Foto

ന്യൂനപക്ഷ വിരുദ്ധ വിദ്യാഭ്യാസ നിയമം റദ്ദാക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂനപക്ഷ വിരുദ്ധ വിദ്യാഭ്യാസ
നിയമം റദ്ദാക്കാന്‍ ഗുജറാത്ത്
ഹൈക്കോടതിയില്‍ ഹര്‍ജി

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും
നടത്താനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്ന നിയമം

ഗുജറാത്തിലെ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞുകൊണ്ട് നടപ്പാക്കിയ  വിദ്യാഭ്യാസ നിയമഭേദഗതി റദ്ദാക്കണമെന്ന അപേക്ഷയുമായി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഗ്രാന്റ്-ഇന്‍-എയ്ഡ് വിഭാഗം സ്ഥാപനങ്ങളുടെ നടത്തിപ്പും, വിദ്യാര്‍ത്ഥികളുടേയും, സ്റ്റാഫിന്റേയും നിയന്ത്രണവും സര്‍ക്കാരിന്റെ കൈകളില്‍ എത്തിക്കുകയാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന നിരീക്ഷണമാണ് ഹര്‍ജിയുടെ കാതല്‍.  

ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്തെ 4 കത്തോലിക്കാ രൂപതകള്‍ക്കു മാത്രം 181 സ്‌കൂളുകള്‍ ഉണ്ട്. ഇതില്‍ 63 സ്്കൂളുകള്‍ക്കു മാത്രമാണ് അധ്യാപരുടെ ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. കൂടാതെ മറ്റ് ക്രിസ്തീയ സഭകള്‍ക്കും വ്യക്തികള്‍ക്കും നിരവധി സ്്കൂളുകള്‍ ഗുജറാത്തിലുണ്ട്. ജൂതന്മാര്‍, മുസ്ലീങ്ങള്‍, ജൈനന്മാര്‍, മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, ഭാഷാ ഗ്രൂപ്പുകള്‍ എന്നിവ നടത്തുന്ന് ചില ന്യൂനപക്ഷ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കത്തോലിക്കാ സഭ നിയമ നടപടി സ്വീകരിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 (1) പ്രകാരം ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തുവാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് 'ദി ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ (ഭേദഗതി) ' നിയമമെന്ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി ഫാ. ടെലെസ് ഫെര്‍ണാണ്ടസ് പറഞ്ഞു.

ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലെ നിയമനങ്ങള്‍ക്കുള്ള അധികാരം ഇതുവരെ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരുന്നു.എന്നാല്‍, ഇനി മുതല്‍ ഗവണ്‍മെന്റിന്റെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി വഴി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുന്നത് ഗവണ്‍മെന്റ് നേരിട്ടായിരിക്കും. നേരത്തെ ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് ഒഴിവാക്കിയിരുന്ന ടീച്ചേഴ്‌സ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇനി എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാകും. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ നിയമനങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിരിക്കണമെന്നും അല്ലാത്ത പക്ഷം സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും നിയമത്തില്‍ പറയുന്നു. ക്രൈസ്തവര്‍ക്ക് പുറമേ, മുസ്ലീങ്ങളും, ജൈന സമൂഹത്തില്‍ നിന്നുള്ളവരും  ഈ നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ 26 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി  ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ  മതന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഇടമാക്കി സംസ്ഥാനത്തെ മാറ്റിയെന്ന ആരോപണം ഇതോടെ കൂടുതല്‍ ശക്തമായി. 17 വര്‍ഷമായി പ്രാബല്യത്തിലിരുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലും സംസ്ഥാനം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭേദഗതി വരുത്തിയിരുന്നു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതുപോലും 10 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന മതപരിവര്‍ത്തന ശ്രമമായിട്ടാണ് ഈ ഭേദഗതിയില്‍ പറയുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വരുമോയെന്ന ആശങ്കയുണ്ട്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News