കായംകുളം: കട്ടച്ചിറ പള്ളി തർക്കത്തിൽ ജില്ലാ ഭരണകൂടം കാട്ടുന്ന നിസംഗ മനോഭാവം വെടിഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി നടപ്പാക്കണമെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. യാക്കോബായ സുറിയാനി സഭയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ നടക്കുന്ന സഹന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെക്കൻ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിത്തേരിയിൽ പോലും പ്രാർഥിക്കാൻ കയറാൻ അനുവദിക്കാതെ സമീപ ഇടവകകളിൽ നിന്നും ആളുകളെ കൂട്ടി ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നതും യഥാർഥ അവകാശികളായ ഇടവക ജനങ്ങളെ തടയുന്നതുമായ മനസ്ഥിതി ഓർത്തഡോക്സ് വിഭാഗം വെടിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കട്ടച്ചിറയിൽ കോടതി വിധി ഭാഗികമായി മാത്രമേ നടപ്പാക്കിയിട്ടുള്ളൂ എന്നും ഇടവക ജനങ്ങളുടെ അവകാശാധികാരങ്ങൾ സ്ഥാപിച്ചുകിട്ടാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാജ്യത്തു ഭൂരിപക്ഷം വരുന്ന വിശ്വസികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സർക്കാർ നിയമ നിർമാണത്തിലൂടെ ഈ പ്രതിസന്ധിക്കു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നതായും കൊല്ലം ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മോർ തേവോദോസിയോസ് അഭിപ്രായപ്പെട്ടു.
നീതിക്ക് വേണ്ടി ഏത് സമരമാർഗവും വേണ്ടി വന്നാൽ സ്വീകരിക്കുമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ തുമ്പമൺ ഭദ്രസനാധിപൻ യൂഹാനോൻ മോർ മീലിത്തിയോസ് പറഞ്ഞു. യാക്കോബായ സഭ ഗാന്ധിയൻ സമര മാർഗമാണു സ്വീകരിക്കുന്നതെന്നും വരും നാളുകളിൽ സമരത്തിന്റെ ശൈലി മാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. റോയി ജോർജ്, സമാജ് വാദിപാർട്ടി കർണാടക അധ്യക്ഷൻ റോബിൻ മാത്യു, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, ഫാ. ജോർജി ജോൺ, ഫാ. എം.ജെ. ദാനിയേൽ, ഫാ. എബി സ്റ്റീഫൻ, ഫാ. റോയ് ജോർജ്, ഫാദർ ജോർജ് പെരുമ്പട്ടത്തു, ഫാദർ സാബു സാമുവൽ, ഫാ. സഞ്ജയ് ബാബു, സഭ വർക്കിംഗ് കമ്മറ്റി അംഗങ്ങളായ ഷെവ. അലക്സ് എം. ജോർജ്, സുരേഷ് ജയിംസ് വഞ്ചിപാലം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധത്തിന് ശേഷം മെത്രാപോലീത്താന്മാരുടെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിൽ കളക്ടർക്കു നിവേദനം നൽകി. ജനുവരി 22നു മുൻപ് കട്ടച്ചിറ പള്ളി തർക്കത്തിൽ ഉചിതമായ നടപടി സ്വീകരിച്ചില്ലങ്കിൽ തുടർ സമര പരിപാടികൾ 22ന് ചേരുന്ന സഭാ സമിതികളുടെ യോഗത്തിൽ തീരുമാനിക്കും.
Comments