ട്രാൻസ്ജെൻഡർ അവകാശങ്ങൾ ; കാവലായ്, കരുതലായ് ജില്ലാ പോലീസ്
എറണാകുളം : ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിലൂന്നി ബോധവത്ക്കരണ സെമിനാറുമായി എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പും, എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും. സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികൾ മനസിലാക്കി സമൂഹത്തിന്റെ മുൻനിരയിലേക്ക് ഇവരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ സിവിൽ പോലീസ് ഓഫീസർമാർക്ക് വലിയ പങ്കുണ്ടെന്ന് സബ് ജഡ്ജും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ പി. എം സുരേഷ് അഭിപ്രായപ്പെട്ടു. ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും, സഹൃദയ ട്രാൻസ്ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെയും നേതൃത്വത്തിൽ കലൂർ റിന്യൂവൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 പോലീസുകാർ ബോധവത്ക്കരണ സെമിനാറിൽ പങ്കെടുത്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ കെ. കെ സുബൈർ പ്രസംഗിച്ചു. ട്രാൻസ്ജെൻഡേഴ്സുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങൾ കേന്ദ്രീകരിച്ച് ഡോ. എം. എസ് അനീഷ്, ഡോ. സി. ജെ ജോൺ, അഡ്വ. മായകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തെ പ്രതിനിധീകരിച്ച് ഹൃത്വിക്, അതിഥി അച്യുത്, ഫൈസൽ ഫൈസു എന്നിവർ ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളും, അനുഭവങ്ങളും പങ്കുവെച്ചു. ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ഇ. ഇ നവാസ് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ, ട്രാൻസ്ജെൻഡർ പോളിസികൾ എന്നിവ അവതരിപ്പിച്ചു.
Comments