Foto

ട്വിറ്റര്‍ ഇന്ത്യാ മേധാവിയെ ചോദ്യം ചെയ്യും; സമന്‍സ് അയച്ച് യു പി പോലീസ്

ട്വിറ്റര്‍ ഇന്ത്യാ മേധാവിയെ
ചോദ്യം ചെയ്യും; സമന്‍സ്
അയച്ച് യു പി പോലീസ്

ഐ ടി നിയമത്തിലെ സെക്ഷന്‍ 79 പ്രകാരമുള്ള പരിരക്ഷ ഇനി ഇല്ല ;
മുഴുവന്‍ ഉള്ളടക്കത്തിന്റെയും ഉത്തരവാദിത്തം കമ്പനിക്കുണ്ടാകും


പ്രമുഖ മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററുമായി യുദ്ധം മുറുക്കാന്‍ സംഘ്പരിവാര്‍ നീക്കം. ഏഴു ദിവസത്തിനുള്ളില്‍ ഉത്തര്‍ പ്രദേശിലെ ലോണി സ്റ്റേഷനില്‍ ഹാജാരാകാന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ ഇന്ത്യ  മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കു ഗാസിയാബാദ് പൊലീസ് രേഖാമൂലമുള്ള സമന്‍സ് അയച്ചു. മൊഴി രേഖപ്പെടുത്തുന്നതിനു ഹാജരാകാനാണു നിര്‍ദേശം.

ലോണിയില്‍ വ്യദ്ധന്‍ ആക്രമിക്കപ്പെട്ട ദ്യശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 5 ന് ജയ് ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു എന്നാണ് ലോണി നിവാസിയായ സുഫി അബ്ദുള്‍ സമദിന്റെ പരാതി. ഐടി നിയമ പ്രകാരമുള്ള ട്വിറ്ററിന്റെ നിയമ പരിരക്ഷ എടുത്തു കളഞ്ഞ ശേഷം എടുക്കുന്ന ആദ്യ കേസാണിത്.വിവാദ വീഡിയോയുമായി ബന്ധപ്പെട്ട ട്വീറ്റ് സംബന്ധിച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്റര്‍ ഇന്‍ക്, ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് എന്നിവയ്ക്കുമെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണു പുതിയ സംഭവം.

'ആളുകള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനുള്ള വേദിയായി ചിലര്‍ ട്വിറ്ററിനെ ഉപയോഗിച്ചു. അത്തരം സന്ദേശങ്ങളെക്കുറിച്ച് ട്വിറ്റര്‍ ശ്രദ്ധ പുലര്‍ത്തിയില്ല. പകരം രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഐക്യത്തെ ബാധിക്കാനും ലക്ഷ്യമിടുന്ന അത്തരം സന്ദേശങ്ങളെ പ്രോത്സാഹിപ്പിച്ചു. അത്തരം സന്ദേശങ്ങള്‍ വൈറലാകാനും അനുവദിച്ചു. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, താങ്കളുടെ പങ്കാളിത്തം നിര്‍ബന്ധമാണ്. താങ്കളുടെ പ്രതികരണം രേഖപ്പെടുത്താന്‍ ഈ കത്ത് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ലോണി ബോര്‍ഡര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക,' ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കു പൊലീസ് നല്‍കിയ കത്തില്‍ പറയുന്നു.

കോവിഡ് നിയന്ത്രണത്തിലെ വലിയ വീഴ്ചയും കര്‍ഷക വിരുദ്ധ നിലപാടുകളും രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ തരംഗത്തിന് തുടക്കമിട്ട ഒരു സാഹചര്യത്തിലാണ് ട്വിറ്ററിനെതിരായ നീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്്. അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തെ ഭരണകൂട വീഴ്ചകള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുകയും സര്‍ക്കാര്‍ വിരുദ്ധ ട്വിറ്റര്‍ സ്റ്റോമുകള്‍ ഇടയ്ക്കിടെ ജനകീയമാകുകയും ചെയ്യുന്നത് വലിയ തലവേദനയാണ് ബി ജെ പി സര്‍ക്കാരിനുണ്ടാക്കിയത്. ഇന്ത്യയിലെ തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുന്ന രീതിയിലുള്ള നിയമ നീക്കങ്ങള്‍ ഉണ്ടായാല്‍ ട്വിറ്റര്‍ തങ്ങള്‍ക്ക് വഴങ്ങുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വമെന്ന് സൂചനയുണ്ട്.

ടൂള്‍കിറ്റ് കേസില്‍ മനീഷ് മഹേശ്വരിയെ മെയ് 31ന് രണ്ട് മണിക്കൂറോളം ബെംഗളൂരുവില്‍ ചോദ്യം ചെയ്ത സംഭവം അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കമ്പനിയുടെ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. പ്രധാനമന്ത്രിക്കും ബി ജെ പി നേതാക്കള്‍ക്കും എതിരെ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ബി ജെ പി ആരോപിക്കുന്ന ടൂള്‍കിറ്റ് കേസിലാണ് മനീഷ് മഹേശ്വരിയെ ഡല്‍ഹി പോലീസിലെ പ്രത്യേക സംഘം ചോദ്യം ചെയ്തത്.

ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ഹാന്‍ഡിലില്‍ നല്‍കിയിരുന്ന ബ്ലൂടിക് ജൂണ്‍ ആദ്യവാരം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വലിയ വിവാദത്തിന് അത് വഴിയൊരുക്കി. സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍ എന്നീ ആര്‍ എസ് എസ് നേതാക്കളുടെ ബ്ലൂടിക്കും ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ സംഘ്പരിവാറിനോട് പരസ്യ പോരിനാണ് ട്വിറ്റര്‍ തുടക്കം കുറിച്ചതെന്ന വാദവും ചിലര്‍ ഉന്നയിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് സംഘ്പരിവാര്‍ അനുകൂല നിലപാട് പിന്തുടരുന്ന കങ്കണ റണൗത്തിന്റെ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്യാനും ട്വിറ്റര്‍ ധൈര്യം കാണിച്ചു.

ഐ ടി നിയമത്തിലെ സെക്്ഷന്‍ 79 ഉപയോക്താക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമ നടപടികളില്‍ നിന്ന് സോഷ്യല്‍ മീഡിയാ കമ്പനികളെ പരിരക്ഷിക്കുന്നുണ്ട്.അതേസമയം, ഇത്തരം ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ രചിക്കുക, കൈമാറ്റം ചെയ്യുക, സന്ദേശം സ്വീകരിക്കുന്നയാളെ തിരഞ്ഞെടുക്കുക, സന്ദേശത്തിലെ വിവരങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ കമ്പനിക്ക് പങ്കില്ലെങ്കില്‍ മാത്രമാണ് ഈ പരിരക്ഷ ലഭിക്കുന്നത്. അതായത്, ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഒരു സന്ദേശം കൈമാറുമ്പോള്‍ അതിന്റെ ഉള്ളടക്കത്തില്‍ ഒരു തരത്തിലും ഇടപെടാതെ സോഷ്യല്‍ മീഡിയ കമ്പനി ഒരു മെസഞ്ചറായി മാത്രം പ്രവര്‍ത്തിക്കുമ്പോഴാണ് നിയമപരമായ നടപടികളില്‍ നിന്ന് സുരക്ഷിതമാകുന്നത്. ട്വിറ്ററിന്റെ ഈ പരിരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

സെക്്ഷന്‍ 79 പ്രകാരം ലഭിക്കുന്ന പരിരക്ഷ ഇല്ലാതായാല്‍, ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന മുഴുവന്‍ ഉള്ളടക്കത്തിന്റെയും പ്രസാധകരെന്ന നിലയിലാകും കമ്പനിയെ കണക്കാക്കുക. കുറ്റകരമായ എന്തെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യപ്പെട്ടാല്‍ നിയമ, ശിക്ഷാ നടപടികള്‍ക്ക് കമ്പനിയും ബാധ്യസ്ഥരാകും.ഇനി മുതല്‍ ആരെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്നതോ അക്രമത്തിലേക്ക് നയിക്കുന്നതോ ആയ എന്തെങ്കിലും ഉള്ളടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താല്‍, ട്വീറ്റ് ചെയ്ത വ്യക്തിക്ക് മാത്രമായിരിക്കില്ല അതിന്റെ ഉത്തരവാദിത്വം. നിയമപരമായ പരിരക്ഷ ലഭിക്കാത്തതിനാല്‍ ട്വിറ്ററും നിയമ നടപടികള്‍ നേരിടാന്‍ ബാധ്യസ്ഥരായിത്തീരും. ഗാസിയാബാദ് പൊലീസ് നടത്തുന്ന നീക്കം ഈ ദിശയിലാണ്.

ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. സമൂഹ മാധ്യമ രംഗത്തെ അതികായരായ ട്വിറ്ററിന് ഐ ടി നിയമത്തിന്റെ സംരക്ഷണം ഇനിയില്ല എന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. റസിഡന്‍സ് ഗ്രീവന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ എന്നീ പദവികളില്‍ എക്സിക്യൂട്ടീവുകളെ നിയമിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആരോപിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയതിനാല്‍ ഐ ടി നിയമത്തിലെ സെക്്ഷന്‍ 79 പ്രകാരം സോഷ്യല്‍ മീഡിയകള്‍ക്ക് ലഭിക്കുന്ന പരിരക്ഷ ട്വിറ്ററിന് നല്‍കാനാകില്ലെന്ന്് മന്ത്രാലയം തീര്‍ത്തുപറഞ്ഞു.അതേസമയം, ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇപ്പോഴത്തെ നീക്കങ്ങളില്‍ വലിയ നിരാശയാണ് ട്വിറ്റര്‍ പ്രകടിപ്പിച്ചത്. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്ന്് ട്വിറ്റര്‍ ഔദ്യോഗികമായി വ്യക്തമാക്കി്. കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് മുമ്പില്‍ ട്വിറ്റര്‍ കീഴടങ്ങുകയും അതനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുമോ എന്ന ചോദ്യം വ്യാപകമായിട്ടുണ്ട്.

ട്വിറ്ററുമായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ഏറ്റുമുട്ടുന്നത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാലത്താണ്. ട്വിറ്റര്‍ ഇടതുപക്ഷത്തോടൊപ്പമാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നുമായിരുന്നു ഐ ടി മന്ത്രാലയത്തിന്റെ അന്നത്തെ പരാതി. ഇപ്പോള്‍ നടക്കുന്ന നിയമയുദ്ധം രൂക്ഷമായത് കഴിഞ്ഞ ദിവസം ഏതാനും ട്വീറ്റുകളിലൂടെ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിനെതിരെ രംഗത്തെത്തിയതോടെയാണ്. ഐ ടി നിയമം അനുസരിക്കുന്നതില്‍ കമ്പനി മനഃപൂര്‍വം വീഴ്ചവരുത്തിയെന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പതാകവാഹകരായി സ്വയം അവരോധിക്കുന്ന ട്വിറ്റര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ധിക്കാരത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് ആശ്ചര്യകരമാണെന്നും രാജ്യത്തെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഉപയോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ട്വിറ്റര്‍ തയ്യാറാകാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്ിയുടെ പ്രതികരണം. തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ട്വിറ്ററിന്റെ നയം മാധ്യമങ്ങളെ സ്വാധീനിക്കുന്നതാണെന്നും അദ്ദേഹം പരാതിപ്പെട്ടു.

വിവിധ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് തവണയും ബി ജെ പി അധികാരത്തിലെത്തിയതെന്നത് രവിശങ്കര്‍ പ്രസാദ് മന്ന മട്ടാണ്. സമൂഹ മാധ്യമങ്ങളെ നിലയ്ക്കുനിര്‍ത്തിയും കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതിഷ്ഠിച്ചും കേന്ദ്ര സര്‍ക്കാരും ബി ജെ പി. ഐ ടി സെല്ലും പരിപാലിച്ചു പോന്നത് രഹസ്യമേയല്ല. അതിനിടയില്‍ സ്വന്തമായി രാഷ്ട്രീയ നിലപാടുകള്‍ പറയാന്‍ ശ്രമിച്ച പല പ്ലാറ്റ്ഫോമുകളുടെയും ബിസിനസ്സ് തകര്‍ത്ത് രാജ്യത്ത് സമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ നിയന്ത്രിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രത പാലിച്ചു. ട്വിറ്ററിലെ ഉള്ളടക്കം മാധ്യമങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിക്കുമെന്നും അതനുസരിച്ചുള്ള വാര്‍ത്തകള്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള കണ്ടെത്തലാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങള്‍ക്കു പിന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News