Foto

സഭയുടെ ദൗത്യത്തിൽ സ്ത്രീകൾ പങ്കുകാരാണെന്നു മാർപാപ്പ : സ്ത്രീകൾക്ക് ദേവാലയ ശുശ്രൂഷയില്‍ കൂടുതൽ പ്രാതിനിധ്യവുമായി മാർപാപ്പയുടെ പുതിയ സ്വയാധികാര പ്രബോധനം.

വത്തിക്കാൻ സിറ്റി: വിശുദ്ധ കുർബാനയ്ക്ക് ഇടയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവുമായി ഫ്രാൻസിസ് മാർപാപ്പ പുതിയ സ്വയാധികാര പ്രബോധനം (മോത്തൂപ്രോപ്രിയ) ഇറക്കി. ദേവാലയ മദ്ബഹായില്‍ ശുശ്രൂഷിക്കാനും തിരുക്കര്‍മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് സ്പിരിതുസ് ഡോമിനി എന്ന ഉത്തരവ് വഴിയാണ് കാനൻ നിയമത്തിൽ പാപ്പ ഭേദഗതി വരുത്തിയത്. എന്നാൽ അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശമില്ലായെന്ന് രേഖയിൽ പറയുന്നുണ്ട്. പ്രായപൂർത്തിയായ സ്ത്രീകൾക്കും വിശുദ്ധ ബലി മധ്യേ സുവിശേഷ വായന ഒഴികെ എല്ലാ വായനകളും വായിക്കാനും, ശുശ്രൂഷകർ ആകാനും അനുവാദം നൽകുന്നുണ്ട്. സഭയുടെ ദൗത്യത്തിൽ അവരും പങ്കുകാരാണെന്നു രേഖ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വിവാഹം ആശീർവദിക്കാനും, മാമ്മോദീസ പരികർമ്മം ചെയ്യാനും, മൃതസംസ്കാരം നടത്താനും അനുവാദമില്ല എന്നും രേഖയില്‍ പരാമര്‍ശമുണ്ട്. അള്‍ത്താര ശുശ്രൂഷകരായി ലത്തീൻ  കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചട്ടപ്രകാരം ഈ ശുശ്രൂഷകള്‍ ഏല്പിച്ചുനല്കുവാനുള്ള വ്യവസ്ഥകള്‍ നിലവില്‍ വന്നിരിരികയാണ്. 1972ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ഈ ശുശ്രൂഷകളെ പൗരോഹിത്യപദവിക്കു പ്രാരംഭമായുള്ള ചെറുപട്ടങ്ങളായി പരിഗണിക്കുന്നതു നിര്‍ത്തലാക്കിയിരുന്നു. അതുകൊണ്ട് പുതിയ ഭേദഗതികളെ സ്ത്രീകളുടെ പൗരോഹിത്യപദവിയിലേക്കുള്ള ചുവടുവയ്പായി കാണേണ്ടതില്ല. പുതിയ നടപടി വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Comments

  • Jose VJ
    15-01-2021 03:49 PM

    കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരും അച്ചന്മാരും അതിന് അനുവാദം kodukumoo

leave a reply

Related News