റോമ ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിച്ചിരുന്ന പിയര്‍മാരിനി, ഫിലിം
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച സെന്‍ഡാമോ എന്നിവരും വൈദികരാകും
നല്ല ഇടയന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഏപ്രില്‍ 25 ഞായറാഴ്ച റോമാ രൂപതയുടെ സമകാലിക ചരിത്രത്തിലെ സുവര്‍ണ്ണ ദിനങ്ങളിലൊന്നാകും. പൗരോഹിത്യ ദൈവവിളി കുറഞ്ഞുവരുന്നതിന്റെ ആകുലതയ്ക്കിടെ റോം രൂപതയ്ക്ക് വേണ്ടി വൈദിക പഠനം പൂര്‍ത്തിയാക്കിയ ഒമ്പതു ഡീക്കന്‍മാര്‍ക്ക് അന്ന് ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം നല്‍കും.
രാവിലെ 9 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് കോവിഡ് കാല നിയന്ത്രണങ്ങളോടെ തിരുപ്പട്ട ശുശ്രൂഷ നടക്കുന്നത്.ചടങ്ങുകള്‍ വത്തിക്കാന്‍ മീഡിയ, ടെലിപേസ്, ടിവി 2000, റോം രൂപതയുടെ ഫേസ്ബുക്ക് പേജ് എന്നിവയില്‍ തത്സമയം സംേ്രപക്ഷണം ചെയ്യും. റോം രൂപതയുടെ ബിഷപ്പ് കൂടിയായ ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ ഡോണത്തിസ് ആയിരുന്നു കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായിരിക്കവേ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.
റൊമാനിയ, ഇറ്റലി, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഈ സീനിയര്‍ ഡീക്കന്മാര്‍ പൗരോഹിത്യ സ്വീകരണത്തിന് ഒരുക്കമായുള്ള ധ്യാനത്തിലാണിപ്പോള്‍. ഇവരില്‍ ജോര്‍ജ്ജ് മാരിയസ് ബോഗ്ദാന്‍, സാല്‍വറ്റോര്‍ മാര്‍ക്കോ മോണ്ടോണ്‍, മാനുവല്‍ സെക്കി, ഡീഗോ അര്‍മാണ്ടോ ബാരേര പരാ, സാല്‍വറ്റോര്‍ ലൂച്ചെസി, ജോര്‍ജിയോ ഡി യൂറി എന്നിവര്‍ പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയില്‍ ആണ് പഠിച്ചത്. റിക്കാര്‍ഡോ സെന്‍ഡാമോ, സാമുവല്‍ പിയര്‍മാരിനി എന്നിവര്‍ രൂപതയിലെ റെഡെംപ്‌റ്റോറിസ് മാത്തര്‍ കോളേജിലും. ഔവര്‍ ലേഡി ഓഫ് ഡിവൈന്‍ ലവ് സെമിനാരിയില്‍ മാറ്റിയസ് ഹെന്റിക് അറ്റെയ്ഡ് ഡാ ക്രൂസ് പരിശീലനം നേടി.
ഫ്രാന്‍സിസ് പാപ്പ പറയുന്നതു പോലെ സഭയില്‍ മുറിവുണക്കുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷനാകണമെന്നതാണ് തന്റെ മോഹമെന്ന് കലബ്രിയയില്‍ നിന്നുള്ള സാല്‍വറ്റോര്‍ മാര്‍ക്കോ മോണ്ടോണ്‍ പറഞ്ഞു. റോമ ഫുട്‌ബോള്‍ ടീമിന് വേണ്ടി കരാര്‍ ഒപ്പിട്ട് കളിച്ചിരുന്നയാളാണ് സാമുവല്‍ പിയര്‍മാരിനി. റോമിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്ന റിക്കാര്‍ഡോ സെന്‍ഡാമോ (40) ഇത്തിരി വൈകി ദൈവവിളിക്കു വഴങ്ങുകയായിരുന്നു. 43-കാരനായ സാല്‍വറ്റോര്‍ ലുച്ചെസി ആണ് ഇവരിലെ സീനിയര്‍. പുരോഹിതനാകാനുള്ള ആഗ്രഹം തന്നില്‍ ഉദിച്ചത് 9 വയസ്സുള്ളപ്പോള്‍ സെന്റ് ജോണ്‍ ബോസ്‌കോയുടെ ജീവിതത്തെക്കുറിച്ചു വായിച്ച ഒരു പുസ്തകത്തില്‍ നിനാണെന്ന് റൊമാനിയയില്‍ നിന്നുള്ള ജോര്‍ജ്ജ് മാരിയസ് ബോഗ്ദാന്‍ പറഞ്ഞു.
ബാബു കദളിക്കാട്
Comments