ഐതപ്പെ രൂപതയുടെ അധ്യക്ഷനായി
ഡോ. സിബി മാത്യു പീടികയില്‍ അഭിഷിക്തനായി.
ഐതപ്പെ :ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ട ഹെറാള്‍ഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗവും മലയാളിയുമായ ഡോ. സിബി മാത്യു പീടികയില്‍ അഭിഷിക്തനായി. ഐതപ്പെ രൂപതയുടെ ആറാമതു മെത്രാനാണു ഡോ. സിബി പീടികയില്‍. ഇന്നലെ രാവിലെ 9.30ന്‌ഐതപ്പെയില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് പോര്‍ട്ട് മെര്‍സ്ബി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോണ്‍ റിബാ മുഖ്യകാര്‍മികത്വം വഹിച്ചു. മദാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. ആന്റണ്‍ ബാല്‍, ബരൈന ബിഷപ്പ് ഡോ. ഓട്ടോ സെബാരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പ്രദേശത്തെ ഗോത്ര വംശജരുടെ അടക്കം വിവിധ പരിപാടികള്‍ മെത്രാഭിഷേക കര്‍മ്മത്തിന് മുന്നോടിയായി നടന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളുമായി പാപ്പുവ ന്യൂഗിനിയയില്‍ എത്തിയ ഏതാനും മലയാളി സന്യസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.1970 ഡിസംബര്‍ 6 ന് ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള മേലോരമില്‍ മാത്യു വര്‍ക്കി- അന്നകുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. 1995 ഫെബ്രുവരി 1ന് വൈദികനായി.റാഞ്ചിയില്‍ ദൈവശാസ്ത്ര പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1998ല്‍ പാപ്പുവ ന്യൂ ഗ്വിനിയയിലെത്തി. വാനിമോ രൂപതയുടെ സെന്റ് ജോണ്‍ വിയാനി രൂപത മൈനര്‍ സെമിനാരിയുടെ റെക്ടര്‍, രൂപതയുടെ വൊക്കേഷണല്‍ ഡയറക്ടര്‍, യൂണിവേഴ്സല്‍ ലിവിംഗ് ജപമാല അസോസിയേഷന്‍ ഓഫ് പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ഡയറക്ടര്‍, സെന്റ് ചാള്‍സ് ബോറോമിയോ മേജര്‍ സെമിനാരിയില്‍ പ്രൊഫസര്‍, രൂപത ധനകാര്യ സമിതി അംഗം തുടങ്ങീ വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.വാനിമോ രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ.
Comments