ഇനിയാണ് കളി , ഇന്ത്യൻ ക്രിക്കറ്റ് ടീം
ഇനി പൊളിക്കും
ഹെഡ്മാസ്റ്റർ മാറി. ഒപ്പം സ്‌കൂൾ ലീഡറും. ഫലം കളി മാറി. കാലം തെളിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞാഴ്ച നടന്നത് അത്ര മാത്രമാണ്. പഴയ ചില മോശക്കാലത്തെപ്പോലെ ലീഡറെ പിടിച്ചു പുറത്താക്കേണ്ടി വന്നില്ല. അറേബ്യൻ മണ്ണിൽ കോവിഡ് മഹാമാരി കാരണം നടത്തേണ്ടി വന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തിളങ്ങിയവർ പോലും, കുട്ടിക്രിക്കറ്റിലെ, ട്വന്റി 20 യിലെ ലോകകപ്പെന്ന വലിയ സ്റ്റേജിൽ ആടാനറിയാതെ പകച്ചു നിന്നത് രണ്ടാഴ്ച മുൻപ് നമ്മൾ നേരിൽ കണ്ടതാണ്. വലിയ സ്വപ്നങ്ങൾ കളിഭ്രാന്തന്മാരിൽ നിറയ്ക്കുവാൻ മൽസരിച്ചാടിയ മാധ്യമങ്ങൾ വിരാട് കോലിയുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച രണ്ട് ടീമുകൾക്കെതിരെ- ബദ്ധവൈരികളെന്ന് കൊട്ടിഘോഷിക്കുന്ന പാക്കിസ്ഥാനോടും, മിക്കപ്പോഴും അടിപതറുന്ന ന്യൂസിലാന്റിനോടും -കാഴ്ച വച്ച പ്രകടനത്തോടെ പ്രതിരോധത്തിലായി. തിരിച്ചുവരാനും, തിരിച്ചടിക്കാനും യാതൊരു സാധ്യതകളുമില്ലായിരുന്നെങ്കിലും ദുർബ്ബല ടീമുകളെ വശംകെടുത്തി കൊടുമുടി കയറാനാകുമെന്ന പ്രതീക്ഷയും കളിപ്രേമികളിൽ അവർ നിറച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ബാഗും തൂക്കി മടങ്ങിയ ഇന്ത്യൻ ടീമിനെ കാത്തിരുന്നത് ലോക കപ്പിൽ റണ്ണർ അപ്പായ ന്യൂസിലാന്റിന്റെ പര്യടനമായിരുന്നു.
മാന്യതയുടെ പര്യായമായ കെയിൻ വില്യംസൺ ഇല്ലാത്ത ഒരു ടീമാണ് ന്യൂസിലാന്റ് ഇന്ത്യക്കെതിരെ മൂന്നു മൽസര ട്വന്റി 20 യിൽ പങ്കെടുക്കുവാൻ അയച്ചിരുന്നത്. ലോക കപ്പിന്റെ തുടക്കത്തിൽ തന്നെ നിയന്ത്രിത ഓവർ മൽസരങ്ങളിൽ നായക സ്ഥാനത്തു തുടരുവാൻ താല്പ്പര്യമില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി അഭിപ്രായപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലപ്പത്തെ മാറ്റം എളുപ്പമാക്കി. മുംബൈ ഇന്ത്യൻസിനെ ഐപിഎൽ മൽസരങ്ങളിൽ നായകനെന്ന നിലയിൽ മികച്ച പെർഫോമൻസ് റിക്കാർഡുള്ള രോഹിത് ശർമ്മയ്ക്കു ക്യാപ്റ്റൻസി നൽകാൻ സെലക്ഷൻ കമ്മറ്റിക്ക് ഏറെ തലപുകയേണ്ടി വന്നില്ല. ലോകകപ്പോടെ മുഖ്യ പരിശീലകന്റെ കരാർ കാലാവധി കഴിഞ്ഞതോടെ മുംബൈയുടെ രവിശാസ്ത്രിക്കും പകരക്കാരനെ കണ്ടെത്തണമായിരുന്നു. ഈ സ്ഥാനത്തേക്ക് കർണാടകയുടെ ഇന്ത്യൻ ബാറ്റിങ്ങ് നിരയിലെ വന്മതിൽ എന്നു വിളിക്കപ്പെടുന്ന രാഹുൽ ദ്രാവിഡിന്റെ പേര് ഉയർന്നു വന്നതിൽ എതിർപ്പ് ഒരു ഭാഗത്തു നിന്നും തന്നെ ഉണ്ടായില്ല. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഹെഡ്മാസ്റ്ററും, ലീഡറും അതിസാധാരണ വിധത്തിൽ അവരോധിതരായി.
സ്ഥിരം നായകൻ കെയിൻ വില്യംസൺ വിശ്രമത്തിന് പോയതിനാൽ മാർട്ടിൻ ഗുപ്തിലാണ് ന്യൂസിലാന്റിനെ ട്വന്റി 20 പരമ്പരയിൽ നയിച്ചത്. കോലിക്ക് പകരം ടീമിനെ നയിച്ചപ്പോൾ വിജയം കണ്ടിരുന്ന രോഹിത് ശർമ്മയുടെ ടീമിന് ലോകകപ്പ് റണ്ണർ അപ്പായ ന്യൂസിലാന്റിനെതിരെ സ്വന്തം മണ്ണിൽ മൂന്നു മൽസര പരമ്പര തുത്തുവാരാൻ കാര്യമായ വിഷമങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിതും, വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലും തിളങ്ങിയത് മൽസരങ്ങളിൽ നല്ലൊരു തുടക്കം കുറിക്കുവാനും, മാന്യമായ സ്‌കോറുയർത്തുവാനും കഴിഞ്ഞു. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ ട്വന്റി 20 ലോകകപ്പിലേക്ക് ഒരു ടീമിനെ ഒരുക്കുവാനുള്ള ആദ്യ ശ്രമമായിരുന്നു ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടിന്റെ കിവീസിനെതിരെയുള്ള പോരാട്ടം.
ഒരു പരിശീലകൻ എന്ന നിലയിൽ ദ്രാവിഡിന്റെ ഏറ്റവും മികച്ച നേട്ടം തന്റെ നീണ്ട ഒന്നര ദശാബ്ദക്കാലത്തെ ഇന്ത്യൻ ടീം കരിയർ കഴിഞ്ഞ ഉടനെ അണ്ടർ 19 ക്രിക്കറ്റ് കളിക്കാരെയും, ടീമിനെയും കോച്ച് ചെയ്യാൻ കഴിഞ്ഞതാണ്. ഇന്നത്തെ ഇന്ത്യൻ കളിക്കാരിൽ വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ സീനിയർ താരങ്ങളെ ഒഴിച്ചു നിറുത്തിയാൽ ദ്രാവിഡ് വളർത്തിയെടുത്ത പ്രതിഭകളാണ് മറ്റെല്ലാവരും. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബാംഗ്‌ളൂരിൽ ദ്രാവിഡ് വിദദ്ധ പരിശീലനം കൊടുത്ത വലിയൊരു നിര തന്നെയാണ് ഇന്നത്തെ ഇന്ത്യൻ ടീമിലെ ചെറുപ്പക്കാർ. പൃഥ്വി ഷാ, ഇഷൻ കിഷൻ, റിഷഭ് പന്ത്, ശ്രേയസ് അച്ചർ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, അവേശ് ഖാൻ, കെ എസ് ഭരത്, അഭിമന്യു ഈശ്വരൻ, ഹനുമ വിഹാരി തുടങ്ങിയ ഒരു നീണ്ട ശിഷ്യ സമ്പത്താണ് ദ്രാവിഡിനുള്ളത്. ഈ കളിക്കാരിൽ നിന്നും പരമാവധി പെർഫോമൻസ് ഊറ്റിയെടുക്കുവാൻ ദ്രാവിഡിന് കഴിഞ്ഞാൽ വരും ദിനങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കൂടുതൽ ഉയരങ്ങളിലെത്തും. ഈ യുവ താരങ്ങളിൽ നിന്നും ഭാവിയിൽ ഇന്ത്യയെ നയിക്കുവാൻ ഒരു താരത്തെ പാകപ്പെടുത്തി എടുക്കേണ്ട ജോലിയുമുണ്ട്. കോലിയും രോഹിത് ശർമയും ഏറെക്കാലം ഇന്ത്യൻ ടീമിലുണ്ടാകില്ല. കെ.എൽ. രാഹുൽ, ശ്രേയസ് അച്ചർ, റിഷഭ് പന്ത് എന്നീ കളിക്കാരിൽ ഒരാളാണ് ഭാവിയിൽ ദേശീയ ടീം നായക സ്ഥാനത്തേക്ക് ഉയർന്നു വരുന്ന പേരുകൾ.
കുട്ടിക്രിക്കറ്റിന് ആവശ്യം വേണ്ടത് നല്ലൊരു ഓൾറൗണ്ടറെയാണ്. പുറം വേദന കാരണം ഹാർദിക് പാണ്ഡ്യ ടീമിൽ ഇന്നൊരു സ്ഥിരം കളിക്കാരനല്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെങ്കിടേശ് അയ്യർ ഇന്ത്യൻ ടീമിലേക്കും ഹാർദിക്കിന്റെ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കാം. ബൗളിങ്ങിലും, ബാറ്റിങ്ങിലും കഴിവുറ്റ കളിക്കാർ ടീമിലുള്ളതും, ഒരു അവസരത്തിനായി കാത്തുനിൽക്കുന്നവർ അനേകമുള്ളതും ഇന്ത്യൻ ക്രിക്കറ്റിന് വരുംനാളുകളിൽ കരുത്തും പകരും. കളിക്കാരുമായി അടുത്ത് ഇടപെഴകുവാൻ യാതൊരു വിമുഖതയില്ലാത്ത ദ്രാവിഡിന്റെ പരിശീലന മികവിൽ, ഇന്നത്തെ ടീം തന്നെയാകും ട്വന്റി 20 - 2022 ലും 2023 ലെ ഏകദിന ലോകകപ്പിലും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കളിക്കുക.
എൻ . എസ്. വിജയകുമാർ
Video Courtesy : INDIA TODAY
Comments