Foto

കോവിഡ് വ്യാപനത്തിന് എതിരെയുള്ള സർക്കാർ നടപടികൾക്ക് പിന്തുണ: കെ.സി.ബി.സി.

കോവിഡ്  വ്യാപനത്തിന് എതിരെയുള്ള  സർക്കാർ നടപടികൾക്ക്  പിന്തുണ: കെ.സി.ബി.സി.

കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളെ സർവാത്മനാ  സ്വാഗതം ചെയ്തുകൊണ്ട് സർക്കാരിന് സർവവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സർക്കാർ നൽകുന്ന നിർദേശങ്ങൾ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങൾ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കർദിനാൾ പറഞ്ഞു. കത്തോലിക്കാസഭയുടെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രികൾ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വർദ്ധനവു കണക്കിലെടുത്തു കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ ആശുപത്രികളും സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് സംലഭ്യമാക്കാൻ ബന്ധപ്പെട്ടവർ താത്പര്യമെടുക്കുമെന്നും കെസിബിസി പ്രസിഡണ്ട് പറഞ്ഞു.
കത്തോലിക്കാ ദൈവാലയങ്ങളിൽ ആരാധനകർമ്മങ്ങൾ നടത്തേണ്ടതും ദൈവാലയകർമ്മങ്ങളിലെ ജനപങ്കാളിത്തം ക്രമീകരിക്കേണ്ടതും സംസ്ഥാന സർക്കാരും ജില്ലാ'ഭരണകൂടങ്ങളും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. കുമ്പസാരം, രോഗീലേപനം തുടങ്ങിയ ആത്മീയ ശുശ്രൂഷകൾ കോവിഡ് ബാധിതർക്കായി വൈദികർ പരികർമം ചെയ്യുമ്പോൾ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന കാര്യവും കർദിനാൾ ഓർമ്മിപ്പിച്ചു.
ഈ മഹാവിപത്തിനെ നേരിടുന്നതിനായി എല്ലാവരും തീക്ഷ്ണമായി പ്രാർത്ഥിക്കേണ്ട സമയമാണിത്. ആരോഗ്യപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ചെയ്തുവരുന്ന പരിശ്രമങ്ങൾ വിജയിക്കുന്നതിനും ഈ മഹാമാരിയെ അതിജീവിക്കുന്നതിനും പ്രാർത്ഥന ആവശ്യമാണ്. കത്തോലിക്കാസഭയും മറ്റു സഭകളും ഒന്നുചേർന്ന് 2021 മെയ് 7-ാം തീയതി ഒരു പ്രാർത്ഥനാദിനമായി ആചരിക്കുവാൻ 'ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും കർദിനാൾ മാർ ആലഞ്ചേരി അറിയിച്ചു. സർക്കാരിനോടു സഹകരിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കെസിബിസി ഹെൽത്ത് കമ്മീഷന്റെയും കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും പ്രവർത്തകരെ കർദിനാൾ അഭിനന്ദിക്കുകയും ചെയ്തു.

 

Foto
Foto

Comments

leave a reply

Related News