Foto

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ ന്യൂനപക്ഷ
ക്ഷേമ പദ്ധതികളിലെ 80:20
 ഹൈക്കോടതി റദ്ദാക്കി

ജസ്റ്റീസ് ബെഞ്ചമിന്‍ കോശി കമ്മിഷന്റെ ശിപാര്‍ശകളിന്മേലും 80: 20
അനുപാതം വരുമെന്ന കെ.ടി ജലീലിന്റെ പ്രഖ്യാപനവും പാളി


സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചു. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കാനുള്ള ദൗത്യം ന്യൂനപക്ഷ വകുപ്പ് പുതുതായി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനില്‍ നിക്ഷിപ്തമായി.

2015-ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് പാലക്കാട് സ്വദേശിയായ അഭിഭാഷകന്‍ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളിലെ പദ്ധതികളില്‍ 80 ശതമാനം മുസ്ലീം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു നിലവിലെ അനുപാതം.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്‌ളോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം സ്വാഗതം ചെയ്തു. 80:20 അനുപാതത്തെ സാധൂകരിച്ച് മുന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി  കെ. ടി ജലീല്‍ ഫേസ് ബുക്കില്‍  പോസ്റ്റ് ഇട്ട് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഈ അനുപാതത്തെ തച്ചുടച്ചത്. തന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നടപ്പിലാക്കിയ കാര്യങ്ങളും ജലീല്‍ വിശദീകരിക്കവേ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റീസ് ബെഞ്ചമിന്‍ കോശി കമ്മിഷനെക്കുറിച്ചും  പരാമര്‍ശിച്ചിരുന്നു.പ്രസ്തുത കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കമ്പോള്‍ അതിന്റെ അനുപാതവും 80:20 തന്നെയാകുമെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍:

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എന്തൊക്കെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് ചോദിക്കുന്നവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെയും അതിന്റെ അടിസ്ഥാനത്തില്‍ പഠിച്ച് സമര്‍പ്പിക്കപ്പെട്ട പാലൊളി കമ്മിറ്റി റിപോര്‍ട്ടിലെയും ശുപാര്‍ശകള്‍ ഘട്ടം ഘട്ടമായേ ഏതൊരു സര്‍ക്കാരിനും നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. വിവിധ തുറകളിലെ മുസലിം ഉദ്യോഗാര്‍ത്ഥികളുടെ കുറവ് പരിഹരിക്കാന്‍ ബന്ധപ്പെട്ട മേഖലകളിലേക്ക് അവരിലെ നിര്‍ധനരെ ആകര്‍ഷിക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണമെന്ന പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രസക്തമെന്ന് തോന്നുന്ന പദ്ധതികള്‍ വിഎസ് സര്‍ക്കാറിന്റെ കാലത്തും അത് കഴിഞ്ഞു വന്ന യുഡിഎഫ് സര്‍ക്കാറിന്റെ കാലയളവിലും നടപ്പിലാക്കിയിരുന്നു. തുടര്‍ന്നുവന്ന ഒന്നാം പിണറായി സര്‍ക്കാരും ആ പാത തന്നെ പിന്തുടര്‍ന്നു. വിവിധ സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികളുടെ കുറവ് പരിഹരിക്കപ്പെടുന്നത് വരെ ഇത്തരം പ്രത്യേക സ്‌കീമുകള്‍ പ്രസക്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തെ പ്രാപ്തമാക്കി. 2006 -11 കാലയളവില്‍ വിഎസ് ഗവണ്‍മെന്റ് നടപ്പിലാക്കിയ പദ്ധതികളും 2011 -16 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുടക്കം കൂടാതെ ഇതിനു പുറമെ നടന്ന് വരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല ഞാന്‍ വഹിച്ചിരുന്ന സമയത്ത് നടപ്പിലാക്കാനായ പദ്ധതികളാണ് മേല്‍ വിശദീകരിച്ചത്. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചു പാലൊളി കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫിനെ ഭരണ കാലയളവിലും നടപ്പിലാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം കൃസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആണെന്ന പോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ പദ്ധതികളും 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പൊതുവില്‍ നല്‍കപ്പെടുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ സ്‌കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും അര്‍ഹതപ്പെട്ട മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്.

കേരളത്തിലെ ജനസംഖ്യയില്‍ 26 ശതാമാനം വരുന്ന മുസ്ലിംങ്ങള്‍ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കില്‍ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ 20 ശതാമാനം മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാര്‍. (ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും). 80% ക്രൈസ്തവ സഹോദരന്‍മാരും സംവരണാനുകൂല്യം ലഭിക്കാത്ത മുന്നോക്ക വിഭാഗമായാണ് ഗണിക്കപ്പെടുന്നത്.

പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന ഗുണഭോക്തൃ അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിന്റെ വര്‍ത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ചത്. പ്രസ്തുത കമ്മിറ്റി സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. അതിന്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും, 20% മറ്റു ന്യൂനപക്ഷങ്ങളും.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ട് ഒരു പരാതി ആരും ഉയര്‍ത്തിയതായി കേട്ടിട്ടില്ല. ഇടതുപക്ഷ സര്‍ക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയത്. ഞാന്‍ ന്യൂനപക്ഷ വകുപ്പിന്റെ ചുമതലക്കാരനായിരുന്നതിനാല്‍ പരമാവധി എന്നെ മോശക്കാരനാക്കാന്‍ മുസ്ലിംലീഗും ലീഗനുകൂലികളും മല്‍സര ബുദ്ധിയോടെ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ അത്യാഹ്ലാദം കണ്ടെത്തി. മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാന്‍ ആഗ്രഹിച്ച അമ്മായി അമ്മയെപ്പോലെ.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News