Foto

ഇൻഫോപാർക്ക് വരെ കൊച്ചി മെട്രോ; ബജറ്റിൽ 1967 കോടി

ബാബു കദളിക്കാട്

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനു പുതിയ കേന്ദ്ര നയം തടസമാകില്ലകലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം സാധ്യമാക്കാൻ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ 1967 കോടി രൂപ വകയിരുത്തി. ജനസംഖ്യ 10 ലക്ഷത്തിലധികം വരുന്ന നഗരങ്ങൾക്കു മാത്രം മെട്രോ അനുമതി നൽകിയാൽ മതിയെന്ന പുതിയ നയം കൊച്ചി മെട്രോയുടെ കാര്യത്തിൽ തടസമാകില്ലെന്നുറപ്പായി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ് കേന്ദ്ര സർക്കാർ രണ്ടാം ഘട്ടത്തിന് അനുമതി നൽകുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു.

 

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ തുടരുമെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചു. ഡൽഹിയിൽ ലക്ഷക്കണക്കിനു കർഷകർ രണ്ടു മാസത്തിലേറെയായി ശക്തമായ സമരം തുടരുകയാണെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയാണ് മന്ത്രിയിൽ നിന്നുണ്ടായത്. വിവാദ നിയമങ്ങളെക്കുറിച്ച് മന്ത്രി പരാമർശിച്ചില്ല. അടുത്ത സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിൽ 16.5 ലക്ഷം കോടി രൂപ എത്തിക്കുകയാണു ലക്ഷ്യം. എപിഎംസികൾക്ക് (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) അടിസ്ഥാന സൗകര്യ വികസനത്തിനു പണം അനുവദിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ പ്രതിപക്ഷം ബഹളം വച്ചു.

 

ഗോതമ്പിന്റെ താങ്ങുവിലയിനത്തിൽ പണമായി 2013-14 വർഷം കർഷകർക്കു നൽകിയത് 33,874 കോടി രൂപയായിരുന്നെങ്കിൽ 2019-20ൽ തുക 62,802 കോടി രൂപയായി വർധിച്ചു. 43.36 ലക്ഷം ഗോതമ്പ് കർഷകർക്ക് ഇതിന്റെ നേട്ടമുണ്ടായി. നേരത്തെ 35.57 ലക്ഷം കർഷകർക്കായിരുന്നു ഗുണം കിട്ടിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോതമ്പിന്റെ താങ്ങുവിലയായി മാത്രം 75,100 കോടി രൂപ കർഷകർക്കു കൈമാറി. വിളകളുടെ സംഭരണം ക്രമാനുഗതമായി കൂട്ടിവരുന്നുണ്ട്.

 

പെട്രോൾ ലീറ്ററിന് രണ്ടര രൂപയും ഡീസൽ ലീറ്ററിന് നാലു രൂപയും അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻസ് സെസ് (എഐഡിസി) ഈടാക്കാൻ ബജറ്റിൽ നിർദ്ദേശമുണ്ട്. നാളെ മുതൽ ഈ സെസ് പ്രാബല്യത്തിൽ വരും.അതേസമയം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല.അഫോർഡബിൾ ഹൗസിങ് മേഖലയിലെ ഭവന വായ്പയിൽ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശയിളവ് ഈ വർഷവും തുടരും.റിയൽ എസ്റ്റേറ്റ്, ഭവന നിർമാണ, ഭവന വായ്പാ മേഖലയ്ക്ക് ഉണർവ് നൽകുന്ന പ്രഖ്യാപനമാണിത്. 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവർക്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നത്. ഇതിന്റെ ആനുകൂല്യം 2022 മാർച്ച് 31 വരെ ീട്ടി. 80 ഇഇഎ പ്രകാരം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ലഭിക്കുന്ന ഇളവിന് പുറമെയാണിത്. അതനുസരിച്ച് ഈ വിഭാഗത്തിലുള്ളവർക്ക് ഭവനവായ്പയുടെ പലിശയിന്മേൽ പരമാവധി 3.5 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.

 

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടനികുതി ഒഴിവാക്കി. പുതിയ കസ്റ്റംസ് ഡ്യൂട്ടി ഘടന ഒക്ടോബർ ഒന്നിന് നിലവിൽ വരും. ചില വാഹനങ്ങൾക്കുള്ള കസ്റ്റംസ തീരുവ 15 ശതമാനം ഉയർത്തി. സോളർ വിളക്കുകൾക്കുള്ള കസ്റ്റംസ് തീരുവ അഞ്ചു ശതമാനം കുറച്ചു.

75 വയസ്സിനു മുകളിലുള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല. ആദായനികുതി തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറിൽനിന്ന് മൂന്നുവർഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കിൽ മാത്രം 10 വർഷം വരെ പരിശോധിക്കാം.

 

ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഈ വർഷം നടത്താനിരിക്കുന്നതെന്നു ധനമന്ത്രി പറഞ്ഞു.കടലാസുകൾ പൂർണമായും ഉപേക്ഷിച്ച് സ്മാർട് ആപ്ലിക്കേഷനുകളും ക്ലൗഡ് സെർവറുകളും ഉപയോഗിച്ചാകും സെൻസസ്.രാജ്യത്തെ എല്ലാവരുടെയും വ്യക്തിവിവരങ്ങൾ ഒരു സെർവറിൽ സൂക്ഷിക്കുന്ന രീതിയിലായിരിക്കും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സെൻസസ് നടത്തുക.വൻ വെല്ലുവിളികൾ നേരിടേണ്ടിവരാവുന്ന സെൻസസിന് കേന്ദ്ര സർക്കാർ 3,768 കോടി രൂപ പ്രഖ്യാപിച്ചു. സെൻസസ് ഡിജിറ്റലാകുമ്പോൾ സൈബർ സുരക്ഷ ശക്തമാക്കേണ്ടിവരും.

 

കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം വകയിരുത്തിയിട്ടുണ്ട്.ആരോഗ്യ, സൗഖ്യ മേഖലയ്ക്കായി 2,23,846 കോടിയുടെ പാക്കേജാണു പ്രഖ്യാപിച്ചത്. ഇതിൽ 35,000 കോടി രൂപ കോവിഡ് വാക്സീന്റെ ഗവേഷണ പരീക്ഷണങ്ങൾക്കും നിർമാണത്തിനും മാത്രമാണ്. നിലവിൽ രണ്ടു വാക്സീനുകളാണു രാജ്യത്ത് ഉപയോഗിക്കുന്നത്. രണ്ടെണ്ണം കൂടി ഉടൻ വരുമെന്നും ധനമന്ത്രി പറഞ്ഞു.

 

Comments

leave a reply

Related News