ശക്തമായി തിരിച്ചടിച്ച് ഇസ്രായേല്‍; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
തീവ്രവാദികള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു
ഹമാസ് ഭീകരര്‍ക്കെതിരെ ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ പ്രത്യാക്രമണം ശക്തമാക്കിയതിന്റെ ആശങ്കയില്‍ ലോക രാഷ്ട്രങ്ങള്‍. ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് കരസേനയെ അതിര്‍ത്തിയിലേക്ക് എത്തിച്ച് ഷെല്‍, റോക്കറ്റ് വര്‍ഷമാരംഭിച്ചത്. റമസാന്‍ മാസത്തില്‍ തന്നെ മേഖലയില്‍ രക്തരൂക്ഷിത പോരാട്ടം നടക്കുകയാണ്. ഇസ്രായേല്‍ പൊലീസും പാലസ്തീനിയന്‍ പ്രതിഷേധക്കാരും തമ്മില്‍ ജെറുസലേമിലെ അല്‍ അക്സാ പളളിക്ക് സമീപം ഏറ്റുമുട്ടി.
റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തീവ്രവാദികള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു കനത്ത ആക്രമണം. 35 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. യുദ്ധ സാഹചര്യം വര്‍ദ്ധിച്ചതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അറബ് വംശജര്‍ അധികമായി വസിക്കുന്ന ലോഡ് പ്രവിശ്യയില്‍ നെതന്യാഹു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഉണ്ടായ അതിശക്തമായ വ്യോമാക്രമണത്തിനാണ് ഗാസ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി സൗമ്യ ഉള്‍പ്പടെ അഞ്ചുപേര്‍ മരണമടഞ്ഞ സംഭവത്തിന് തക്കതായ തിരിച്ചടി നല്‍കിയിട്ടേ തങ്ങള്‍ പിന്മാറൂ എന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. സമാധാനത്തിനായി ശ്രമിക്കുന്ന ഐക്യരാഷ്ട്ര സഭയ്ക്കും ഈജിപ്റ്റിനും ഈ നീക്കം തിരിച്ചടിയായി.
ഗാസയിലേക്ക് നൂറു കണക്കിന് മിസൈലുകളാണ് ഇസ്രായേല്‍ അയച്ചത്. പലസ്തീനിയന്‍ തീവ്രവാദികളും മറ്റ് ഇസ്‌ളാമിക ഭീകര സംഘടനകളും ടെല്‍ അവീവിലും ബീര്‍ഷെബയിലും നിരവധി തവണ റോക്കറ്റ് ആക്രമണവും നടത്തി.ഹമാസിന്റെ റോക്കറ്റ് വിക്ഷേപണയിടങ്ങളും ഓഫീസുകളും സ്ഥിതി ചെയ്യുന്നയിടത്ത് തങ്ങള്‍ വ്യോമാക്രമണം നടത്തിയെന്നും നിരവധി ഹമാസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചെന്നും ഇസ്രായേല്‍ അറിയിച്ചു.
സ്ഥലത്തെ യുദ്ധസമാനമായ അവസ്ഥ കാരണം നിരവധി ഇസ്രായേല്‍ പൗരന്മാര്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു.ഇതിനിടെ ടെല്‍ അവീവിന് സമീപം ലോഡ് പട്ടണത്തില്‍ ഹമാസിന്റെ റോക്കറ്റ് കാറില്‍ പതിച്ച് രണ്ടുപേര്‍ മരിച്ചു. ഇതിലൊന്ന് ഏഴ് വയസുളള പെണ്‍കുട്ടിയാണ്. തങ്ങള്‍ 210 റോക്കറ്റുകള്‍ ബീര്‍ഷെബയിലേക്കും ടെല്‍ അവിവിലേക്കും അയച്ചതായി ഹമാസ് അറിയിച്ചു.
1966ല്‍ ഇസ്രയേലിലെ അറബ് പ്രദേശത്ത് നടത്തിയ സൈനിക നീക്കത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് അറബ് മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ഇസ്രായേല്‍ ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തിയിലെ സ്ഥിരം തര്‍ക്കങ്ങള്‍ ഇസ്രായേലിനകത്തേക്ക് വ്യാപിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ശക്തമായി തടയുമെന്നും ആഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗമായ മൊസാദും വ്യക്തമാക്കിക്കഴിഞ്ഞു. പലസ്തീന്‍ ഭീകരര്‍ അതിര്‍ത്തിയില്‍ നടത്തുന്ന സംഘര്‍ഷങ്ങളെ പെരുപ്പിക്കാനാണ് അറബ് മേഖലയിലെ ജനങ്ങള്‍ ശ്രമിക്കുന്നതെന്നും ഇസ്രായേലിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുമെന്നും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സും വ്യക്തമാക്കി.
ഇസ്രായേല്‍ പലസ്തീന് അതിര്‍ത്തി പ്രദേശത്ത് അറബ് ജനത കൂടുതല്‍ വസിക്കുന്ന ലോഡ് നഗരത്തിലുണ്ടായിരിക്കുന്ന കലാപം നിയന്ത്രണവിധേയമാക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് നെതന്യാഹു പറഞ്ഞു. മൂന്ന് ജൂത സിനഗോഗുകളും നിരവധി ജൂത സ്ഥാപനങ്ങളും പ്രദേശത്ത് അഗ്‌നിക്കിരയാക്കിയാണ് അക്രമികള്‍ രണ്ടാഴ്ചയായി അഴിഞ്ഞാടുന്നത്.
ജെറുസലേമിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. ജെറുസലേമിലെ സംഭവവികാസങ്ങള്‍ ഉല്‍കണ്ഠയോടെ നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം വിശുദ്ധ നഗരത്തെ ബഹുമാനിച്ച് കൊണ്ടുള്ള ഒരു പരിഹാരം ബന്ധപ്പെട്ടവരില്‍നിന്നുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു.' വിശുദ്ധ നഗരത്തിലെ ബഹുമത, ബഹുസാംസ്‌കാരിക സ്വത്വം മാനിക്കപ്പെടണം. അക്രമം അക്രമത്തെ വളര്‍ത്തുന്നു, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക' -റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയ തീര്‍ത്ഥാടകരോട് അദ്ദേഹം പറഞ്ഞു.
പലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതില്‍ ഇന്ത്യ കനത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. മേഖലയിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2334 നോക്കുകുത്തിയായി മാറാന്‍ ഇടയാകരുതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി അഭിപ്രായപ്പെട്ടു.
ബാബു കദളിക്കാട്
Comments