ഫാ. സ്റ്റാന്‍ സ്വാമിക്ക്
കോവിഡ് സ്ഥിരീകരിച്ചു
ഓക്സിജന്‍ സഹായത്തോടെ ഹോളി ഫാമിലി ആശുപത്രിയിലുള്ള
ഫാ. സ്റ്റാന്‍ സ്വാമിയുടെ അവശത വ്യക്തമാക്കുന്ന ചിത്രം പുറത്ത്
മാവോവാദി ബന്ധം ആരോപിച്ച് ഭീമാ കൊറേഗാവ് കേസ് ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരത്തേ കോവിഡ് വാക്‌സിന്റെ ആദ്യ കുത്തിവയ്പ് നടത്തിയിരുന്നു.അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ്, നടുവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. ഓക്സിജന്‍ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. 15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടതി അനുമതി നല്കിയത്. ആശുപത്രിയില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രം പുറത്തുവന്നു.തീര്‍ത്തും അവശനായാണ് അദ്ദേഹത്തെ ചിത്രത്തില്‍ കാണുന്നത്.
ഫാ. സ്റ്റാന്‍ സ്വാമി ജാമ്യം ആവശ്യപ്പെട്ട് നേരത്തേ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി ഇല്ലാതായി മരണം അടുത്തുവരികയാണെന്നും ഒരാഴ്ച മുമ്പ് ബോംബെ ഹൈക്കോടതിയെ സ്വാമിയുടെ അഭിഭാഷകര്‍ ഹര്‍ജിയിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രായവും ജെജെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പാനല്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ഉറപ്പുവരുത്തണമെന്ന് എസ് എസ് ഷിന്‍ഡെ, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തലോജ ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
ജെ ജെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ വൈ പി യാഗ്‌നിക്കും വാദിച്ചു. എന്നാല്‍ ജെ ജെ ആശുപത്രിയില്‍ ഹര്‍ജിക്കാരന് വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. സ്വന്തം ചെലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി ബന്ധമുള്ള ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമാ കൊറേഗാവ് കേസില്‍ അന്യായമായി പ്രതിചേര്‍ത്ത് 8 മാസം മുമ്പ് ജയിലിലടച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബാബു കദളിക്കാട്
Comments