Foto

വിശ്വാസത്തിന്റെ നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 17 )

 ജോബി ബേബി,

സുറിയാനി പാരമ്പര്യത്തിലെ വലിയ നോമ്പിന്റെ ഒന്നാം ദിനം കാനാവിലെ കല്യാണ വിരുന്നിന്റെ കഥപറഞ്ഞാണ് തുടങ്ങുക.അവസാന വാരം ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ക്ക് തൊട്ട് മുന്‍പുള്ള നോമ്പിന്റെ നാല്‍പ്പതാം ദിനമാകട്ടെ ബഥനിയില്‍ ലാസറിന്റെ മരണം നടന്ന വീട്ടിലെ കഥയാണ് പറയുക.കല്യാണ വീട്ടില്‍ തുടങ്ങി മരണവീട്ടില്‍ അവസാനിക്കുന്ന ഈ ക്രമീകരണത്തിന് ഒരു പ്രത്യേകതയുണ്ട്. കാനാവില്‍ ക്രിസ്തുവിന്റെ അത്ഭുദം കണ്ട ശിഷ്യന്മാര്‍ വിശ്വസിക്കുന്നുവെന്ന തിരുവെഴുത്തു പറയുന്നു. എന്നാല്‍ ബഥനിയില്‍ ലാസറിന്റെ സഹോദരിയോട് ക്രിസ്തു പറയുന്നത് നോക്കുക, ''വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും'' എന്നാണ്. ആദ്യം അത്ഭുതമാണ് വിശ്വാസത്തിന് ആധാരമാകുന്നത്. ഒടുവിലാകട്ടെ വിശ്വാസം അതിശയകരമായ ഉയര്‍പ്പിന് കാരണമാകുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ സവിശേഷതയായ ഏഴ് അടയാളങ്ങളില്‍ ആദ്യത്തേത് ആണ് കാനാവിലേത്. അവസാനത്തേത് ബഥനിയിലേത്. നോമ്പ് വിശ്വാസജീവിതത്തില്‍ ഒരു ആഴപ്പെടലിന് വേണ്ടി കൂടെയുള്ളതാണെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു. കേവലം അത്ഭുദങ്ങളില്‍ നിലനില്‍ക്കുന്ന ഉപരിപ്ലവമായ വിശ്വാസത്തിനപ്പുറം ദൈവ മഹത്വം വെളിപ്പെടുത്തുന്ന വിശ്വാസ സ്തൈര്യത്തിനുടമയായി ഏതു പരിതസ്ഥിതിയിലും അനുകൂലവും പ്രതികൂലവുമായ ഏതു സാഹചര്യങ്ങളിലും നിലകൊള്ളാനുള്ള പരിശീലന കാലം കൂടെയാണ് പ്രിയമുള്ളവരേ നോമ്പ് കാലം.പ്രിയപ്പെട്ട ബോബിയച്ചന്‍ പറഞ്ഞത് പോലെ ''അബ്രഹാമിന് കിട്ടിയപോലൊരു ക്ഷണം എല്ലാക്കാലത്തും എല്ലാ മനുഷ്യര്‍ക്കുമുണ്ട്.വരിക,കൂടാരത്തിനു വെളിയിലേക്ക് എന്നിട്ട് ആകാശത്തിലേക്ക് നോക്കുക നക്ഷത്രങ്ങളെ കാണുക.ശരിക്കും ഇത്തരം ക്ഷണങ്ങളെ നിരസിക്കാത്ത എടുത്ത് ചട്ടക്കാരിലൂടെയാണ് പ്രിയമുള്ളവരേ ദൈവം എന്നും അത്ഭുദങ്ങള്‍ കാട്ടിയിട്ടുള്ളത്.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...


 

Comments

leave a reply