Foto

റവ. ഡോ. സുജന്‍ അമൃതം ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

റവ. ഡോ. സുജന്‍ അമൃതം
ആലുവ പൊന്തിഫിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ

ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി റവ. ഡോ. സുജന്‍ അമൃതം നിയമിതനായി. മൂന്ന് വ്യക്തിഗതസഭകളിലെയും വൈദിക വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പഠിക്കുന്ന ലോകത്തിലെ ഏക കലാലയമായ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം അതിരൂപതയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റാണ് ഫാ. സുജന്‍.

പൂന്തുറ ഇടവകയില്‍ അമൃതം-ലൂര്‍ദ്ദ് ദമ്പതികളുടെ അഞ്ച് മക്കളില്‍ നാലാമത്തെ മകനായി 1970 ലാണ് ഫാ. സുജന്‍ ജനിച്ചത്. പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍വ്വഹിച്ചു. 1985 ല്‍ സെന്റ് വിന്‍സെന്റ്‌സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1988 മുതല്‍ 1994 വരെ ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. 1994 ഡിസംബര്‍ 27 ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തില്‍  നിന്ന് വൈദികപട്ടം സ്വീകരിച്ചു.

പേട്ട സെന്റ് ആന്‍സ് ഇടവകയിലും വെട്ടുകാട് മാദ്രേ ദേ ദേവൂസ് ഇടവകയിലും സഹവികാരിയായും 1994 മുതല്‍ 2003 വരെ ജീവനും വെളിച്ചവും മാസികയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണാന്തുറയുലും, മണ്‍വിളയിലും നെട്ടയത്തും ഇടവകവികാരിയായിരുന്നു.റോമിലെ സാന്താക്രോച്ചേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്് 2008 ല്‍ തത്വശാസ്ത്രത്തില്‍ ഡേക്ടറേറ്റ് നേടി. തിരുവനന്തപുരം അതിരൂപതയുടെ കെ.സി.എസ്. എല്‍. ഡയറക്റ്ററായും, വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്റ്ററായും,കോര്‍പ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതല്‍ ആലുവാ പൊന്തിഫിക്കല്‍ സെമിനാരിയിലെ സ്റ്റാഫാണ്. തത്വശാസ്ത്രവിഭാഗത്തിന്റെ അസ്സോസിയേറ്റ് ഡീനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയ്ക്കാണ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഫ്രാന്‍സിസ് പാപ്പായില്‍ നിന്നും നിയമനോത്തരവ് ലഭിക്കുന്നത്. സാധാരണയായി മൂന്ന് വര്‍ഷക്കാലയളവിലേക്കാണ് നിയമനം.

പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്ര തത്വശാസ്ത്ര കോഴ്‌സുകള്‍ കൂടാതെ ഭാഷാ കോഴ്‌സുകളും നല്‍കിവരുന്നു. റെഗുലര്‍ വിദ്യാര്‍ത്ഥികളായി 630 പേരും കേരളത്തിലെ വിവിധ സെന്ററുകളിലായും കറസ്‌പോണ്ടന്‍സായും ആയിരത്തോളം വിദ്യാര്‍ത്ഥികളും പഠിക്കുന്ന സ്ഥാപനമാണിത്.

Comments

leave a reply

Related News