Foto

വരവര റാവുവിന് ജാമ്യം; ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി പരിഗണനയ്ക്ക്

അനാരോഗ്യത്തിനു പുറമേ ഹാക്കര്‍മാര്‍ ലാപ്‌ടോപ്പില്‍ 'തെളിവുകള്‍' തിരുകിക്കയറ്റിയതായുള്ള യുഎസ്
ഫൊറന്‍സിക് സ്ഥാപനത്തിന്റെ  കണ്ടെത്തലും ഫാ. സ്റ്റാന്‍ സ്വാമിക്കു ഗുണകരമാകുമെന്ന് നിയമജ്ഞര്‍


നാലു മാസമായി മുംബൈ ജയിലില്‍ നരകിച്ചുകഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഫാ. സ്റ്റാന്‍ സ്വാമിക്കൊപ്പം ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണിത്. 80 കാരനായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി നാനാവതി ആശുപത്രിയില്‍ ചികിത്സയിലായ തനിക്ക ജാമ്യം അനുവദിക്കണമെന്നാണ് വരവര റാവു ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.

വരവര റാവുവിന് മറവിരോഗം ഉള്‍പ്പടെയുളള അസുഖങ്ങളുണ്ടായിരുന്നു. ജയിലിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് നാനാവതിയിലേക്ക് മാറ്റിയത്.വയോധികനും പാര്‍ക്കിണ്‍സണ്‍സ് രോഗ ബാധിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജിയും ഉടന്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തും.

എന്‍.ഐ.എ തടവിലാക്കിയ മലയാളി റോണ വില്‍സന്റെ കംപ്യൂട്ടറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറന്‍സിക് സ്ഥാപനം കണ്ടെത്തിയതിനു പിന്നാലെ, തന്റെ ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകിക്കയറ്റിയതിനെക്കുറിച്ച് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിനു മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിരുന്നതായുള്ള വെളിപ്പെടുത്തല്‍ ഈയിടെ പുറ്ത്തുവന്നതും ജാമ്യാപേക്ഷയ്ക്കു ബലമേകുമെന്ന് അഭിഭാഷകര്‍ കരുതുന്നു. ഫാ. സ്റ്റാന്‍ സ്വാമിയും റോണ വില്‍സനെപ്പോലെ ഹാക്കിംഗ് കുരുക്കില്‍ അകപ്പെട്ടെന്ന നിഗമനമാണുള്ളത്.

എല്‍ഗാര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ കഴിഞ്ഞ ഒക്ടാബറില്‍ അറസ്റ്റ് ചെയ്തത്. ഇതിനു വഴി തെളിച്ച് ലാപ്‌ടോപ്പില്‍ നിന്നെടുത്ത ചില ഫയലുകള്‍ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തതായും മൂന്നു തവണ ഫാ. സ്റ്റാന്‍ സ്വാമി മൊഴി നല്‍കിയിരുന്നു. ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് പൊലിസിന് കിട്ടിയ ചില മാവോയിസ്റ്റ് നേതാക്കളുടെ സംഭാഷണ ശകലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് എന്‍.ഐ എ കോടതിയെ അറിയിച്ചത്.

ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ കുടുക്കിയ 'തെളിവുകള്‍' ലാപ്‌ടോപ്പില്‍ ഹാക്കര്‍മാര്‍ തിരുകിയതാണെന്ന് വ്യക്തമാക്കിയുള്ള ഫോറന്‍സിക് പരിശോധനാ  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതിയില്‍ റോണ വില്‍സണെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുദീപ് പസ്‌ബോള അപേക്ഷ നല്‍കിക്കഴിഞ്ഞു.തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന്  ഹര്‍ജിയില്‍ പറയുന്നു. ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസിലെ മുഴുവന്‍ പ്രതികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഈ നിയമ നീക്കം.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത് റോണ വില്‍സണ്‍ ആണ്. ഫാ. സ്റ്റാന്‍ സ്വാമിയും സാമൂഹ്യപ്രവര്‍ത്തകരും ഗവേഷകരും പ്രൊഫസര്‍മാരും അഭിഭാഷകരും ഉള്‍പ്പെടെ മറ്റു 15 പേരുമാണ് ഇതുവരെ അറസ്റ്റിലായത്. പലരും അസുഖബാധിതരും അവശരുമാണ്.

അര്‍ബന്‍ നക്സലൈറ്റുകള്‍ എന്ന് മുദ്രകുത്തി സാമൂഹ്യപ്രവര്‍ത്തകരെയും അക്കാദമിസ്റ്റുകളെയുമെല്ലാം അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വക്താവ് ഇന്ത്യയിലെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ നിശബ്ദരാക്കുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിച്ചു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News