവാസികൾക്കു വൻപ്രതീക്ഷകൾ നല്കിയിരിക്കുന്ന സർക്കാർ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കണമെന്നും, കേരളത്തിന്റെ തീരങ്ങൾ  സുരക്ഷിതമാക്കുന്നതിനു മാത്രമായി സാമ്പത്തിക വിനിയോഗ അധികാരമുള്ള ഒരു തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും KCBC പ്രസിഡന്റ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക സമുദ്രദിനത്തിൽ POC സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലിലും തീരങ്ങളിലും ജീവന്റെ സംരക്ഷണം ഉറപ്പു വരുത്തുന്ന ദിനമായി സമുദ്ര ദിനം ആചരിക്കപ്പെടണമെന്ന് സീറോ മലങ്കര സഭയുടെ പരമാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ബാവ തന്റെ മുഖ്യ സന്ദേശത്തിൽ പറഞ്ഞു.

നിലവിലുള്ള പുനർഗേഹം പദ്ധതി പ്രായോഗികമായി ഒരു നിർബന്ധിത കുടിയൊഴിപ്പിക്കലാണെന്നും  കടൽഭിത്തിയോടു ചേർന്ന് 50 മീറ്ററിനുള്ളിൽ വീടുള്ളവർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു. കടലാക്രമണത്തിൽ അഭയവും സ്വപ്നങ്ങളും നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്കണം.

കടൽ (CADAL) എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീ. P.R. കുഞ്ഞച്ചൻ വിഷയാവതരണം നടത്തി.  തീരദേശ വികസന പ്രക്രിയ ജനാഭിപ്രായത്തിന് അനുസൃതമായി നടപ്പിലാക്കുന്നതിനും തീരം തീരവാസികൾക്ക് അനുഭവിക്കുന്നതിനും പ്രദേശവാസികൾക്ക് സവിശേഷ അധികാരം നൽകുന്നതിനും ട്രൈബൽ ആക്ടിന്റെ മാതൃകയിൽ ദി ഫിഷർ ഫോൾക്‌സ് ആൻഡ് അദർ ട്രഡീഷണൽ ഡ്വല്ലേഴ്‌സ് ആക്ട്
(The fisher folks and other traditional coastal dwellers (recognition of right) Act)  രൂപീകരിക്കുക, തീരദേശ സംരക്ഷണത്തിന്റെ പ്ലാനിംഗ്, നിർവഹണം, തുടർപരിശോധന എന്നിവയ്ക്കായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഹാർബർ എഞ്ചിനിയറിംഗ് വിഭാഗംപോലെ കോസ്റ്റൽ എഞ്ചിനിയറിംഗ് വിഭാഗത്തിന് രൂപം നൽകുക, തീരസംരക്ഷണ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.

തീരങ്ങളുടെ സംരക്ഷണങ്ങൾക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ലത്തീൻ സഭാധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ, ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെആർഎൽസിസി വൈസ് ചെയർമാൻ ജോസഫ് ജൂഡ്, പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽഫിൻ, കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡണ്ട്  അഡ്വ. ബിജു പറനിലം, കെഎൽസിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി V.C. ജോർജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപ്പറമ്പിൽ, എഡിഎസ് ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. P.T. മാത്യു എസ്‌ജെ, ജനകീയവേദി വക്താവ് ശ്രീ.  V.T.  സെബാസ്റ്റ്യൻ  തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

പതിനാറ് മെത്രാന്മാരും വിവിധ സമുദായനേതാക്കളും  വൈദികരും സന്യസ്തരുമുൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്ത യോഗത്തിൽ പിഒസി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സ്വാഗതവും സീക്കേഴ്‌സ് ഓഫ് ട്രൂത്ത് അംഗം ഫാ. ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നന്ദിയും അർപ്പിച്ചു.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

 

Comments

leave a reply

Related News