Foto

തീവ്രവാദികളെ വളര്‍ത്താന്‍ നൈജീരിയ കോടതികളെ വരുതിയിലാക്കുന്നതായി ക്രിസ്ത്യന്‍ നേതാക്കള്‍

 

രാജ്യത്ത് ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കവേ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ
ഗൂഢ ലക്ഷ്യം തുറന്നുകാട്ടി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ

 

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ ഇസ്ലാമികവല്‍ക്കരിക്കുന്നതിനുള്ള തന്ത്രമാണ് ഉന്നത ജഡ്ജിമാരുടെ നിയമനത്തിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സ്വജന പക്ഷപാതത്തിലൂടെ പുറത്തായിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍. നാഷണല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ (എന്‍ജെസി) അപ്പീല്‍ കോടതിയിലേക്കു നിയമനത്തിനായി ശുപാര്‍ശ ചെയ്ത 20 ജഡ്ജിമാരുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. ഇവരില്‍ 13 പേര്‍ മുസ്‌ളീങ്ങള്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

രാജ്യത്ത് ക്രൈസ്തവ നരഹത്യ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ഇത്തരം നിയമനങ്ങളിലൂടെ നീതിന്യായ വകുപ്പ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന അവസ്ഥ വരുമെന്ന ആശങ്ക ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) പങ്കു വയ്ക്കുന്നു. നിയമനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് അസോസിയേഷന്‍ (സി.എ.എന്‍) നേതൃത്വം പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് ആവശ്യപ്പെട്ടു.
നൈജീരിയയിലെ ചീഫ് ജസ്റ്റിസ്, അപ്പീല്‍ കോടതി പ്രസിഡന്റ്, ഫെഡറല്‍ ഹൈക്കോടതി ചീഫ് ജഡ്ജി എന്നീ പദവികള്‍ വഹിച്ചവരുടെ  വംശവും മതവും ഉള്‍്‌പ്പെടെയുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനെ സി.എ.എന്‍ വെല്ലുവിളിച്ചു.

മുഹമ്മദ് ബുഹാരിയുടെ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നൈജീരിയന്‍ നീതിന്യായ വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ 'നൈജീരിയന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ്' (എന്‍.എസ്.സി.ഐ.എ) ന്റെ അനുബന്ധമാക്കി മാറ്റിയെന്നും, എന്‍.എസ്.സി.ഐ.എ അംഗങ്ങള്‍ തന്നെയാണ് നീതിന്യായ വകുപ്പിലെ കാര്യങ്ങള്‍ നോക്കുന്നതെന്നും ക്രിസ്ത്യന്‍ നേതൃത്വം ചൂണ്ടിക്കാട്ടി. ശരിയായ നടപടിക്രമം പാലിക്കാതെ മുന്‍ ചീഫ് ജസ്റ്റിസ് വാള്‍ട്ടര്‍ ഒന്നോഘെനെ അധികാരത്തില്‍ നീക്കം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിച്ച സംഘടന, ക്രൈസ്തവരുടെ എണ്ണം പോലും പരിഗണിക്കാതെ ബോര്‍ഡ്, കമ്മിറ്റി തുടങ്ങിയവയുടെ തലപ്പത്ത് മുസ്ലീങ്ങളെ സ്ഥാപിച്ചതിനെ വിമര്‍ശിക്കുന്നു.തീരുമാനമെടുക്കുന്നതിലുള്ള സ്വാധീനം മുസ്ലീങ്ങള്‍ക്കായി.

'ക്രൈസ്തവരെ മാറ്റി നിര്‍ത്തിക്കൊണ്ട്, വംശീയപരമായ വൈവിധ്യം കണക്കിലെടുക്കാതെ ഈ വിവേചനം തുടര്‍ന്നാല്‍ അത് ഭരണകൂടത്തിന് തന്നെ വിനയാകു'മെന്ന് സി.എ.എന്‍ പ്രസിഡന്റ് സുപോ അയോകുന്‍ലെ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. 'ഭരണഘടനയോടു കൂറു പുലര്‍ത്തുന്ന നാമെല്ലാവരും- ക്രിസ്ത്യാനികളും മുസ്ലീങ്ങളും-  ഈ രാജ്യത്ത് ഭരണ പങ്കാളികളാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ വോട്ടുകള്‍ക്കു മൂല്യ വ്യത്യാസമില്ല. അതിനാല്‍ സുരക്ഷാ മേധാവികളെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ മുസ്ലിംകളോട് പക്ഷം ചേരുന്നത് ഭരണഘടനാ വിരുദ്ധമാണ്. മറ്റ് വംശീയ, മത വിഭാഗങ്ങളുടെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്നില്ല.'

കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ബോഡിയുടെ പ്രസ്താവനയില്‍ അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ '2020 കണ്‍ട്രി റിപ്പോര്‍ട്ട്‌സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രാക്ടീസസ്: നൈജീരിയ' എന്ന  റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളും പരാമര്‍ശ വിഷയമാക്കിയിട്ടുണ്ട്. 'പ്രധാനപ്പെട്ട പദവികള്‍ പരമ്പരാഗത ബന്ധങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക വംശീയ വിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കി' എന്നാണ് പരാമര്‍ശം.നൈജീരിയായില്‍ നടക്കുന്ന ക്രൂരമായ ക്രൈസ്തവ നരഹത്യയില്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിശബ്ദത പാലിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. അതേസമയം, സി.എ.എന്‍ പ്രസിഡന്റ് അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ഇസ്ലാമിക് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ സാലിസു ഷെഹു പറഞ്ഞു. 

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News