Foto

ന്യൂനപക്ഷ ക്ഷേമപദ്ധതി: അനുപാത അതിക്രമം മാറ്റാന്‍  ഹൈക്കോടതി  ഇടപെട്ടെങ്കിലും നടപടി വൈകും

അനുപാതം 80:20 ആയി തുടരണമോയെന്ന പ്രശ്‌നത്തില്‍ നാലു മാസത്തിനകം
തീരുമാനമുണ്ടാകണമെന്ന ഉത്തരവു നിര്‍വീര്യമാക്കാന്‍ കാരണങ്ങള്‍ സുലഭം

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കടുത്ത വിവേചനം നിലനില്‍ക്കുന്നതായുള്ള പരാതി അവസാനിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായെങ്കിലും സര്‍ക്കാര്‍ ഉരുണ്ടുകളി തുടരാനാണു സാധ്യതയെന്ന് നിയമവിദഗ്ധരുടെ നിരീക്ഷണം. നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ നടപടി തല്‍ക്കാലം ഉണ്ടാകില്ലെന്നാണു സൂചന.

 
പൊതുവായ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 % വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 % മാത്രം ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മാറ്റി വച്ചിരിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി കാത്തലിക് ഫെഡറേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കു വേണ്ടി അഡ്വ പി പി ജോസഫ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഇക്കാര്യത്തിനായി നേരത്തെ സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തില്‍ നാലു മാസത്തിനകം തീരുമാനമുണ്ടാകണമെന്ന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പദ്ധതികള്‍ ജനസംഖ്യാനുപാതികമായി വീതിക്കണമെന്നാണ് നിവേദനത്തിലെയും അനുബന്ധ ഹര്‍ജിയിലെയും ആവശ്യം.


അതേസമയം, ഇക്കാര്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും മുസ്‌ളീം വോട്ട് ബാങ്ക് സ്വപ്‌നം കണ്ട് ഏകപക്ഷീയമായി വിവേചനപരമായ നിലപാടില്‍ തൂങ്ങിനില്‍ക്കുന്നതിനാല്‍ ഹര്‍ജിക്കാരന്റെ നീക്കം ഉടനെങ്ങും ഫലപ്രദമാകില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ 'പാണ്ടോറാ പെട്ടി' തുറക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയും ഇച്ഛിക്കുന്നില്ല. മെയ് മാസത്തില്‍ അടുത്ത മന്ത്രിസഭ അധികാരമേറ്റാല്‍ ഉടനെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം പരിഹരിക്കുമെന്നു കരുതേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടതിക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുതകുന്ന സാങ്കേതിക കാരണങ്ങള്‍ ആവര്‍ത്തിച്ചു കണ്ടെത്താന്‍ വലിയ വിഷമമുണ്ടാകില്ല.വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ വിലയിരുത്താന്‍ ജസ്റ്റീസ് ജെ.ബി കോശി കമ്മീഷനെ നിയമിച്ചതുള്‍പ്പെടെയുള്ള നിമിത്തങ്ങളുമുണ്ട്.

രാജ്യത്തെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാര്‍ കമ്മീഷന്റെ  റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിനുവേണ്ടി പാലോളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായ കമ്മറ്റി കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളതെന്നാണ് ഇതു വരെയുള്ള ഔദ്യോഗിക വിശദീകരണം. പിന്നീട് ഈ ആനുകൂല്യങ്ങള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 80:20 അനുപാതത്തില്‍ നല്‍കി വരുന്നതായി സര്‍ക്കാര്‍ പറയുന്നു.കേരള ന്യൂനപക്ഷ കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ 2011-ലെ സെന്‍സസ് വിവരമനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയില്‍ 54.73 % ഹിന്ദുക്കളും, 26.56 % മുസ്ലീങ്ങളും, 18.38 % ക്രിസ്ത്യാനികളും, 0.01% സിഖുകാരും, 0.01% ബുദ്ധമതക്കാരും. 0.01% ജൈനമതക്കാരുമായിരിക്കേയാണ് ഈ അനുപാത വിവേചനം.

വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നഗ്‌നമായ മുസ്ലീം പ്രീണനം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഇതേപ്പറ്റി അന്വേഷണം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ വിധവ/വിവാഹ മോചിത/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം സഹായം നല്‍കിയിരിക്കുന്നതിന്റെ വിവരങ്ങള്‍ ഉദാഹരണം. 2016-17-ല്‍ 985 മുസ്ലീം സ്ത്രീകള്‍ക്ക് ഈ ആനുകുല്യം ലഭിച്ചു.അതേസമയം  284 ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ പദ്ധതിയില്‍ വലിയ വ്യത്യാസം കാണാനാകും.സ്വകാര്യ ഐ.ടി.സികളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീ റീഇമ്പേഴ്സ്മെന്റ് നല്‍കുന്ന പദ്ധതി പ്രകാരം സഹായം നല്‍കിയിരിക്കുന്നതിന്റെ പട്ടികയും സമാന വിവേചനം വ്യക്തമാക്കുന്നുണ്ട്.

80 ശതമാനം മുസ്ലിം, 20 ശതമാനം ക്രിസ്ത്യന്‍ എന്ന അനുപാതത്തിന് പിന്നില്‍ യാതൊരു പഠനവുമില്ലെന്നിരിക്കെ തിരുത്തലുകള്‍ക്ക് തയാറാകാതെയുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധാര്‍ഷ്ട്യം അതിരുകടക്കുന്നതായുള്ള ആക്ഷേപം ശക്തം. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ 59:41 എന്ന അനുപാതത്തിന്റെ പ്രാതിനിധ്യമാണു ലഭിക്കേണ്ടത്.ഇതിന്റെ നാലിലൊന്നു പോലും ലഭിക്കുന്നില്ല.അതേസമയം,  കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. ഈ രംഗത്ത് ക്രൈസ്തവ സമൂഹം സ്പഷ്ടമായ വിവേചനമാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ കെ സി ബി സി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യത്തില്‍ ക്രൈസ്തവരുള്‍പ്പെടെ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണ് തുടര്‍ന്നുവരുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍ നിരീക്ഷിക്കുന്നു.അനുപാത വിവേചനം ഹൈക്കോടതി ഉത്തരവ് മാനിച്ച് സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണം. പരാതിയില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് വിധിപ്പകര്‍പ്പ് കിട്ടി നാലുമാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 9 (കെ) പ്രകാരം ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80:20 എന്ന അനുപാതം ശരിയല്ലെന്ന കാര്യം വളരെ വ്യക്തമാണ്- വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍പോലും മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിവേചനം കേരളത്തിലുണ്ടായിരിക്കുന്നതില്‍ നീതീകരണമില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണമെന്ന ആവശ്യവും ശക്തി പ്രാപിക്കുന്നുണ്ട്.പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തിന് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ക്രൈസ്തവരുടെ സാമൂഹിക പിന്നോക്കാവസ്ഥ പഠന വിധേയമാക്കിയിരുന്നില്ലെന്ന യാഥാര്‍ത്ഥ്യം ആരും മാനിച്ചില്ല.ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പില്‍ പോലും 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വിഭാഗങ്ങള്‍ക്കുമാണ്.

മുസ്ലിം സംഘടനകള്‍ നടത്തുന്ന കോച്ചിങ് സെന്ററുകളില്‍ 100 പേരുടെ ബാച്ചില്‍ 80 മുസ്ലിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുമ്പോള്‍ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെല്ലാം കൂടി 20 പേര്‍ക്കാണ് അവസരം. ഇതിന് പരിഹാരമായി ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തില്‍ പൂര്‍ണമായും ക്രൈസ്തവര്‍ക്ക് മാത്രമായി നടത്തുന്നതിന് കോച്ചിങ് സെന്ററുകള്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം ന്യായമാണ്.സ്‌കൂളുകളിലും മറ്റും സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകളുടെ മാനദണ്ഡവും ഇതുതന്നെ. 80 ശതമാനം മുസ്ലിം കുട്ടികളെ പങ്കെടുപ്പിച്ചാല്‍ മാത്രമേ ക്യാമ്പ് ലഭിക്കൂ. അതിനാല്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇങ്ങനെയുള്ള ക്യാമ്പുകളുടെ പ്രയോജനം ലഭിക്കുന്നില്ല.പി എസ് സി , ബാങ്ക് മത്സരപ്പരീക്ഷകള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് കഴിഞ്ഞ വര്‍ഷം 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും തുടങ്ങിയിരുന്നു. ഇതെല്ലാം മുസ്ലിം സമുദായത്തിന് മാത്രമാണ് ലഭിച്ചത്.  ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശക്ക് വായ്പ നല്‍കാറുണ്ടെങ്കിലും ഇതും നാമമാത്രമായാണ് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നത്.

✍️ ബാബു കദളിക്കാട്ട് 

Comments

leave a reply

Related News