Foto

എല്ലാവരും പാടേ മറക്കുകയും ചെയ്യുന്ന ചില നിത്യ ദുരന്തങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ഭക്ഷ്യവിഷബാധകൾ

വിനോദ് നെല്ലയ്ക്കല്‍
 

കൊച്ചി: ചില സംഭവങ്ങളെ തുടർന്ന് മാത്രം ചർച്ച ചെയ്യപ്പടുകയും അതിന്റെ അലയൊലികൾ അടങ്ങിക്കഴിഞ്ഞാൽ എല്ലാവരും പാടേ മറക്കുകയും ചെയ്യുന്ന ചില നിത്യ ദുരന്തങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ഭക്ഷ്യവിഷബാധകൾ. കഴിഞ്ഞ ദിവസം ഷവർമ്മ വിഷബാധയിൽ മരിച്ച പെൺകുട്ടി അതിന്റെ അവസാന ഇരയാണ്. മുമ്പ് ഷവർമ്മ കഴിച്ച് കേരളത്തിൽ ആരും മരിച്ചതായി കേട്ടിട്ടില്ലെങ്കിലും മരണത്തോളമെത്തിയ സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. അഞ്ചോ ആറോ വർഷം മുമ്പ് പ്രശസ്ത നടൻ ഷോബി തിലകനും കുടുംബവും (ഒപ്പം കുറെപ്പേരും) തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് വലിയ അവശതയിലായ സംഭവം ഇത്തരത്തിൽ വിവാദമായ ഒന്നാണ്. ഒരു സെലിബ്രിറ്റി ഈ സംഭവത്തിൽ ഉൾപ്പെട്ടതിനാൽ അത് കൂടുതൽ ചർച്ചയാവുകയും ആരോഗ്യവകുപ്പ് വലിയ വീരവാദങ്ങളോടെ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും ഉണ്ടായി. തങ്ങൾ ആ ദിവസങ്ങളിൽ അനുഭവിച്ച യാതനയും മരണത്തോളം എത്തിയ ആരോഗ്യ പ്രശ്നങ്ങളും ഷോബി തിലകൻ ഒരിക്കൽ നേരിട്ട് എന്നോട് വിവരിച്ചത് ഓർമ്മിക്കുന്നു. ഇങ്ങനെ ഇനി ഒരിക്കലും മറ്റാർക്കും സംഭവിക്കരുത് എന്ന ചിന്തയിൽ താൻ മാധ്യമങ്ങളിൽ സംസാരിക്കുകയും നിയമപരമായി നീങ്ങുകയും ചെയ്തതായി അദ്ദേഹം പറഞ്ഞതും ഞാൻ ഓർക്കുന്നു. എന്നാൽ, ഷവർമ്മ ദുരന്തങ്ങൾ പിന്നീടും ആവർത്തിച്ചു. ആരും മരിക്കുകയോ, സെലിബ്രിറ്റികൾ ഉൾപ്പെടുകയോ ഉണ്ടാകാത്തതിനാൽ മാധ്യമങ്ങൾക്കും ആരോഗ്യ വകുപ്പിനും സർക്കാരിനും താല്പര്യമുണ്ടായിക്കാണാനിടയില്ല.

കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെതുടർന്ന് വലിയ വാചക കസർത്തുമായി മാധ്യമങ്ങളും വീരവാദങ്ങളുമായി ആരോഗ്യവകുപ്പും രംഗത്തിറങ്ങിയിരിക്കുന്നതിന് പുറമെ, സാമൂഹ്യ മാധ്യമങ്ങളിലും പലവിധ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരമൊരു ദുരന്തവേളയിൽ മറ്റു തലങ്ങളും ഉപതലങ്ങളും ചർച്ച ചെയ്യുന്നതിനോട് എനിക്ക് വലിയ യോജിപ്പ് തോന്നുന്നില്ല. ഒരു ആരോഗ്യ പ്രതിസന്ധിയെ അതിന്റെ കാര്യകാരണങ്ങളുടെ വിവിധ വശങ്ങൾ വിശകലനം ചെയ്തുകൊണ്ട് നേരിടാത്തപക്ഷം ഈ ദുരന്തം ഇതേ മാതൃകയിൽ ആവർത്തിക്കുമെന്ന് നിശ്ചയം.

സമീപകാലങ്ങളിൽ കേരളമെമ്പാടും വ്യാപകമായ ഒട്ടേറെ അറേബ്യൻ വിഭവങ്ങളിൽ ഒന്നാണ് ഷവർമ. മറ്റുള്ള വിഭവങ്ങളൊന്നുംതന്നെ ഇത്തരത്തിൽ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ടെന്ന് തോന്നുന്നില്ല. വിവിധ അറേബ്യൻ രാജ്യങ്ങളിലും വളരെ ജനപ്രിയമായ വിഭവങ്ങളിൽ ഒന്നാണ് ഷവർമ്മ എന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അവിടെയൊന്നും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് അത് കരണമായിട്ടുള്ളതായി അറിവില്ല. പെട്ടെന്ന് ജീവനെടുക്കാൻ മാത്രം കേരളത്തിലുണ്ടാക്കുന്ന ഷവർമയിൽ എന്താണുള്ളത് എന്ന അന്വേഷണം ഇവിടെ ആവശ്യമാണ്. അത് ഉണ്ടാക്കുന്ന രീതിയിൽ ചില പ്രത്യേകതകളുണ്ട്. പൊതുവെ എല്ലാവർക്കും അറിയാവുന്നതുപോലെ, അഞ്ചുമുതൽ പത്തുകിലോവരെ വേവിക്കാത്ത ചിക്കൻ കനം കുറഞ്ഞ കഷണങ്ങളാക്കി അടുക്കി വച്ചശേഷം വേവുന്നതിനനുസരിച്ച് അരിഞ്ഞെടുത്ത മാംസമാണ് ഷവർമ്മയിൽ ഉപയോഗിക്കുന്നത്. മാംസം പൂർണ്ണമായി വെന്തതാവാനുള്ള സാധ്യതയും, ചിക്കൻ അതേ ദിവസത്തേത് തന്നെ ആവണമെന്നില്ല എന്നുള്ളതും അപകടകരമാണ്. സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം ആ മാംസത്തിൽ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറ്റവുമധികം ഭക്ഷ്യ വിഷബാധകൾക്ക് കാരണമാകുന്നത് സാൽമൊണെല്ല ബാക്ടീരിയയാണ് എന്ന് പറയപ്പെടുന്നു.

മാത്രമല്ല, ചെറിയ കൂൾബാറുകളിലും മറ്റും ഓരോ ദിവസവും ഉപയോഗിക്കാനെടുക്കുന്ന മാംസം അന്നുതന്നെ തീരാനുള്ള സാധ്യത വളരെ കുറവാണ്. ബാക്കിയുള്ള പകുതി വെന്ത ചിക്കന് പുറമെ ആയിരിക്കാം പിറ്റേദിവസം കൂടുതലായി എടുക്കുന്നത് ക്രമീകരിക്കുന്നത്. അങ്ങനെവരുമ്പോൾ ഉള്ളിലുള്ള ഭാഗം വീണ്ടും ബാക്കിവരാൻ സാധ്യതയുണ്ട്. അങ്ങനെ ഭക്ഷ്യ വിഷബാധയ്ക്ക് കൂടുതൽ സാധ്യത ഉണ്ടാവുകയും ചെയ്യും. ബാക്കിവന്ന് ദിവസങ്ങൾ കഴിയുന്ന മാംസം കേടാകാതിരിക്കാനോ ടേസ്റ്റ് വ്യത്യാസം ഉണ്ടാകാതിരിക്കാനോ എന്തെങ്കിലും കെമിക്കലുകൾ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേരളത്തിലെ വിശാലമായ ഭക്ഷ്യവിപണിയിലെ ഏക പ്രശ്നം ഷവർമ്മ മാത്രമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതൊരു അടയാളം മാത്രമാണ്. കേരളത്തിൽ എവിടെ ചെന്നാലും വഴിയോരങ്ങളിൽ കപ്പ, പൊട്ടറ്റോ ചിപ്സ് ഉണ്ടാക്കി ചൂടോടെ വിൽക്കുന്നവരെ കാണാം. ചില അവസരങ്ങളിൽ അടുത്തുകൂടി നടന്നുപോകുമ്പോൾ അവരുടെ വലിയ പാത്രത്തിലേക്ക് എത്തിനോക്കാറുണ്ട്. കരിയോയിലിന്റെ കളറിൽ തിളച്ചുമറിയുന്ന എണ്ണ കാണാം. എത്ര വർഷങ്ങളായി വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണെന്ന് ആർക്കറിയാം... ഷവർമ്മയും, ചിപ്സും മറ്റുള്ളവർ കാൺകെ ഉണ്ടാക്കുന്നതായതിനാൽ ഇത്രയെങ്കിലും സാധാരണക്കാർക്ക് കാണാൻ കഴിയുന്നു. ചെറുതും വലുതുമായ ഹോട്ടലുകളുടെ ഉള്ളറകളിൽ എന്താവും നടക്കുന്നത്! ഊഹിക്കാൻ മാത്രമേ പറ്റൂ...

ഇനി, കേരളത്തിൽ മാത്രം എന്താണിങ്ങനെ എന്ന ചോദ്യം. ഒറ്റ വ്യത്യാസമേ ഉള്ളൂ. പുറംനാടുകളിൽ ഇത്തരംകാര്യങ്ങൾ ശ്രദ്ധിക്കാനും ഇടപെടലുകൾ നടത്താനും ഒരു സർക്കാരും അനുബന്ധ സംവിധാനങ്ങളും ഉണ്ട്. ഇവിടെയെന്താ അതില്ലേ എന്ന് ചോദിക്കരുത്. ഉണ്ട്, പക്ഷെ അവരുടെ പണി ഇതല്ലല്ലോ...

Foto

Comments

leave a reply

Related News