കഴിഞ്ഞ കുറെ കാലമായി മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയുടെ ഔദ്യോഗികമെന്നു തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള അഭിപ്രായ പ്രകടനങ്ങൾക്കും മാധ്യമ ഇടപെടലുകൾക്കും കടിഞ്ഞാണിട്ടുകൊണ്ടു കെസിബിസി പ്രസ്താവന ഇറക്കി.
ചില ധ്യാനഗുരുക്കന്മാരും കത്തോലിക്കാ സഭയുടെ അന്തസ്സിനും ആത്മീയ ശാന്തതയ്ക്കും നിരക്കാത്ത അഭിപ്രായ പ്രകടങ്ങൾ നവമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്ന ചില വ്യക്തികളുടെ കൂട്ടായ്മകൾക്കും തിരുത്തൽ ഉണ്ടാകണമെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു.
മാധ്യമങ്ങൾക്കു താല്പര്യമുള്ള ആരെയെങ്കിലും സഭാവാക്താക്കൾ എന്ന അടിക്കുറിപ്പോടെ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കാൻ മാധ്യമസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട് .
സഭയുടെ ഇടപെടലുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട് : കെസിബിസി
"സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളിൽ സഭയുടെ ഇടപെടലുകൾ സമൂഹത്തിൻറെ പൊതു നന്മയ്ക്കു ഉതകുന്നവയാകണമെന്ന നിഷ്കർഷ കേരള സഭയ്ക്ക് എന്നും ഉണ്ട്. ഈ നിഷ്കർഷ കർശനമായി തുടരണമെന്നാണ് പൊതു സമൂഹത്തിൻറെ ആത്മാർത്ഥമായ ആഗ്രഹവും. മാത്രമല്ല ഈ മേഖലയിലെ ജാഗ്രത കുറവ് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണകൾക്കിടയാക്കുന്നതുമാണ്. അതിനാൽ സഭാ വൃത്തങ്ങളിൽ നിന്നുള്ള എല്ലാ ഇടപെടലുകളും, അവ ധ്യാനഗുരുക്കന്മാരുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ ക്രൈസ്തവർ വ്യക്തിഗതമായി തുടങ്ങി വയ്ക്കുന്ന സംഘടനകളുടെയോ ആകട്ടെ, ക്രിസ്തുവിൻറെ പ്രബോധനങ്ങൾക്കു ഇണങ്ങിയതും സഭാത്മകവും യുക്തിഭദ്രവുമായിരിക്കണം.
സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പൊതു ജനത്തോടും വിശ്വാസികളോടും പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ തന്നെ അത്തരം വെളിപ്പെടുത്തലുകളും പ്രബോധനങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനത്തിനും നിലപാടിനും അനുയുക്തവും അവയ്ക്കു കൂടുതൽ തെളിച്ചം നല്കുന്നതുമാണെന്നു ഉറപ്പു വരുത്താൻ ധ്യാനഗുരുക്കന്മാരും പ്രസംഗകരും സാമൂഹ്യമാധ്യമങ്ങളിൽ എഴുതുന്നവരും തയ്യാറാകണം.
സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരളാ കത്തോലിക്കാ സഭയുടേതെന്ന മട്ടിൽ പരാമർശി ക്കുന്നതും അപലപനീയമാണ് . സ്വന്തം നിലപാടുകൾ പൊതുജനത്തെ അറിയിക്കാൻ കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ടെന്നു ഏവർക്കും അറിയാമല്ലോ . ഔദ്യോഗിക വക്താക്കളും സഭയ്ക്കുണ്ട്. മാധ്യമങ്ങൾക്കു താല്പര്യമുള്ള ആരെയെങ്കിലും സഭാവാക്താക്കൾ എന്ന അടിക്കുറിപ്പോടെ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നതും ഒഴിവാക്കാൻ മാധ്യമസ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്."
ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിളളി
ഡെപ്യൂട്ടി സെക്രെട്ടറി ജനറൽ
സഭാ വക്താവ്, പി ഓ സി, പാലാരിവട്ടം
Comments
Francis M.J
മാനന്തവാടി രൂപതയുടെ പിആര്‍ഒ നോബിള്‍ പാറക്കന്‍ എന്ന വൈദിക വേഷധാരിയുടെ പ്രസ്താവനകളും അഭിപ്രായങ്ങളും സഭയുടെ ഔദ്യോഗിക ഭാഷ്യമായി തന്നെ കരുതണമെന്നാണോ ബഹുമാനപ്പെട്ട കെസിബിസി പറയുന്നത്. എങ്കില്‍ അത് അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഫ്രന്‍സീസ് എം.ജെ, ചീഫ് എഡിറ്റര്‍, പ്രവാസഭൂമി, ബാംഗ്ലൂര്‍. 9742992434